വീണ്ടുമൊരു ഏഷ്യൻ അട്ടിമറി സംഭവിക്കുമോ? ദക്ഷിണ കൊറിയ ഉറുഗ്വയെ നേരിടുന്നു

ദക്ഷിണ കൊറിയയുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് ടോട്ടനം മുന്നേറ്റനിര താരം സണാണ്

Update: 2022-11-24 13:56 GMT
Advertising

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ യുറുഗ്വേ-ദക്ഷിണ കൊറിയ മത്സരം ആരംഭിച്ചു. 4-3-3 ശൈലിയിലാണ് യുറഗ്വേ ടീമിനെ അണിനിരത്തിയതെങ്കിൽ ദക്ഷിണ കൊറിയ 4-2-3-1 എന്ന ശൈലിയിലാണ് മത്സരത്തിനിറങ്ങിയത്.

മികച്ച ഫോമിലാണ് യുറുഗ്വേ. 15 വർഷം പരിശീലകനായിരുന്ന തബാരെസിനെ പുറത്താക്കിയെങ്കിലും പകരക്കാരനായി എത്തിയ അലോൻസോയ്ക്ക് കീഴിൽ യുറുഗ്വേ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അലോൻസോ ചുമതലയേൽക്കുന്ന സമയത്ത് ലോകകപ്പ് യോഗ്യത നേടാൻ നാല് ജയങ്ങളാണ് യുറുഗ്വേയ്ക്ക് വേണ്ടിയിരുന്നത്. ആ നാലിലും ജയം നേടാൻ അവർക്കായി.

ഇനി ടീമിലേക്ക് വന്നാൽ, സുവാരസും, നുനെസും കവാനിയും മാക്‌സി ഗോമസും നിറയുന്ന യുറുഗ്വേയുടെ ആക്രമണ നിര ശക്തമാണ്. റയൽ മാഡ്രിഡിന്റെ മധ്യനിരയ്ക്ക് ശക്തിപകരുന്ന വൽവർദെയും ടോട്ടനത്തിന്റെ ബെന്റാക്കറും യുറുഗ്വേയുടെ മധ്യനിരയ്ക്ക് കരുത്താണ്. പ്രതിരോധക്കോട്ടയ്ക്ക് കാവൽനിൽക്കുന്നത് ഗോഡിനും ഒലിവേറയുമാണ്. ഗോൾ വല കാക്കുന്നത് റോച്ചറ്റും.

മറുവശത്ത് ദക്ഷിണ കൊറിയയുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് ടോട്ടനം മുന്നേറ്റനിര താരം സണാണ്. ശസ്ത്രക്രിയക്ക് ശേഷം മൈതാനത്തേക്ക് തിരിച്ചെത്തുന്ന താരത്തിൽ വലിയ പ്രതീക്ഷയാണ് ദക്ഷിണ കൊറിയക്ക് ഉള്ളത്. ഒളിമ്പിയാക്സിന് വേണ്ടി പന്ത് തട്ടുന്ന ഹോങ് ഇൻ ബിയോം മധ്യനിരയ്ക്ക് കരുത്താണ്. നാപോളിയുടെ കിം മിൻ ജേയാണ് പ്രതിരോധനിരയുടെ കാവൽക്കാരിൽ പ്രമുഖൻ. കിം സെങ് ജുവാണ് ഗോൾവലയുടെ കാവൽക്കാരൻ.

അനായാസ ജയം നേടി മൂന്ന് പോയിന്റ് സ്വന്തമാക്കാനായി യുറുഗ്വേ ഇറങ്ങുമ്പോൾ മറ്റൊരു അട്ടിമറി ജയത്തിനാണ് ദക്ഷിണ കൊറിയയുടെ ശ്രമം.

ടീം ലൈനപ്പ് :

യുറുഗ്വേ - റോച്ചറ്റ്, കസാരസ്, ഗോഡിൻ, ഗിമനസ്, ഒലിവേറ, വൽവർദെ, വെസിനോ, ബെന്റാകർ, പെല്ലിസ്ട്രി, സുവാരസ് ,നുനെസ്

ദക്ഷിണ കൊറിയ- കിം സെങ് ജു, കിം മൂൺ ഹാം, കിം മിൻ ജേ, കിം യങ് ഗാൻ,കിം ജിൻ സു, ഹോങ് ഇൻ ബിയോം, ജോ വു യങ്, ലീ ജേ സങ്, സൺ ഹോങ് മിൻ, നാൻ സാങ് ഹോ, ഹോങ് യു ജോ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News