കവാത്ത് മറന്ന് കൊമ്പന്മാര്‍; ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി... ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും

Update: 2022-02-23 16:05 GMT

രണ്ടാം വരവില്‍ ബ്ലാസ്റ്റേഴ്സിന് തൊടുന്നതെല്ലാം പിഴക്കുകയാണ്. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ജയം നിര്‍ണായകമായ കളിയില്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് കവാത്ത് മറന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. 

മികച്ച ഫോമിലുള്ള ഒഗ്ബച്ചെയാണ് ആദ്യ പകുതിയില്‍ ഹൈദരാബാദിനെ മുന്നിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കളിയുടെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ഗോൾ പിറന്നത്. ഹാഫ് ലൈനിൽ നിന്നും ലഭിച്ച പന്ത് ബോക്സിനുള്ളിൽ നിന്നും ധനു ഒഗ്ബചെക്ക് മറിച്ചു നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന ഒഗ്ബചെ കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് നിറയൊഴിച്ചു. 87 ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹൃദയം തകര്‍ത്ത് ജാവിയര്‍ സിവേരിയോ ഹൈദരാബാദിനായി ലീഡുയര്‍ത്തിയത്. 

Advertising
Advertising

ബിന്‍സി ബരേറ്റോയാണ് കേരളത്തിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറി ടൈമിന്‍റെ അവസാന മിനുട്ടിലായിരുന്നു ബരേറ്റോ ഗോള്‍.

ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. 35 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ഹൈദരാബാദ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച മട്ടാണ്. 27 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും. ലീഗില്‍ മൂന്ന് കളികള്‍ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിനെ ഇനിയുള്ള കളികളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്ലേ ഓഫിലെത്തിക്കില്ല. മുംബൈയുമായി അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന മത്സരം ഇതോടെ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News