‘ഫൈനലിസിമ വരുന്നു’; അർജന്റീന-സ്പെയിൻ പോരാട്ടത്തിന്റെ തീയ്യതി ഇങ്ങനെ
മാഡ്രിഡ്: ഫുട്ബോൾ ആരാധകരുടെ ആകാംക്ഷയേറ്റി ഫൈനലിസിമ’ പോരാട്ടത്തിന് തീയ്യതി കുറിച്ചതായി വാർത്തകൾ. കോപ്പ അമേരിക്കൻ ജേതാക്കളായ അർജന്റീനയും യൂറോകപ്പ് ചാമ്പ്യൻമാരായ സ്പെയിനും തമ്മിലുള്ള പോരാട്ടത്തിന് ഇരു ഫുട്ബോൾ ഫെഡറേഷനുകളും ധാരണയായതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫിഫ കലണ്ടറിൽ ഒഴിവുള്ള 2026 മാർച്ച് 26നും 31നും ഇടയിലായാണ് മത്സരം നടത്തുക.ഇരുടീമുകളും ലോകകപ്പ് യോഗ്യത നേടിയാൽ മാത്രമാകും മത്സരം ഒരുക്കുക. അർജന്റീന ഇതിനോടകം തന്നെ ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്.
1985ലും 1993ലും നടത്തിയിരുന്ന അർതെമ്യോ ഫ്രാഞ്ചി കപ്പിന്റെ തുടർച്ചയായാണ് ഫൈനലിസിമ പോരാട്ടം പൊടിതട്ടിയെടുത്തത്. 2022ൽ കോപ്പ ജേതാക്കളായ അർജന്റീനയും യൂറോ ജേതാക്കളായ ഇറ്റലിയും തമ്മിൽ വെംബ്ലി സ്റ്റേഡിയത്തിൽ ഫൈനലിസിമ പോരാട്ടത്തിൽ ഏറ്റുമുട്ടിയിരുന്നു. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീനയാണ് കിരീടം നേടിയത്.
ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ഒരു ശക്തിതെളിയിക്കൽ മത്സരം കൂടിയായി ഇത് മാറും. 2026 ജൂൺ 11 മുതൽ അമേരിക്കയിലാണ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്.