ഡി.കെ ആഞ്ഞടിച്ചിട്ടും അടുത്തെത്തിയില്ല; ഹൈദരാബാദിന്റെ റൺമല താണ്ടാനാകാതെ ആർ.സി.ബി

Update: 2024-04-15 18:30 GMT
Editor : safvan rashid | By : Sports Desk
Advertising

ബംഗളൂരു: റൺമഴ പെയ്തുതീർന്നപ്പോൾ ചിന്നസ്വാമി സാക്ഷിയായത് ട്വന്റി 20 മത്സരത്തിലെ റെക്കോർഡ് സ്കോറിന്. മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ചേർന്ന് അടിച്ചെടുത്തത് 549 റൺസ്!. ഒരു ട്വന്റി 20മത്സരത്തിൽ ഇത്രയും സ്കോർ പിറക്കുന്നത് ഇതാദ്യമായാണ്. സൺ​​റൈസേഴ്സ് ഉയർത്തിയ 287 റൺസിന്റെ റെക്കോർഡ് സ്കോർ പിന്തുടർന്നിറങ്ങിയ ആർ.സി.ബി അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും 25 റൺസകലെ പോരാട്ടം അവസാനിച്ചു. 35 പന്തിൽ 83 റൺസെടുത്ത ദിനേശ് കാർത്തിക് മത്സരത്തിന്റെ അവസാനം വരെ ബംഗളൂരുവിനായി പൊരുതിനോക്കി. 28 പന്തിൽ 62 റൺസെടുത്ത ഫാഫ് ഡു​െപ്ലസിസ്, 20 പന്തിൽ 42 റൺസെടുത്ത വിരാട് കോഹ്‍ലി എന്നിവരും ബെംഗളൂരുവിനായി ആഞ്ഞടിച്ചു. ആറുമത്സരങ്ങളിൽ നാലുജയവുമായി സൺറൈസേഴ്സ് നാലാംസ്ഥാനത്തുള്ളപ്പോൾ ഏഴിൽ ആറും തോറ്റ ​ബംഗളൂരു അവസാനസ്ഥാനത്ത് തുടരുകയാണ്.

ചിന്നസ്വാമിയിൽ സ്വന്തം റെക്കോർഡ് തിരുത്തിയെഴുതിയാണ് സൺറൈസേഴ്സ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഈ സീസണിലാദ്യം മുംബൈ ഇന്ത്യൻസിനെതിരെ നേടിയ സ്വന്തം റെക്കോർഡ് പഴങ്കഥയാക്കിയ ഹൈദരാബാദ് 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് അടിച്ചുകൂട്ടിയത്. 41 പന്തിൽ 102 റൺസ് അടിച്ചുകൂട്ടിയ ട്രാവിസ് ഹെഡ്, 31 പന്തിൽ 67 റൺസെടുത്ത ഹെന്റിച്ച് ക്ലാസൻ എന്നിവർ ചേർന്നാണ് ബംഗളൂരുവിനെ തല്ലിയോടിച്ചത്. 10 പന്തിൽ 37 റൺസെടുത്ത അബ്ദുൽ സമദും 17 പന്തിൽ 32 റൺസെടുത്ത മാർക്രമും 22 പന്തിൽ 34 റൺസെടുത്ത അഭിഷേക് ശർമയും ഒത്ത പിന്തുണ നൽകി. 22 സിക്സറുകളാണ് ഹൈദരാബാദ് ബാറ്റർമാർ പറപ്പിച്ചത്.

ടോസ് ​നേടി ബൗളിങ് തെരഞ്ഞെടുത്ത നായകൻ ഫാഫ് ഡു​​െപ്ലസിയു​ടെ തീരുമാനം ബൗളർമാർ ആദ്യം മുതേലേ തെറ്റിച്ചു. മുഹമ്മദ് സിറാജ്, ​െഗ്ലൻ മാക്സ്വെൽ, കാമറൂൺ ​ഗ്രീൻ എന്നിവരില്ലാതെ ആദ്യ ഇലവൻ ഇറക്കിയ ബംഗളൂരുവിനായി ലോക്കി ഫെർഗൂസൺ ആദ്യ ഇലവനിൽ ഇടം പിടിച്ചു. റീസ് ടോപ്ലി 68 റൺസും വിജയകുമാർ വൈശാഖ് 64ഉം യാഷ് ദയാൽ 51ഉം ലോക്കി ഫെർഗൂസൺ 52ഉം റൺസാണ് വിട്ടുകൊടുത്തത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News