'സഹലിനെ മിസ് ചെയ്യുന്നുണ്ടോ?'; വുകുമനോവിച്ചിന്റെ ഉത്തരം ഇങ്ങനെ

സഹൽ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക് ചേക്കേറിയത്

Update: 2023-12-27 10:27 GMT
Editor : abs | By : Web Desk
Advertising

മലയാളി ഫുട്‌ബോളർ സഹൽ അബ്ദുൽ സമദ് മികച്ച കളിക്കാരനാണെന്നും അവനെ മിസ് ചെയ്യുന്നുവെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകുമനോവിച്ച്. ഒരു ഫുട്‌ബോൾ കളിക്കാരന്റെ ചെറിയ കളിക്കാലയളവിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും സഹൽ അത് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ മാംഗോക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കോച്ച്.

'അതേ, നിങ്ങൾ എല്ലായ്‌പ്പോഴും നല്ല മനുഷ്യരെ മിസ് ചെയ്യുന്നു. എന്നാൽ ഒരു ഫുട്‌ബോളറുടെ ചെറിയ കരിയറിൽ നിശ്ചിതമായ സമയമേ ഉള്ളൂ. ഈ തീരുമാനങ്ങൾ ജീവിതത്തിൽ നിർണായകമാണ്. ഒരുഭാഗത്ത് നിങ്ങൾക്ക് നല്ല മനുഷ്യനെ, നല്ല കളിക്കാരനെ നഷ്ടപ്പെടുന്നു. അവൻ ഒരു ലോക്കൽ ബോയ് ആണ്. എല്ലായ്‌പ്പോഴും അവൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കും. മറ്റൊരു വശത്ത്, ഞാൻ സന്തോഷവാനാണ്. കാരണം ഒരു ഫുട്‌ബോൾ കളിക്കാരൻ എന്ന നിലയിൽ ഇത് അവനെ മെച്ചപ്പെടുത്താൻ സഹായിക്കും.' - എന്നായിരുന്നു സഹലിനെ കുറിച്ചുള്ള ചോദ്യത്തിന് വുകുമനോവിച്ചിന്റെ മറുപടി. 



2018 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായിരുന്ന സഹൽ ഈ സീസണിലാണ് മോഹൻ ബഗാനിലേക്ക് ചേക്കേറിയത്. 2.5 കോടി രൂപയ്ക്കാണ് ഇന്ത്യൻ മിഡ്ഫീൽഡറെ കൊൽക്കത്തൻ വമ്പന്മാർ സ്വന്തമാക്കിയത്. 92 മത്സരങ്ങളിലാണ് സഹൽ ബ്ലാസ്റ്റേഴ്‌സിനായി ജഴ്‌സിയണിഞ്ഞത്. പത്തു ഗോളും നേടി.

ഈ സീസണിൽ മോഹൻ ബഗാനു വേണ്ടി മികച്ച പ്രകടനമാണ് സഹൽ പുറത്തെടുക്കുന്നത്. ആറു കളികളിൽ നാല് അസിസ്റ്റുകൾ താരത്തിന്റെ പേരിലുണ്ട്. താരസമ്പന്നമായ ബഗാൻ നിരയിൽ കോച്ച് യുവാൻ ഫെറാന്റോയുടെ ആദ്യ ഇലവനിലും താരത്തിന് ഇടമുണ്ട്. ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിലേറ്റ പരിക്കിനെ തുടർന്ന് ഏതാനും കളികളായി സഹൽ ടീമിലില്ല. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള പോരിനും താരത്തിന്റെ സാന്നിധ്യം ഉറപ്പില്ല. 

Summary: we missed sahal says ivan vukumanovic 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News