ഗോളടിച്ച് ലൂയിസ് ഡയസും സലാഹും; വോൾവ്‌സിനെ തോൽപിച്ച് ലിവർപൂൾ, 2-1
ജയത്തോടെ 60 പോയന്റുമായി പ്രീമിയർലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു
Update: 2025-02-16 17:33 GMT
ലണ്ടൻ: പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ വോൾവ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. ലൂയിസ് ഡയസും(15) പെനാൽറ്റിയിലൂടെ മുഹമ്മദ് സലാഹും(37) ലക്ഷ്യംകണ്ടു. വോൾവ്‌സിനായി മത്തേയുസ് കുനിയ(67) ആശ്വാസ ഗോൾ നേടി. ജയത്തോടെ പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്തിനുള്ള ഭീഷണി ഒഴിവാക്കാനുമായി. നിലവിൽ 60 പോയന്റുമായി ചെമ്പട തലപ്പത്ത് തുടരുന്നു. രണ്ടാമതുള്ള ആർസനലുമായി ഏഴ് പോയന്റിന്റെ മേധാവിത്വമാണുള്ളത്.
ഈ സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി കളിച്ച 40 മാച്ചിൽ 30ലും ജയിക്കാൻ ആർനെ സ്ലോട്ടിനും സംഘത്തിനുമായി. യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളിൽ കളിക്കുന്ന ടീമുകളിൽ ഒന്നാമതാണ് ലിവർപൂൾ.