സന്തോഷ് ട്രോഫി; ഗുജറാത്തിനെ തകര്‍ത്ത് സര്‍വീസസിന് ആദ്യ ജയം

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് ഗുജറാത്തിനെ തകര്‍ത്തത്

Update: 2022-04-19 12:52 GMT

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. സര്‍വീസസിനായി നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിങ്, പിന്‍റു മഹാത എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ജയ് കനാനിയുടെ വകയാണ് ഗുജറാത്തിന്‍റെ ആശ്വാസ ഗോള്‍.

ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെ ഇറക്കിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായി ആണ് സര്‍വീസസ് ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. 20ാം  മിനുട്ടിലാണ് ഗുജറാത്ത്  ലീഡെടുത്തത്. വലത് വിങ്ങില്‍ നിന്ന് പ്രണവ് രാമചന്ദ്ര കന്‍സെ സര്‍വീസസ് പ്രതിരോധ താരത്തെ മറികടന്ന് ഫസ്റ്റ് ബോക്‌സിലേക്ക് നല്‍ക്കിയ പാസില്‍ ജയ്കനാനി ഗോളാക്കി മാറ്റി. 

Advertising
Advertising

45ാം മിനിറ്റില്‍ സര്‍വീസസ് സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറ്റം നടത്തി റൊണാള്‍ഡോ ബോക്‌സിലേക്ക് നല്‍കിയ പാസ് ഗുജറാത്ത് പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു നിഖില്‍ ശര്‍മക്ക് ലഭിച്ചു. നിഖില്‍ അതനായാസം ഗോളാക്കി മാറ്റി.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ സര്‍വീസസിന്‍റെ ആക്രമണമാണ് കണ്ടത്. തുടരെ ഗുജറാത്ത് ബോക്‌സിലേക്ക് ആക്രമണം നടത്തിയ സര്‍വീസസ് 49ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി. വിവേക് കുമാര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചപന്ത് ഗുജറാത്ത് പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി കൃഷ്ണകണ്ഠ സിങിന്‍റെ കാലിലേക്ക്. കൃഷ്ണകണ്ഠ അനായാസമത് ഗോളാക്കി മാറ്റി.

85ാം  മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് കൃഷ്ണകണ്ഠ സിങ് നല്‍ക്കിയ പാസ് പിന്‍റു മഹാത മനോഹരമായൊരു ഹെഡറിലൂടെ വലയിലെത്തിച്ചു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News