യുണൈറ്റഡിനെ വീഴ്ത്തി കമ്യൂണിറ്റി ഷീൽഡിൽ മുത്തമിട്ട് സിറ്റി; ജയം ഷൂട്ടൗട്ടിൽ

പെപ് ഗ്വാർഡിയോള യുഗത്തിൽ സിറ്റിയുടെ 18ാം കിരീടമാണിത്.

Update: 2024-08-10 17:30 GMT
Editor : Sharafudheen TK | By : Sports Desk

വെംബ്ലി: അത്യന്തം ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (7-6) കീഴടക്കി മാഞ്ചസ്റ്റർ സിറ്റി കമ്യൂണിറ്റി ഷീൽഡ് ചാമ്പ്യൻമാർ. മുഴുവൻ സമയവും ഇരുടീമുകളും 1-1 സമനിലപാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അലചാൻഡ്രോ ഗർണാചോ (82) യുണൈറ്റഡിനായും ബെർണാഡോ സിൽവ (89) സിറ്റിക്കായും വലകുലുക്കി. പെപ് ഗ്വാർഡിയോള യുഗത്തിൽ സിറ്റിയുടെ 18ാം കിരീടമാണിത്. സിറ്റിയടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേർസൺ മാഞ്ചസ്റ്റർ ഡർബി മാച്ചിലെ ഹീറോയായി.

Advertising
Advertising

  പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത സിറ്റിയുടെ ബെർണാഡോ സിൽവിക്ക് പിഴച്ചതോടെ യുണൈറ്റഡിന് പ്രതീക്ഷ വർധിച്ചിരുന്നു. മറുഭാഗത്ത് ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സിറ്റി നിരയിൽ കെവിൻ ഡിബ്രുയിനെയും എർലിങ് ഹാളണ്ടും അനായാസം കിക്ക് വലയിലാക്കി. ഡീഗോ ഡലോട്ട്,  ഗർണാചോ എന്നിവർ മറുഭാഗത്തും ലക്ഷ്യംകണ്ടു. സിറ്റിക്കായി ആദ്യമായി കളത്തിലിറങ്ങിയ സാവീഞ്ഞ്യോയും ഗോൾനേടി.

എന്നാൽ മറുഭാഗത്ത് ജോഡൻ സാഞ്ചോയുടെ ഷോട്ട് എഡേർണർ തട്ടിയകറ്റുകയും പോസ്റ്റിൽ തട്ടി പുറത്തുപോകുകയും ചെയ്തു. ഇതോടെ മത്സരം വീണ്ടും തുല്യമായി. സിറ്റി നിരയിൽ എഡേർസൺ, മാത്യുയൂസ് ന്യൂനസ്, റൂബൻ ഡയസ്, മാനുവൽ അക്കാൻജി എന്നിവരും ആന്ദ്രെ ഒനാനെയെ കബളിപ്പിച്ചു. മറുഭാഗത്ത് കസമിറോയും സ്‌കോട്ട് മാക് ടോമിനിയും സിസാൻഡ്രോ മാർട്ടിനസും ഗോൾനേടിയെങ്കിലും ജോണി ഇവാൻസിന്റെ ഷോട്ട് പോസ്റ്റിന് ഏറെ ദൂരെ പുറത്തേക്ക് പോയി. ഇതോടെ സിറ്റിയ്ക്ക് വീണ്ടുമൊരു കിരീടം. കഴിഞ്ഞ എഫ്.എ കപ്പ് ഫൈനലിൽ യുണൈറ്റഡിനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി മാറിയിത്.

 വിരസമായ ആദ്യ പകുതിക്ക് ശേഷം ഇരുടീമുകളും ആക്രമിച്ച് കളിച്ചതോടെ അവസാന 45 മിനിറ്റ് ആവേശമായി. ഇരുടീമുകളും മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. 53ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ബോക്‌സിന് പുറത്തുനിന്ന് മികച്ചൊരു ഷോട്ടിലൂടെ വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുടുങ്ങുകയായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News