ഇഞ്ചുറി ടൈം ത്രില്ലറിൽ മയ്യോർക്കയെ തോൽപിച്ച് റയൽ; കിരീടത്തിനായി ബാഴ്‌സക്ക് കാത്തിരിക്കണം
അടുത്തമാച്ചിൽ എസ്പാനിയോളിനെ തോൽപിച്ചാൽ ബാഴ്‌സക്ക് കിരീടമുറപ്പിക്കാനാകും
മാഡ്രിഡ്: ഇഞ്ചുറി ടൈമിൽ യുവതാരം ജാക്കോബോ റാമോൺ നേടിയ ഗോളിൽ മയ്യോർക്കയെ തോൽപിച്ച് റയൽ(2-1). സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ ജയം. റയലിന് വേണ്ടി കിലിയൻ എംബാപ്പെ(68), യുവതാരം ജാക്കോബോ റാമോൺ(90+5) എന്നിവർ ലക്ഷ്യംകണ്ടു. മയ്യോർക്കയ്ക്ക് വേണ്ടി മാർട്ടിൻ വലിയന്റയാണ്(11) ആശ്വാസഗോൾ നേടിയത്. ഇതോടെ കിരീടമുറപ്പിക്കാൻ ബാഴ്‌സലോണക്ക് കാത്തിരിക്കണം.
റയലിനെ ഞെട്ടിച്ച് മയ്യോർക്കയാണ് ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയിൽ ഒരു ഗോൾ ആധിപത്യത്തിൽ മത്സം പൂർത്തിയാക്കാനുമായി. മാർട്ടിൻ വലിയന്റായിരുന്നു റയലിന്റെ വല കുലുക്കിയത്. രണ്ടാംപകുതിയുടെ 68-ാം മിനിറ്റിൽ റയൽ കിലിയൻ എംബാപ്പെയിലൂടെ ഗോൾ തിരിച്ചടിച്ചു. ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റിലായിരുന്നു സൂപ്പർതാരം വലകുലുക്കിയത്.
സമനില ഗോളിന് ശേഷം വിജയം കണ്ടെത്താൻ റയൽ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ റാമോണിന്റെ ഗോളിൽ റയൽ ജയവും മൂന്ന് പോയന്റും ഉറപ്പിച്ചു. നിലവിൽ 36 മത്സരങ്ങളിൽ 78 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാംസ്ഥാനത്ത് തുടരുന്നു. അതേസമയം ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സ 82 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. വ്യാഴാഴ്ച രാത്രി എസ്പാൻയോളിനെ തോൽപിച്ചാൽ ബാഴ്‌സലോണക്ക് ലാലീഗ കിരീടം സ്വന്തമാക്കാം.