റിയോ എന്‍ഗുമോവ ആരാണ്, എന്തുകൊണ്ട് എല്ലാവരും ഈ 16 കാരനെക്കുറിച്ച് പറയുന്നു..
ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രി ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍, പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമിന്റെ പത്താംമിനുട്ടില്‍ നാടകീയമായൊരു ഗോള്‍ നേടി ഫുട്‌ബോള്‍ ലോകത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ് റിയോ എന്‍ഗുമോവ. 16 വര്‍ഷവും 361 ദിവസവും മാത്രം പ്രായമുള്ള എന്‍ഗുമോവ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രായംകുറഞ്ഞ ഗോൾനേട്ടക്കാരനായി. പ്രീമിയര്‍ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നാലാമത്തെ താരവുമാണ്. 200 മില്യണ്‍ പൗണ്ട് മുടക്കി നിരവധി ലോകോത്തര താരങ്ങളെ ലിവര്‍പൂള്‍ കൊണ്ടുവന്നെങ്കിലും എന്‍ഗുമോവയുടെ വരവ് ആരാധകര്‍ക്ക് ആവേശമുളവാക്കി. ഫുട്‌ബോള്‍ ലോകത്ത് കുറച്ചുകാലമായി ശ്രദ്ധനേടിയ താരം 2025 ജനുവരിയില്‍ എഫ്എ കപ്പില്‍ അക്രിങ്ടണ്‍ സ്റ്റാന്‍ലിക്കെതിരെ ലിവര്‍പൂളിനായി കളിച്ചപ്പോള്‍ തന്നെ തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയിരുന്നു. അന്ന് 16 വയസ്സ്, 135 ദിവസമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അത്ലറ്റിക് ക്ലബ്ബിനെതിരായ ലിവര്‍പൂളിന്റെ അവസാന പ്രീ സീസണ്‍ മത്സരത്തിലും ഗോള്‍ നേടി, ലോകത്തിന്റെ ശ്രദ്ധ അദ്ദേഹം തന്നിലേക്ക് ക്ഷണിച്ചിരുന്നു. കളിതുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ, സ്വന്തം പകുതിയില്‍നിന്ന് പന്ത് സ്വീകരിച്ച്, മുന്നോട്ടു കുതിച്ച് ബോക്‌സിന്റെ അറ്റത്തുനിന്ന് ഒരു തകര്‍പ്പന്‍ ഷോട്ട് തൊടുത്ത് എന്‍ഗുമോവ ബിൽബാവോയുടെ വലകുലുക്കി.
ചെല്‍സിയുടെ അക്കാദമിയിലാണ് താരത്തിന്റെ തുടക്കം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലിവര്‍പൂള്‍ അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം ഇംഗ്ലണ്ട് അണ്ടര്‍-15 ടീമിലും യുവേഫ യൂത്ത്‌ലീഗിലും താരം നടത്തിയ പ്രകടനങ്ങള്‍ ആരാധകരുടെ മനസ്സിലിടംപിടിച്ചു. ലണ്ടനില്‍ ജനിച്ച നൈജീരിയന്‍ വംശജനായ എന്‍ഗുമോവക്ക് ഓഗസ്റ്റ് 29-ന് 17 വയസ്സ് തികയുന്നു. അങ്ങനെ അദ്ദേഹം പ്രൊഫഷണല്‍ കരാറില്‍ ഒപ്പിടാന്‍ പോവുകയാണ്.
കളിയുടെ പള്‍സ് കൃത്യമായി മനസ്സിലാക്കി, നീക്കങ്ങള്‍ ആരംഭിക്കുകയും ഡ്രിബ്ലിങ്ങിലൂടെയും സമ്മര്‍ദത്തിന് അടിമപ്പെടാതെ ശാന്തതയിലൂടെയും മുന്നേറ്റം നടത്തുന്ന കളിരീതി. ഗോള്‍ നേടാനുള്ള അടങ്ങാത്ത അഭിനിവേശം എന്‍ഗുമോവയുടെ നീക്കങ്ങളില്‍ കാണാനാകും. അഞ്ചടി ഏഴിഞ്ച് മാത്രമാണ് ഉയരമെങ്കിലും തന്റെ സമപ്രായക്കാരായ കളിക്കാരെക്കാള്‍ ശാരീരിക ക്ഷമതയില്‍ അദ്ദേഹം മുന്നിട്ടുനില്‍ക്കുന്നു. പന്തുമായി ഓടുമ്പോള്‍ അദ്ദേഹം അതിവേഗക്കാരനാണെന്നു തോന്നിക്കും. പ്രതിരോധതാരങ്ങള്‍ക്കു പിടികൊടുക്കാതെ വെട്ടിയൊഴിഞ്ഞാണ് ഈ മുന്നേറ്റം. ഓപണ്‍ പ്ലേയിലും സെറ്റ്പീസുകളിലും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്റ്റൈൽ മികച്ചതാണെന്ന് കോച്ച് അര്‍നെ സ്ലോട്ട് തന്നെ പറഞ്ഞിട്ടുണ്ട്. പന്തില്ലാത്തപ്പോള്‍ പോലും തന്റെ കുശാഗ്രബുദ്ധിയോടെ മൈതാനം നിരീക്ഷിക്കുന്ന താരം, പ്രതിരോധനിരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാനും സ്‌പേസുകള്‍ കണ്ടെത്തി മുന്നേറാനും ശ്രമിക്കുന്നു. '' ഞാന്‍ ഇപ്പോഴും ചെറുപ്പമായതിനാല്‍ തിടുക്കം കാട്ടാനില്ല. അതേസമയം എനിക്ക് ചെയ്യാന്‍ കഴിയുന്നത് മാനേജര്‍ക്ക് കാണിച്ചുകൊടുക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കും എൻ്റെ ക്ലബ്ബിനും വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്നാണ് റിയോ എന്‍ഗുമോവ പറയുന്നത്. ലിവര്‍പൂളിന്റെ ചെങ്കുപ്പായമണിഞ്ഞ് കളത്തിലെത്തുന്ന അവൻ മികച്ച പ്രകടനങ്ങള്‍ അനുസ്യൂതം കാഴ്ചവെക്കുന്നതിനായി കാത്തിരിക്കുകയാണ് ആന്‍ഫീല്‍ഡ് ആരാധകര്‍.