എൽ ക്ലാസികോ ജയിച്ച് റയൽ; വിനീഷ്യസ് ചിറകിലേറി സൂപ്പർ കോപ്പ കിരീടം

13-ാം സൂപ്പർ കോപ്പ കിരീടമാണ് അറബ് മണ്ണിൽ സ്വന്തമാക്കിയത്.

Update: 2024-01-15 10:00 GMT
Editor : Sharafudheen TK | By : Web Desk

റിയാദ്: എൽ ക്ലാസികോയിൽ വിജയകൊടി പാറിച്ച് റയൽ മാഡ്രിഡ്. സൗദി അൽ അവാൽ സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ ബാഴ്‌സലോണയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തകർത്തത്. റയലിനായി ബ്രസീൽതാരം വിനീഷ്യൻ ജൂനിയർ ഹാട്രിക് നേടിയപ്പോൾ മറ്റൊരു ബ്രസീൽ താരമായ റോഡ്രിഗോയും വല കുലുക്കി. റോബർട്ട് ലെവൻഡോവ്‌സികിയിലൂടെയാണ് ബാഴ്‌സ ആശ്വാസ ഗോൾ നേടിയത്. 13-ാം സൂപ്പർ കോപ്പ കിരീടമാണ് അറബ് മണ്ണിൽ ടീം സ്വന്തമാക്കിയത്.

കളിയുടെ തുടക്കം മുതൽ റയൽ വ്യക്തമായ ആധിപത്യം പുലർത്തി. ആദ്യ പത്തു മിനിറ്റുള്ളിൽ കറ്റാലൻ പോസ്റ്റിലേക്ക് രണ്ട് തവണ ഗോളടിച്ച് കയറ്റി. ഏഴ്, പത്ത് മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്റെ ക്ലിനിക്കൽ ഫിനിഷ്. 33ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്‌കിയിലൂടെ ഗോൾനേടി ബാഴ്‌സ തിരിച്ചുവരുന്നതിന്റെ സൂചന കാണിച്ചെങ്കിലും റയൽ ആക്രമണത്തെ തടഞ്ഞു നിർത്താനായില്ല. 38-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയൽ വീണ്ടും മുന്നിലെത്തി. ബോക്‌സിൽ വിനീഷ്യസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രസീലിയൻ അനായാസം വലയിലാക്കി ഹാട്രിക് കുറിച്ചു.

Advertising
Advertising

രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ റോഡ്രിഗോ കൂടി ഗോൾ കണ്ടെത്തിയതോടെ സ്‌കോർ നിലയിൽ റയൽ 4-1ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ഒരുഘട്ടത്തിൽ പോലും മത്സരത്തിലേക്ക് തിരിച്ചു വരാൻ ബാഴ്‌സക്ക് കഴിഞ്ഞില്ല. വിനീഷ്യസിനെ വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാർഡും വാങ്ങി പ്രതിരോധ താരം റൊണാൾഡോ അരോജോ മടങ്ങിയതോടെ അവസാന അരമണിക്കൂർ പത്തുപേരുമായാണ് ബാഴ്‌സ കളിച്ചത്.

സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിൽ ഗോൾനേട്ടം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ജനപ്രിയ സിയു സ്റ്റൈലിലാണ് വിനീഷ്യസ് ആഘോഷിച്ചത്. ഈ സമയം വിഐപി ഗ്യാലറിയിൽ കാഴ്ചക്കാരനായി ക്രിസ്റ്റ്യാനോയുമുണ്ടായിരുന്നു. സൗദി പ്രോ ലീഗിൽ അൽ നസറിന്റെ ഹോം ഗ്രൗണ്ടാണ് ഫൈനൽ നടന്ന അൽ അവ്വാൽ. മത്സരശേഷം ഗോൾനേട്ടം ക്രിസ്റ്റിയാനോക്ക് സമർപ്പിക്കുന്നതായി വിനീഷ്യസ് പറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News