'മെസ്സി, മെസ്സി, മെസ്സി, മെസ്സി.. അസ്സലാം'; മെസ്സി ഗോളിൽ കത്തിപ്പടർന്ന അറബിക് കമന്ററി- വീഡിയോ

മെസ്സിയുടെ വേഗത്തിനൊപ്പം ചടുലമായ ഭാഷയിലായിരുന്നു കമന്ററി

Update: 2021-09-10 06:52 GMT
Editor : abs | By : Web Desk
Advertising

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ എണ്ണംപറഞ്ഞ മൂന്നു ഗോളുകളുമായി ലയണൽ മെസ്സി കളം നിറഞ്ഞതാണ് ഇന്ന് ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ വിശേഷം. ഏറ്റവും കൂടുതൽ ഗോൾ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന ഖ്യാതിയും പെലെയെ മറികടന്ന് മെസ്സിക്ക് സ്വന്തമായി.

അതിവേഗ ഡ്രിബിളിങ്ങും അപാര മെയ്‌വഴക്കവുമായി സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് കളിയിൽ താരം പുറത്തെടുത്തത്. അതിമനോഹരമായിരുന്നു മൂന്നു ഗോളുകളും. അതിൽ ഏറെ ചാരുതയാർന്നത് ആദ്യത്തെ ഗോൾ. 14-ാം മിനിറ്റിൽ മൂന്ന് ബൊളീവിയൻ പ്രതിരോധക്കാരെ നിസ്സഹായരാക്കി ഗോൾകീപ്പർ കാർലോസ് ലാംബെയ്ക്ക് ഒരവസരവും കൊടുക്കാതെ ബോക്‌സിനു വെളിയിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ.

മത്സരം സംപ്രേഷണം ചെയ്ത ബിഇൻ സ്‌പോർട്‌സ് വൺ ചാനലിന്റെ അറബിക് കമന്ററിയും ഗോളിനൊപ്പം വൈറലായി. മെസ്സിയുടെ വേഗത്തിനൊപ്പം ചടുലമായ ഭാഷയിലായിരുന്നു കമന്ററി. 'മെസ്സി, മെസ്സി, മെസ്സി, മെസ്സി... അസ്സലാം, അല്ലാഹ്, അല്ലാഹ്, അല്ലാഹ്... ബികുറതിൻ ജമീലതിൻ റാഇഅതിൻ മുമയ്യസ കാനത്....' ഇങ്ങനെ പോകുന്നു കമന്ററി. അതുപതിനായിരത്തിലേറെ പേരാണ് ചുരുങ്ങിയ സമയം കൊണ്ട് കമന്ററിയടങ്ങുന്ന വീഡിയോ കണ്ടത്. 

64, 87 മിനിറ്റുകളാണ് മെസ്സിയുടെ ബാക്കി രണ്ടു ഗോളുകൾ. 153 മത്സരങ്ങളിൽ നിന്നാണ് താരം രാജ്യാന്തര ഗോൾ നേട്ടം 79 ആക്കി ഉയർത്തിയത്. അർജന്റീനയ്ക്കു വേണ്ടിയുള്ള മെസ്സിയുടെ ഏഴാമത്തെ ഹാട്രിക്കാണിത്. 14 കലണ്ടർ വർഷത്തിനിടെ ഒരു ഹാട്രിക്കെങ്കിലും നേടുന്ന ആദ്യത്തെ കളിക്കാരൻ കൂടിയായി മെസ്സി.

മത്സരത്തിനു ശേഷം മെസ്സി ആനന്ദക്കണ്ണീരണിഞ്ഞതും ആരാധകർ ഏറ്റെടുത്തു. വിഖ്യാത ട്രാൻസ്ഫർ ജേണലിസ്റ്റ് ഫബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇതിന്റെ വീഡിയോ പങ്കുവച്ചു. വീഡിയോ ഓഫ് ദ ഡേ എന്നാണ് റൊമാനോ ഇതിനെ വിശേഷിപ്പിച്ചത്. ഹാട്രികിലും മനോഹരമായിരുന്നു അദ്ദേഹത്തിന്റെ കണ്ണീരെന്ന് അദ്ദേഹം കുറിച്ചു.

ആഹ്ളാദമടക്കാനാകാതെ മെസ്സി

ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണിതെന്ന് മത്സര ശേഷം മെസ്സി പ്രതികരിച്ചു. 'ഇതിനേക്കാൾ മനോഹരമായി ആഘോഷിക്കാനുള്ള വഴിയില്ല. അമ്മയും സഹോദരങ്ങളും ഇവിടെയുണ്ട്. അവർ എനിക്കായി ഒരുപാട് സഹിച്ചിട്ടുണ്ട്. അവരും ആഘോഷിക്കുന്നു. ഞാൻ സന്തോഷവാനാണ്. ഇതിനായി ഒരുപാട് കാലമായി കാത്തിരിക്കുന്നു. ഇതിനാണ് വന്നത്. ഇതേക്കുറിച്ച് സ്വപ്‌നം കണ്ടിയിരുന്നു. ഇത് വിശേഷപ്പെട്ട നിമിഷമാണ്' - അദ്ദേഹം പറഞ്ഞു. 

28 വർഷത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. സ്റ്റേഡിയത്തിലെ 21000 കാണികൾക്ക് മുമ്പിൽ ട്രോഫിയുമായി മെസ്സിയും സംഘവും നൃത്തവും ചെയ്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News