ഡ്യൂറന്റ് കപ്പിൽ നോർത്ത് ഈസ്റ്റ് ചരിതം; ബഗാനെ ഷൂട്ടൗട്ടിൽ കീഴടക്കി ആദ്യ കിരീടം

മോഹൻ ബഗാനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ഗോൾ നേടി

Update: 2024-08-31 14:42 GMT
Editor : Sharafudheen TK | By : Sports Desk

കൊൽക്കത്ത: പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി ഡ്യൂറന്റ് കപ്പ് കിരീടത്തിൽ മുത്തമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യമായാണ് നോർത്ത് ഈസ്റ്റ് ഡ്യൂറന്റ് കപ്പിൽ മുത്തമിടുന്നത്. ഷൂട്ടൗട്ടിൽ രണ്ട് സേവുകളുമായി ഗോൾകീപ്പർ ഗുർമീത്ത് സിങ് നോർത്ത് ഈസ്റ്റ് രക്ഷകനായി. മുഴുവൻ സമയവും ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ (4-3) വിജയമാണ് സ്വന്തമാക്കിയത്.

Advertising
Advertising

 സ്വന്തം തട്ടകമായ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ 18ാം ഡ്യൂറന്റ് കപ്പ് കിരീടം തേടിയിറങ്ങിയ മോഹൻ ബഗാനാണ് ആദ്യം ഗോൾനേടിയത്. മലയാളി താരം സഹൽ അബ്ദുൽ സമദിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കമ്മിങ്‌സ് അനായാസം വലയിലാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തിൽ സഹൽ കൊൽക്കത്തൻ ക്ലബിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.

എന്നാൽ രണ്ടാം പകുതിയിൽ കളിശൈലി മാറ്റിയ നോർത്ത് ഈസ്റ്റ് ശക്തമായി മത്സരത്തിലേക്ക് മടങ്ങിയെത്തി. 55ാം മിനിറ്റിൽ മൊറോക്കൻ താരം അലാഡിനെ അജറയിലൂടെ ആദ്യ ഗോൾ മടക്കി. എട്ട് മിനിറ്റിന് ശേഷം ഗിലെറെമോയിലൂടെ വീണ്ടും വലകുലുക്കി(2-2) മത്സരത്തിൽ ഒപ്പത്തിനൊപ്പമെത്തി. അവസാന മിനിറ്റിൽ വിജയഗോളിനായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ലക്ഷ്യംകണ്ടില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഡ്യൂറന്റ് കപ്പിൽ പഞ്ചാബ് എഫ്.സിയോടും ബെംഗളൂരു എഫ്.സിയോടും ഷൂട്ടൗട്ടിൽ വിജയം നേടിയ ബഗാന് നോർത്ത് ഈസ്റ്റിനെതിരെ കാലിടറി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News