'ദേശീയ ടീമിൽ കളിക്കാൻ പോയപ്പോൾ കാരണം പോലും പറയാതെ പിരിച്ചുവിട്ടു, ജോലി തിരികെ വേണം'; ആവശ്യവുമായി മുഹമ്മദ് റാഫിയും

2008ലാണ് റാഫിക്ക് ആരോഗ്യവകുപ്പിൽ ജോലി നൽകിയത്. എന്നാൽ ദേശീയ ടീമിൽ കളിച്ചു വന്നപ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു

Update: 2023-08-11 04:33 GMT
Advertising

മലയാളി ഫുട്ബോൾ താരങ്ങളുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. സർക്കാർ ജോലി നൽകിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ഫുട്ബോളർ മുഹമ്മദ് റാഫിയാണ് ഇപ്പോൾ രംഗത്ത് വന്നത്. 2004ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവർക്ക് ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 2008ലാണ് ജോലി നൽകിയത്. ആരോഗ്യവകുപ്പിലായിരുന്നു നിയമനം. എന്നാൽ പ്രൊഫഷനൽ രംഗത്ത് കളിക്കാനായി അഞ്ച് വർഷത്തെ ദീർഘ അവധിയെടുത്ത് പോയ താരത്തിന് പിന്നീട് ജോലിയില്ലാതായി. 2010ലും 2011ലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 2010 നവംബറിൽ കുവൈത്തിനെതിരെ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി റാഫി ഗോൾ നേടിയിരുന്നു. ലോകകപ്പ് സൗഹൃദ മത്സരത്തിലടക്കം കളിച്ച താരത്തെ കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്നാണ് അദ്ദേഹം മീഡിയവണിനോട് പറഞ്ഞത്. തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിരവധി എംഎൽഎമാരെ കണ്ടുനോക്കിയെന്നും ഇനിയിപ്പോൾ ആരോട് പറയാനാണെന്നും അദ്ദേഹം പ്രതികരിച്ചു.

സർക്കാർ ജോലിയിൽ നിയമനം കിട്ടിയ താരങ്ങൾക്ക് പ്രൊഫഷണൽ ലീഗ് കളിക്കാൻ മറ്റു സംസ്ഥാനങ്ങൾ അനുമതി നൽകുന്നുണ്ടെന്നും എന്നാൽ ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ജോലിക്ക് അപേക്ഷിച്ചപ്പോൾ നൽകാതെ, ഇപ്പോൾ വയസ്സായെന്ന് പറയുന്നതിൽ എന്തർത്ഥം' അദ്ദേഹം ചോദിച്ചു. ജോലിക്ക് അപേക്ഷിക്കാൻ ഫുട്‌ബോൾ താരങ്ങളായ അനസ് എടത്തൊടികയും, റിനോ ആന്റോയും വൈകിയത് കൊണ്ടാണ് സർക്കാർ ജോലി ലഭിക്കാതെ പോയതെന്ന് യു ഷറഫലി പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെ അനസ് എടത്തൊടിക രംഗത്ത്‌വന്നിരുന്നു. ജോലി ലഭിക്കാൻ യാചിക്കണോയെന്നും ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്നും അനസ് തുറന്നടിച്ചു.

Full View

'ദേശീയ താരമായിട്ടും ജോലിക്കു വേണ്ടി യാചിക്കേണ്ട അവസ്ഥയാണ്. കെഞ്ചി ജോലി ലഭിക്കേണ്ടത് ഒരു മോശം അവസ്ഥയാണ്. അപേക്ഷിക്കാൻ വൈകിയത് കൊണ്ടാണ് ജോലി ലഭിക്കാതെ പോയതെന്നാണെന്നല്ലോ സർക്കാരിന്റെ വാദം. അപ്ലിക്കേഷൻ കിട്ടാതെ എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കുക. രണ്ട് തവണ ഇതേ ജോലിക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരോടും സംസാരിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നും നടപ്പിലായില്ലെന്ന് മാത്രം.

പൈസ കിട്ടുക എന്നതിലുപരി കേരള സർക്കാർ നൽകുന്ന ഒരു അംഗീകാരമായാണ് ജോലിയെ കാണുന്നത്. ഒരു കോൺസ്റ്റബിൾ ആകാൻ പോലുമുള്ള യോഗ്യത എനിക്കില്ലേ. എനിക്ക് 31ാം വയസ്സിൽ ജോലി തരാൻ പറ്റില്ലെന്ന് പറയുന്നു. ഐ.എം വിജയന് 37ാം വയസ്സിൽ ജോലി കൊടുക്കുന്നു. ഇതിനെ അവഗണന എന്നല്ലാതെ മറ്റെന്താണ് പറയുക. ഒരുപാട് താരങ്ങൾ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. നീലക്കുപ്പായത്തിനെ അടിച്ചമർത്തി എന്നു പറയാം. ചില മുതിർന്ന താരങ്ങളാണ് ജോലി ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നതെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്'. അനസ് പറഞ്ഞു.

അതിനിടെ, യു. ഷറഫലിയുടെ പരാമർശത്തിനെതിരെ റിനോ ആന്റോയും രംഗത്ത് വന്നു. വൈകിയാണ് അപേക്ഷിച്ചതെന്ന വാദം തെറ്റാണ്. രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്നും റിനോ മീഡിയവണിനോട് പറഞ്ഞു.

'പ്രൊഫഷണൽ ഫുട്ബോൾ കളിക്കുമ്പോൾ തന്നെയാണ് ജോലിക്ക് അപേക്ഷിച്ചത്. എന്നെക്കാൾ പ്രായമുള്ളവർക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. ഒരിക്കലും സ്പെഷൻ കാറ്റഗറി മാറ്റണമെന്നും പറഞ്ഞിട്ടില്ല. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ പോകുകയും വിരമിക്കാറായപ്പോഴാണ് ജോലിക്ക് അപേക്ഷ നൽകിയതെന്നുമാണ് യു. ഷറഫലി പറഞ്ഞത്. അത് തെറ്റാണ്. പ്രൊഷണൽ കളിക്കാൻ പോയി തിരിച്ചുവന്ന എത്രയോ പേർക്ക് ജോലി കൊടുത്തിട്ടുണ്ട്. ജോലിക്ക് തടസം നിൽക്കുന്നതിൽ മുതിർന്ന താരങ്ങളുമുണ്ടാകാം'. താൻ ഇപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം കൂടിയായ റിനോ ആന്റോ പറഞ്ഞു.

Controversy related to the government jobs of Malayali footballers: Indian footballer Mohammad Rafi also came forward against Sports Council President U Sharafali.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News