നെയ്മര്‍ പി.എസ്.ജി വിടുന്നു; ചെൽസിയിലേക്കെന്ന് റിപ്പോർട്ട്

നെയ്മറിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് പി.എസ്.ജി തലവൻ നാസർ അൽഖലൈഫിയുമായി ചെൽസിയുടെ സഹ ഉടമ ടോഡ് ബോയ്‌ലി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു

Update: 2023-02-16 11:58 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ബ്രസീൽ സൂപ്പർ താരം നെയ്മർ പി.എസ്.ജി വിടുന്നു. ഇംഗ്ലീഷ് കരുത്തരായ ചെൽസിയാണ് താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. നെയ്മറിനെ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് 'ഇ.എസ്.പി.എൻ' റിപ്പോർട്ട് ചെയ്യുന്നു.

നീക്കത്തിന്റെ ഭാഗമായി പി.എസ്.ജി പ്രസിഡന്റ് നാസർ അൽഖലൈഫിയുമായി ചെൽസിയുടെ സഹ ഉടമ ടോഡ് ബോയ്‌ലി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഫ്രാൻസിലെ ആർക് ഡ ട്രിയോംഫിനടുത്തുള്ള ഒരു ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. നെയ്മറിനെ കൈമാറുന്ന നടപടിക്രമങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.

ചെൽസി താരം ഹക്കീം സിയേഷിന്റെ ട്രാൻസ്ഫറിൽ സംഭവിച്ച വീഴ്ചയും കൂടിക്കാഴ്ചയിൽ ചർച്ചയായതായി 'ഇ.എസ്.പി.എൻ' റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ അവസാനിച്ച കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സിയേഷിനെ പി.എസ്.ജിക്ക് കൈമാറാൻ ചെൽസി കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, സമയം അവസാനിക്കുംമുൻപ് താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട രേഖകൾ ചെൽസി ഫ്രഞ്ച് ലീഗ് അധികൃതർക്ക് നൽകിയിരുന്നില്ല. ഇതിനുമുൻപ് മൂന്നു തവണ തെറ്റായ വിവരങ്ങളടങ്ങിയ രേഖകൾ കൈമാറിയതായും റിപ്പോർട്ടുണ്ടായിരുന്നു.

'നെയ്മറിനെ ഇനിയും താങ്ങാനാകില്ല'-പി.എസ്.ജിയുടെ കണക്കുകൂട്ടൽ

നെയ്മറെ വിൽക്കാൻ നേരത്തെ തന്നെ പി.എസ്.ജി നീക്കമുണ്ടായിരുന്നു. എന്നാൽ, വൻ തുക ശമ്പളം വാങ്ങുന്ന താരത്തെ സ്വീകരിക്കാൻ ഒരു ക്ലബും സന്നദ്ധമായിട്ടില്ല. 30 മില്യൻ യൂറോ(ഏകദേശം 265 കോടി രൂപ) ആണ് ക്ലബ് ശമ്പളമായി നെയ്മറിനു നൽകുന്നത്. ഇത്രയും ഭീമമായ തുക നൽകി താരത്തെ നിലനിർത്തേണ്ടെന്ന ആലോചനയിലാണ് നിലവിൽ ക്ലബുള്ളത്. 2027ലാണ് കരാർ കാലാവധി അവസാനിക്കുന്നതെങ്കിലും അത്രയും കാലം വൻ ചെലവിൽ താരത്തെ നിലനിർത്തേണ്ടെന്ന നിലപാടിലാണ് ടീം.

മെസിയും എംബാപ്പെയും മുൻനിരയിലുണ്ടാകുമ്പോൾ നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് പി.എസ്.ജി വിലയിരുത്തൽ. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പി.എസ്.ജി താൽപര്യമറിയിച്ചിരുന്നു. എന്നാൽ, 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. എന്നാൽ, ഇത്തവണ വേണമെങ്കിൽ വില കുറയ്ക്കാനും ക്ലബ് ഒരുക്കമായി. 60 മില്യൻ യൂറോ വരെ താഴാൻ ഒരുക്കമാണെന്നാണ് അറിയിച്ചിരുന്നത്.

2017ൽ 200 മില്യൻ യൂറോ എന്ന റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കുന്നത്. ഇതിനുശേഷം ടീമിന്റെ അവിഭാജ്യ ഘടകമാണ് നെയ്മർ. ആറ് സീസണുകളിലായി 165 മത്സരങ്ങളിൽനിന്നായി 115 ഗോൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് നെയ്മർ. 73 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

2021ൽ ക്ലബുമായി നെയ്മർ പുതിയ കരാറിൽ ഒപ്പുവച്ചിരുന്നു. 2027ലാണ് ഇതിന്റെ കാലാവധി തീരുന്നത്. നിലവിൽ നെയ്മറിനു വേണ്ടി വൻതുകയാണ് ശമ്പളയിനത്തിൽ ക്ലബ് നൽകുന്നത്. ആഴ്ചയിൽ ആറു ലക്ഷം പൗണ്ട് ആണ് താരത്തിന് ലഭിക്കുന്നത്. താരത്തെ പുറത്തുവിട്ടാൽ വൻതുക ലാഭിക്കാനാകുമെന്നാണ് ടീം കണക്കുകൂട്ടൽ.

Summary: PSG president Nasser al Khelaifi and Chelsea co-owner Todd Boehly met on Tuesday in Paris to discuss transfer of Neymar: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News