അർജന്റീനയുടെ പുതിയ താരോദയം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; ഇംഗ്ലീഷ് ക്ലബിന്റെ മാസ്റ്റർ സ്‌ട്രോക്ക്

ക്ലോഡിയോ എച്ചെവേരിയുമായി കരാറിലെത്താൻ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി

Update: 2023-12-28 08:00 GMT
Editor : Sharafudheen TK | By : Web Desk

ലണ്ടൻ: അർജന്റീനയുടെ അണ്ടർ 17 ലോകകപ്പ് താരം ക്ലോഡിയോ എച്ചെവേരിയുമായി കരാറിലെത്താൻ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ലാറ്റിനമേരിക്കൻ ക്ലബ് റിവർ പ്ലേറ്റിൽ നിന്ന് 25 മില്യൺ യൂറോക്കാണ് (21.7 മില്യൺ പൗണ്ട്) കൗമാരതാരത്തെ ക്ലബിലെത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മാസം ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ എച്ചെവേരി ഹാട്രിക് നേടിയിരുന്നു. കരാറിലെത്തുമെങ്കിലും ഒരുവർഷത്തേക്ക് 17കാരൻ ലോണിൽ അർജന്റീനയിൽതന്നെ തുടർന്നേക്കും. 2025ൽ മാത്രമാകും സിറ്റിയിലേക്കെത്തുക.ലയണൽ മെസിയുടെ പിൻഗാമിയായാണ് അറ്റാക്കിങ് മിഡ്ഫീൽഡർ എച്ചെവേരി അറിയപ്പെടുന്നത്.

Advertising
Advertising



മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണയിൽ തുടരാനായിരുന്നു താരത്തിന് താൽപര്യം. എന്നാൽ സാമ്പത്തിക നിയന്ത്രണം നിലനിൽക്കുന്നതിനാൽ കരാറിലെത്താൻ സ്പാനിഷ് ക്ലബിന് സാധിക്കില്ല. ഇതോടെയാണ് സിറ്റിയിലേക്ക് കൂടുമാറാനൊരുങ്ങുന്നത്. ചെൽസിയടക്കമുള്ള ഇംഗ്ലീഷ് ക്ലബുകളും എച്ചെവേരിക്കായി രംഗത്തുണ്ടായിരുന്നു.

2022 ജനുവരിയിൽ റിവർ പ്ലേറ്റിൽ നിന്ന് ജൂലിയൻ അൽവാരെസിനെ സമാനമായ കരാറിൽ സിറ്റി ടീമിലെത്തിച്ചിരുന്നു. ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ സജീവമാകുന്നതോടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. പെപ് ഗാർഡിയോളക്ക് താൽപര്യമുള്ളതിനാൽ അർജന്റീനൻ താരവുമായി ദീർഘകാല കരാറിലെത്താവനാണ് സാധ്യത. അതേസമയം, ഇംഗ്ലീഷ് താരം കാൽവിൻ ഫിലിപ്പ്‌സിനെ ക്രിസ്റ്റൽ പാലസിന് വിൽക്കാനും സിറ്റിക്ക് പദ്ധതിയുണ്ട്. ന്യൂകാസിലും യുവന്റസും താരത്തിനായി രംഗത്തുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News