പ്രൈവറ്റ് ജെറ്റ്, ക്യാംപ്‌നൗവിൽ സ്വന്തമായി മുറി, സഹോദരന് കമ്മിഷൻ... മെസ്സി ബാഴ്‌സയോട് ആവശ്യപ്പെട്ടത്

ഒമ്പത് ഉപാധികളില്‍ ഏഴെണ്ണവും ബാഴ്സ അംഗീകരിച്ചു

Update: 2022-09-21 11:31 GMT
Editor : abs | By : Web Desk
Advertising

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽനിന്ന് ഇതിഹാസ താരം ലയണൽ മെസ്സി മറ്റൊരു ക്ലബിലേക്ക് കൂടുമാറുന്നത് കുറച്ചുകാലം മുമ്പു വരെ അചിന്ത്യമായിരുന്നു. എന്നാൽ ഫുട്‌ബോൾ ലോകത്തെ മുഴുവൻ സ്തബ്ധമാക്കി 2021ലെ ട്രാൻസ്ഫർ സീസണിൽ മെസ്സി ഫ്രഞ്ച് ചാമ്പ്യൻ ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറി. കളിച്ചു വളർന്ന ക്ലബിന്റെ സാമ്പത്തികനില മോശമായതിനെ തുടർന്നു കൂടിയായിരുന്നു മെസ്സിയുടെ കൂടുമാറ്റം. ഇതോടൊപ്പം സൂപ്പര്‍ താരം മുമ്പോട്ടു വച്ച ആവശ്യങ്ങൾ ക്ലബിന് കണ്ടെത്താനായുമില്ല.

സ്‌പെയിനിലെ ഏറ്റവും വലിയ ദിനപത്രമായ എൽ മുണ്ടോ റിപ്പോർട്ടു ചെയ്യുന്നത് പ്രകാരം ഒമ്പത് ഉപാധികളാണ് മെസ്സി ക്ലബിന് മുമ്പിൽ വച്ചത്. ഇതിൽ ഏഴെണ്ണവും ക്ലബ് അംഗീകരിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അവയിങ്ങനെ;

1- മൂന്നു വർഷം കരാർ നീട്ടി നൽകൽ: 33-ാം വയസ്സിൽ മൂന്നു വർഷത്തേക്കു കൂടി മെസ്സിയുടെ കരാർ നീട്ടുന്നതിന് ക്ലബിന് സമ്മതമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ താരം വേഗക്കുറവിന്റെ അടയാളങ്ങള്‍ തെല്ലും നൽകാത്ത സാഹചര്യത്തിൽ വിശേഷിച്ചും.

2- തനിക്കും സുവാരസിനും സ്വന്തം മുറി: വ്യക്തിപരമായ ആവശ്യമായിരുന്നു ഇത്. ക്യാംപ്‌നൗവിൽ കളി നടക്കുന്ന വേളയിൽ സ്വന്തം കുടുംബത്തിനും സഹതാരം ലൂയിസ് സുവാരസിനും സ്വകാര്യ ആഡംബര മുറികള്‍  വേണമെന്നായിരുന്നു മെസ്സിയുടെ ആവശ്യം. 

3- 10 ദശലക്ഷം യൂറോ റിനീവൽ ബോണസ്: ഈ വർഷം പിഎസ്ജിക്കായി കിലിയൻ എംബാപ്പെ കരാർ പുതുക്കുന്ന വേളയിലാണ് ഫുട്‌ബോൾ ലോകം റിനീവൽ ബോണസിനെ കുറിച്ച് കേൾക്കുന്നത്. എന്നാൽ ഫ്രഞ്ച് താരത്തിനു മുമ്പെ, 2020ൽ തന്നെ മെസ്സി ഈയൊരാവശ്യം ബാഴ്‌സയ്ക്ക് മുമ്പിൽ വച്ചിരുന്നു. 

4- റിലീസ് ക്ലോസ് വേണ്ട: സ്‌പെയിനിലെ എല്ലാ ടീമുകളും റിലീസ് ക്ലോസ് പിന്തുടരുന്നുണ്ട്. താരം മറ്റൊരു ക്ലബിലേക്ക് പോകുമ്പോൾ കളിക്കുന്ന ക്ലബിന് നൽകേണ്ട തുകയാണിത്. 2020ൽ മെസ്സിയുടെ റിലീസ് ക്ലോസ് 700 ദശലക്ഷം യൂറോ ആയിരുന്നു. അത് മാറ്റി പതിനായിരം യൂറോയുടെ പ്രതീകാത്മക റിലീസ് ക്ലോസ് ആക്കാൻ മെസ്സി ആവശ്യപ്പെട്ടു. 

5- ശമ്പളം പുനഃസ്ഥാപിക്കണം: കോവിഡിനെ തുടർന്ന് പ്രതിഫലത്തിൽ മൂന്നു ശതമാനം കുറവു വരുത്താൻ ബാഴ്‌സ താരങ്ങൾ തീരുമാനിച്ചിരുന്നു. അത് മൂന്നു ശതമാനം പലിശസഹിതം തിരിച്ചുനൽകാൻ മെസ്സി ആവശ്യപ്പെട്ടു.

6-സ്വകാര്യവിമാനം: ക്രിസ്മസിന് അര്‍ജന്‍റീനയിലേക്ക് പോകാന്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റ്.

7- ശമ്പള വർധനവ്: സ്പാനിഷ് സർക്കാർ നികുതികൾ വർധിപ്പിച്ച സാഹചര്യത്തിൽ വരുമാനത്തിൽ വരുന്ന വ്യത്യാസം ക്ലബ് നികത്തണം. നികുതി കഴിച്ചു തന്നെ നിശ്ചിത പ്രതിഫലം ലഭിക്കണം.

8- സഹായിയെ വേണം: ക്ലബിലെ അവസാന വർഷങ്ങളിൽ കൂടെയുണ്ടായിരുന്ന പെപെ കോസ്റ്റയെ പേഴ്‌സണൽ അസിസ്റ്റൻഡായി നിലനിർത്തണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ സേവനം ക്ലബ് അവസാനിപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു.

9- സഹോദരന് കമ്മിഷൻ: സഹോദരൻ റോഡിഗ്രോ മെസ്സിക്ക് റനീവൽ ബോണസായി കമ്മിഷൻ നൽകണം. യുവതാരം അൻസു ഫാതിയുടെ കരാർ പുതുക്കാൻ നിർണായക പങ്കുവച്ച റോഡിഗ്രോയ്ക്ക് കമ്മിഷൻ നൽകാൻ ബാഴ്‌സ സന്നദ്ധമായിരുന്നു.

ഒമ്പത് ഉപാധികളിൽ രണ്ട് ഉപാധികളാണ് ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബർതോമു നിരസിച്ചത്. റിലീസ് ക്ലോസ് പതിനായിരം യൂറോയാക്കി മാറ്റണമെന്നതായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത്, സൈനിങ് ബോണസായി പത്തു ദശലക്ഷം യൂറോ നൽകണമെന്നതും. ചർച്ചകൾ വഴി മുട്ടിയതോടെ മെസ്സി ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

21 വര്‍ഷം തുടര്‍ച്ചയായി ബാഴ്സയ്ക്ക് കളിച്ച ശേഷം, 2021 ആഗസ്റ്റിലാണ് ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ പിഎസ്ജിക്കു വേണ്ടി മെസ്സി അരങ്ങേറിയത്. പിഎസ്ജിയുമായി 2023 വരെയുള്ള കരാർ അവസാനിക്കുന്ന മുറയ്ക്ക് മെസ്സി വീണ്ടും ബാഴ്‌സയിൽ തിരിച്ചെത്തുമെന്നും റിപ്പോർട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News