വിയ്യാറയലിന്റെ ഹൃദയം തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ

ആദ്യ പാദ മത്സരം 2-0 ന് ലിവർപൂൾ ജയിച്ചിരുന്നു

Update: 2022-05-04 04:33 GMT
Editor : Dibin Gopan | By : Web Desk

മാഡ്രിഡ്: വിയ്യാറയലിനെ തോൽപ്പിച്ച് ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിൽ. രണ്ടാംപാദ സെമിയിൽ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശം. ആദ്യ പാദ മത്സരം 2-0 ന് ലിവർപൂൾ ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 5-2നാണ് ലിവർപൂളിന്റെ ജയം. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലിവർപൂളിന്റെ തിരിച്ചുവരവ്. ഇന്നു നടക്കുന്ന റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി മൽസര വിജയികളാവും ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ.

ആദ്യ പകുതിയിൽ വിയ്യാറയൽ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ ലിവർപൂൾ ഞെട്ടി. മൂന്നാം മിനിറ്റിൽ ബൂലോ ഡിയയിലൂടെ വിയ്യാറയൽ മുന്നിലെത്തി. 41ാം മിനിറ്റിൽ ഫ്രാൻസിസ് കോക്വിൽ വിയ്യാറയലിനായി വീണ്ടും വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ മടക്കാൻ ആക്രമിച്ച് കളിച്ച ലിവർപൂൾ 62ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഫാബിഞ്ഞോയുടെ വക ഗോൾ. വിയ്യാറയൽ ഗോൾ കീപ്പർ റൂളിയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ.

Advertising
Advertising

അഗ്രിഗേറ്റിൽ വീണ്ടും ലിവർപൂൾ മുന്നിൽ. അഞ്ചുമിനിറ്റിനുള്ളിൽ രണ്ടാംപാദത്തിലെ സമനിലഗോളടിച്ച് ലിവർപൂൾ അഗ്രിഗേറ്റിൽ രണ്ടുഗോൾ ലീഡ് നേടി. ലൂയിസ് ഡിയാസാണ് ലിവർപൂളിനായി സ്‌കോർ ചെയ്തത്. 74ാം മിനിറ്റിൽ സൂപ്പർതാരം സാദിയോ മാനെയുടെ ഗോൾ ലിവർപൂളിന്റെ ഫൈനൽ പ്രവേശം ഉറപ്പിച്ചു.

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദസെമിയിൽ ഇന്ന് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യപാദത്തിലെ ജയം മാഞ്ചസ്റ്റർ സിറ്റിക്ക് മേൽക്കൈ നൽകുന്നു. എന്നാൽ സ്വന്തം മൈതാനത്ത് മത്സരം നടക്കുന്നത് റയലിന് പ്രതീക്ഷ നൽകുന്നുണ്ട്.രാത്രി 12.30നാണ് മൽസരം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News