പെലെക്കൊപ്പമെത്തി നെയ്മർ; ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ

77 ഗോളാണ് പെലെ മഞ്ഞപ്പടക്കായി നേടിയിരുന്നത്

Update: 2022-12-09 19:31 GMT
Advertising

ഫിഫ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ അതിനിർണായക സമയത്ത് ടീമിന് ലീഡ് നേടിക്കൊടുത്ത ഗോളിലൂടെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് സുപ്രധാന റെക്കോർഡ്. ടീമിന് വിജയിക്കാനായില്ലെങ്കിലും ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതിഹാസ താരം പെലെക്കൊപ്പമെത്തുകയായിരുന്നു ആരാധകരുടെ സുൽത്താൻ. 77 ഗോളാണ് പെലെ മഞ്ഞപ്പടക്കായി നേടിയിരുന്നത്. ഇന്ന് അധിക സമയത്തിന്റെ ആദ്യ പകുതിയിൽ 106ാം മിനുട്ടിൽ നെയ്മർ തന്റെ 77ാമത് ഗോൾ നേടുകയായിരുന്നു. ഖത്തർ ലോകകപ്പിൽ താരത്തിന്റെ രണ്ടാം ഗോൾ കൂടിയായിരുന്നിത്. നേരത്തെ സ്വിറ്റ്‌സർലൻഡിനെതിരെയാണ് നെയ്മർ ഗോളടിച്ചിരുന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ എട്ട് ഗോളെന്ന റെക്കോർഡിനൊപ്പവും ബ്രസീൽ സൂപ്പർതാരം എത്തിയിരിക്കുകയാണ്.

ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിൽ ആദ്യ ഇരുപകുതികളിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ശേഷമാണ് നെയ്മർ കാനറികളെ മുന്നിലെത്തിച്ചത്. പക്ഷേ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യൻ പട സമനില പിടിച്ചു. തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ ക്രൊയേഷ്യ വീഴ്ത്തുകയായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ കോട്ടക്കുള്ളിൽ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്.

പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല.

106ാം മിനുട്ടിലാണ് നെയ്മർ ഗോളടിച്ച് കാനറികൾക്ക് ലീഡ് നൽകിയത്. എന്നാൽ അധിക സമയം കഴിയും മുമ്പേ 117ാം മിനുട്ടിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രോട്ടുകൾ സമനില പിടിച്ചു. ഒർസിചാണ് ഗോളിലേക്ക് അസിസ്റ്റ് നൽകിയത്. നേരത്തെ 106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്.

നേരത്തെ പലവട്ടം ഇരുടീമുകളും മുന്നേറ്റം നടത്തിയിരുന്നു. 13-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം. 20-ാം മിനിറ്റിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങി.

41-ാം മിനിറ്റിൽ പെനാൾട്ടി ബോക്സിന് തൊട്ടുപുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും നെയ്മറിന്റെ കി്ക്ക ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.

ബ്രസീൽ നിര: (4231) റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, നെയ്മർ, റഫീന്യ, കസമിറോ, ലുക്കാസ് പക്വേറ്റ, ഡാനിലോ, തിയാഗോ സിൽവ, മാർകീന്യോസ്, എഡർ മിലിറ്റാവോ, അലിസൺ ബെക്കർ

ക്രൊയോഷ്യൻ നിര: (433) പസാലിച്ച്, ക്രമാരിച്ച്, പെരിസിച്ച്, ലൂക്കാ മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, ജുറാനോവിച്ച്, ലോവേൺ, ഗ്വാഡിയോൾ, സോസ, ലിവാക്കോവിച്ച്‌

Neymar joins Pele as Brazil's all-time best goalscorer

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News