'42 വർഷത്തെ കാത്തിരിപ്പാണ്...'; ഓൾഡ് ട്രഫോർഡിൽ യുണൈറ്റഡിനെ വീഴ്ത്തി വോൾവ്‌സ്

ഓള്‍ഡ് ട്രാഫോര്‍ഡില്‍ അലറിവിളിക്കുന്ന യുണൈറ്റഡ് ആരാധകരെ നിശബ്ദരാക്കി വോള്‍വ്സിന്‍റെ വിജയാഹ്ളാദം. ചുവന്ന ചെകുത്താന്മാരുടെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നാല് പതിറ്റാണ്ടിന് ശേഷമാണ് വോള്‍വ്സിന്‍റെ ജയം

Update: 2022-01-04 08:11 GMT

അങ്ങനെ 42 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചു. ചുവന്ന ചെകുത്താന്മാരുടെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നാല് പതിറ്റാണ്ടിന് ശേഷം വോള്‍വ്സിന് ആദ്യ ജയം. പുതുവര്‍ഷത്തില്‍ മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വിയോടെ തുടക്കം. മാഞ്ചസ്റ്ററിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വോള്‍വ്സ് പരാജയപ്പെടുത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ അലറിവിളിക്കുന്ന യുണൈറ്റഡ് ആരാധകരെ നിശബ്ദരാക്കിയായിരുന്നു വോള്‍വ്സിന്‍റെ വിജയാഹ്ളാദം. 1980 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് വോള്‍വ്സ് അവസാനമായി ഓൾഡ് ട്രഫോഡിൽ ജയിക്കുന്നത്.

ദയനീയമായായിരുന്നു മാഞ്ചസ്റ്ററിന്‍റെ തുടക്കം. സന്ദർശകരായ വോൾവ്സ് ആകട്ടെ തുടക്കത്തില്‍ തന്നെ മികച്ചുനിന്നു. ആദ്യ പകുതിയില്‍ തന്നെ നിരവധി അവസരങ്ങൾ അവര്‍ സൃഷ്ടിച്ചു. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. റുബെൻ നെവസിന്‍റെ ഒരു വോളി ഉൾപ്പെടെ രണ്ട് മികച്ച സേവുകൾ ഡിഹിയ ആദ്യ പകുതിയിൽ തന്നെ നടത്തിയത് മാഞ്ചസ്റ്ററിന് രക്ഷയായി. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതിയെ കളിയിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്.

Advertising
Advertising

രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിനെ യുണൈറ്റഡ് കളത്തിൽ എത്തിച്ചു. ബ്രൂണോ വന്നതോടെ യുണൈറ്റഡിന്‍റെ ആക്രമണത്തിന് മൂര്‍ച്ച കൂടി. അതിനിടെ ബ്രൂണോയുടെ ഒരു കിടിലന്‍ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് യുണൈറ്റഡിന് ദൌര്‍ഭാഗ്യമായി. പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡ്ഡറിലൂടെ നേടിയ ഗോൾ ലൈൻ റഫറി ഓഫ് സൈഡും വിളിച്ചു. മറുവശത്ത് 75ആം മിനുട്ടിൽ സൈസിന്‍റെ ഫ്രീകിക്കും പോസ്റ്റിൽ തട്ടി മടങ്ങി.

ഒടുവില്‍ മത്സരത്തിന്‍റെ 82ആം മിനുട്ടിൽ വോൾവ്സിന്‍റെ കഠിനാധ്വാനത്തിന് ഫലം കണ്ടു. പെനാല്‍റ്റി ബോക്സിന്‍റെ തൊട്ടുമുന്‍പില്‍ നിന്നു കിട്ടിയ പന്ത് കൃത്യമായി വലയിലേക്ക് തൊടുത്തുവിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളു ജാവോ മൗട്ടീഞ്ഞോയ്ക്ക്. ഒരു ഗോള്‍ ലീഡ് വഴങ്ങിയതോടെ മാഞ്ചസ്റ്റര്‍ തളര്‍ന്നു. അവസാന 10 മിനുട്ടില്‍ യുണൈറ്റഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്‍ജുറി ടൈമിന്‍റെ അവസാന മിനുട്ടില്‍ ബോക്സിന് തൊട്ടടുത്ത് നിന്നുള്ള ബ്രൂണോയുടെ വെടിയുണ്ട ഫ്രീകിക്ക്  വോള്‍വ്സ് ഗോളി തടഞ്ഞതോടെ യുണൈറ്റഡിന്‍റെ വിധി എഴുതപ്പെട്ടുകഴിഞ്ഞു. അങ്ങനെ ചുവന്നുതുടുത്ത ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡിന് വോള്‍വ്സിനോട് പരാജയം സമ്മതിക്കേണ്ടി വന്നു.

ജയത്തോടെ ഒന്‍പതാം സ്ഥാനത്തുനിന്ന് വോള്‍വ്സ് എട്ടാം സ്ഥാനത്തെത്തി. തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. 19 കളിയിൽ 31 പോയിന്‍റാണ് യുണൈറ്റഡിനുള്ളത്. അത്രതന്നെ കളിയില്‍ നിന്ന് വോള്‍വ്സിന് 28 പോയിന്‍റും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News