യൂറോപ്യൻ ചാമ്പ്യൻമാരും ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരും ഖത്തറിൽ വെച്ച് ഏറ്റുമുട്ടും
ഫിഫയുടെ തിരക്കേറിയ ഫിക്സ്ചർ കാരണമാണ് 2025 ൽ നടക്കേണ്ട ഫൈനലിസ്സിമ 2026 ലേക്ക് നീണ്ടത്
ദോഹ: ലോകകപ്പിന് ഒപ്പം തന്നെ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് അർജന്റീനയും സ്പെയിനും തമ്മിലെ ഫൈനലിസ്സിമ. യൂറോപ്യൻ ചാമ്പ്യൻമാരും ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പ്. 2024 ൽ യൂറോ കപ്പും കോപ്പാ അമേരിക്കയും അവസാനിച്ചതു മുതൽ ഇരു ടീമുകളും തമ്മിലെ പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
മൂന്ന് തവണയാണ് ഫുട്ബോൾ ചരിത്രത്തിൽ ഫൈനലിസ്സിമ നടന്നിട്ടുള്ളത്. മൂന്ന് തവണയും യൂറോ, കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പുകൾക്ക് ഒരു വർഷത്തിന് ശേഷമാണ് ഫൈനലിസിമ നടക്കാറുളളത്. ഫിഫയുടെ തിരക്കേറിയ ഫിക്സ്ചർ കാരണമാണ് 2025 ൽ നടക്കേണ്ട ഫൈനലിസ്സിമ 2026 ലേക്ക് നീണ്ടത്. ലയണൽ മെസി ലോകകപ്പ് ഉയർത്തിയ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് 2026 മാർച്ച് 27 നാണ് ഫൈനലിസ്സിമ നടത്താനായി നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ സ്പെയിൻ യൂറോപ്യൻ ക്വാളിഫയറിൽ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്യുകയാണെങ്കിൽ ഫൈനലിസിമയുടെ കാര്യം അനിശ്ചിതത്വത്തിലാവും. നിലവിൽ ഗ്രൂപ്പ് ഇയിൽ ടർക്കിക്ക് മുന്നിലായി ഒന്നാമതാണ് സ്പെയിൻ. എന്നാൽ ജോർജിയയുമായും ടർക്കിയുമായും നടക്കാനിരിക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്യേണ്ടി വരും. അങ്ങനെയാണെങ്കിൽ മാർച്ചിൽ തന്നെ നടക്കാനിരിക്കുന്ന പ്ലേയോഫ് കളിക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ ഫൈനലിസിമയുടെ ഡേറ്റുമായി ക്ലാഷ് വരാൻ സാധ്യതയുണ്ട്. ഇതൊരു സാധ്യത മാത്രമാണ്.
ലോകകപ്പിനു മുമ്പായി ഫുട്ബോൾ ലോകം കാണാൻ പോവുന്ന വമ്പൻ പോരാട്ടമായിരിക്കും ഫൈനലിസിമ. മെസിയും യമാലും തമ്മിലെ പോരാട്ടം കാണാനായി ഫുട്ബോൾ ലോകം കട്ട വെയിറ്റിംഗിലാണ്