ഇതിഹാസ വാഴ്ച മുതൽ വിവാദങ്ങൾ വരെ; യാത്ര തുടർന്ന് ബാലൺദ്യോർ

ലോകത്തിലെ മികച്ച കളിക്കാരന് ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡ് നൽകുകയെന്നതായിരുന്നു 1956ൽ തുടക്കംകുറിച്ച ബാലൺദ്യോറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്

Update: 2025-09-30 15:18 GMT

ലോകത്തിലെ മികച്ച കളിക്കാരന് ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡ് നൽകുക. 1956ൽ തുടക്കംകുറിച്ച ബാലൺദ്യോറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ഇതായിരുന്നു. ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസീൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ടിനാണ് ഇങ്ങനെ ഒരു ആശയം ആദ്യമായി മനസിൽ തോന്നിയത്. പിന്നാലെ അദ്ദേഹം തന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ആ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെ സ്റ്റാൻലി മത്യൂസ് ആയിരുന്നു.



പുരസ്കാരം നൽകിയിരുന്ന ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കു വേണ്ടി മാത്രമേ തിരഞ്ഞെടുപ്പ് നടന്നിരുന്നുള്ളൂ. അതിനാൽ പെലെ, ഡിയേഗോ മറഡോണ മുതലായ ലോകോത്തര കളിക്കാർ ഈ പുരസ്കാരത്തിന് അനർഹരായിരുന്നു. 1995ൽ പുരസ്കാരവിതരണത്തിൽ മാറ്റം വന്നു. യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്ന യൂറോപ്പുകാരല്ലാത്ത കളിക്കാരേയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കാമെന്നായി. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി എ.സി മിലാന്റെ ജോർജ് വിയ ആയിരുന്നു. പുതിയ നിയമം നിലവിൽ വന്ന വർഷം തന്നെ അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കി.

Advertising
Advertising


2007ൽ നിയമത്തിൽ വീണ്ടും മാറ്റം വന്നു. ലോകത്തിലെ ഏത് കളിക്കാരനും ഈ പുരസ്കാരത്തിന് അർഹതയുണ്ട് എന്ന നിയമം നിലവിൽ വന്നു. അതിനാൽ തന്നെ വോട്ട് ചെയ്യുന്ന പത്രപവർത്തകരുടെ എണ്ണം 96 ആയി ഉയർന്നു. 2006ൽ ഇത് 52 ആയിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ബ്രസീൽ കളിക്കാരൻ റൊണാൾഡോ ആണ്. പുരസ്കാര വിതരണ നിയമത്തിലെ മാറ്റത്തിനു ശേഷം 1997ലാണ് അദ്ദേഹം ഈ പുരസ്കാരം നേടിയത്. ഡച്ച് കളിക്കാരും ജർമ്മൻ കളിക്കാരും ഏഴ് പുരസ്കാരങ്ങൾ വീതം നേടി രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ക്ലബ്ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എ.സി മിലാനും ഇന്റർമിലാനുമാണ് മുന്നിൽ നിൽക്കുന്നത്. രണ്ട് ടീമിൽ നിന്നും ആറ് കളിക്കാർക്കായി എട്ട് പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

2022ൽ ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി'ഓറിനുള്ള നിയമങ്ങൾ പരിഷ്കരിച്ചു. ഒരു കലണ്ടർ വർഷത്തിലെ നേട്ടങ്ങൾക്കല്ല, മറിച്ച് ഒരു ഫുട്ബോൾ സീസണിലേക്കാണ് അവാർഡുകൾ നൽകുന്നതെന്ന രീതിയിലേക്ക് ബാലൺദ്യോറിനെ മാറ്റി. കൂടാതെ ഏറ്റവും പുതിയ ഫിഫ പുരുഷ ലോക റാങ്കിംഗിലെ മികച്ച 100 പേരിൽ നിന്ന് ഓരോ രാജ്യത്തിനും ഒരു പ്രതിനിധി എന്ന നിലയിൽ പ്രത്യേക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര ജൂറി അവാർഡ് വിജയിയെ തിരഞ്ഞെടുക്കുമെന്നും തീരുമാനിച്ചു.

ഇതിഹാസ താരം ലയണൽ മെസ്സിയാണ് ബാലൺദ്യോറിന്റെ ഓൾ ടൈം പട്ടികയിൽ ഒന്നാമനായുള്ളത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വർഷങ്ങളിലായി എട്ട് തവണയാണ് മെസ്സി ബാലൺദ്യോറിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ എട്ടാം ബാലൺദ്യോർ എന്ന നിലയിലാണ് 2023 എന്ന വർഷം ശ്രദ്ധേയമായത്. കരിയറിലെ സായാഹ്നത്തിലായിരുന്നു മിഷിഹയെ തേടി ആ വലിയ പുരസ്‌കാരം ഒരിക്കൽകൂടിയെത്തിയത്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതായിരുന്നു മെസ്സിയെ വീണ്ടും ഫുട്‌ബോൾ രാജസിംഹാസനത്തിലിരുത്തിയത്. ഏഴ് മത്സരങ്ങളിൽ 10 ഗോളുകളുമായി ടീമിന്റെ വിജയശിൽപ്പിയായതും അയാളായിരുന്നു. പിഎസ്ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളുമായിരുന്നു ആ സീസണിൽ മെസ്സിയുടെ നേട്ടം. നീണ്ട ഇടവേളക്ക് ശേഷം അർജന്റീനയെ ലോക കിരീടത്തിലെത്തിക്കുന്നതിൽ മെസ്സിയുടെ പ്രകടനം ക്രൂഷ്വലായിരുന്നുവെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.



ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയും. ജോഹാൻ ക്രൈഫ്, മൈക്കൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൺ എന്നിവർ മൂന്ന് തവണ വീതവും ഈ അവാർഡ് നേടിയിട്ടുണ്ട്. ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ഫ്രാൻസ് ബെക്കൻബോവർ, കെവിൻ കീഗൻ, കാൾ-ഹെയിൻസ് റമ്മെനിഗെ, റൊണാൾഡോ എന്നിവർ രണ്ടുതവണ വീതവും ബാലൺദ്യോർ നേടി.



ഇതിഹാസ നിരയിലേക്ക് ഉയർന്നവർ മുതൽ സർപ്രൈസ് താരങ്ങൾ വരെ ഫുട്‌ബോളിലെ പ്രസ്റ്റീജ്യസ് അവാർഡിൽ മുത്തമിട്ടു. പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെയാണ് ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺദ്യോർ പുരസ്കാരം നേടിയത്. ഫ്രഞ്ച് ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും മിന്നും പ്രകടനമാണ് ഡെംബലെ കാഴ്ച്ച വെച്ചത്. പിഎസ്ജി പ്രഥമ ചാന്പ്യൻസ് ലീഗ് ട്രോഫി നേടിയതിൽ ഡെംബലെയടെ പ്രകടനം നിർണായകമായി. 35 ഗോളും 16 അസിസ്റ്റുമാണ് മുൻ ബാഴ്സലോണ താരം ക്ലബിൽ സ്വന്തം പേരിൽ കുറിച്ചത്. തുടർച്ചയായ മൂന്നാം തവണയും മികച്ച വനിതാ ഫുട്ബോളർക്കുള്ള പുരസ്കാരം സ്പെയിനിന്റെ ഐത്താന ബോൺമാറ്റി സ്വന്തമാക്കി. ബാഴ്സലോണയെയും ഫൈനലിലെത്തിച്ചതാണ് ഐത്താന ബോൺമാറ്റിക്ക് നേട്ടമായത്.






ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ ബാറ്റിലിന് ബ്രേക്ക് വന്നത് 2018ലാണ് വർഷം. ലൂക്കാ മോഡ്രിച്ചായിരുന്നു ആ വർഷം ബാലൺദ്യോറിന്റെ അവകാശിയായത്. റയൽമാഡ്രിഡിനെ 13ാം ബാലൺദ്യോറിലേക്ക് എത്തിക്കുന്നതിലെ നിർണായ പ്രകടനമായിരുന്നു ക്രൊയേഷ്യൽ മിഡ്ഫീൽഡർക്ക് അനുകൂലമായത്. റഷ്യൻ ലോകകപ്പിൽ ഫൈനലിലേക്കുള്ള ക്രൊയേഷ്യൻ ടീമിന്റെ അതിശയകുതിപ്പിലും ആ പേര് പതിഞ്ഞിരുന്നു.

ഏഴ് പതിറ്റാണ്ടിന് മുൻപത്തെ ആ ലക്ഷ്യം പൂർണ അർത്ഥത്തിൽ നിറവേറ്റാനായില്ലെന്ന് ഇന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ലെവൺഡോവ്‌സ്‌കി, തിയറി ഹെൻഡ്രി, വെസ്ലി സ്‌നൈഡർ, വിർജിൽ വാൻഡെക്, സാവി, ഇനിയെസ്റ്റ. അങ്ങനെയങ്ങനെ ബാലൺദ്യോറിനെ അടയാളപ്പെടുത്താതെ പോയവരുടെ പട്ടികയങ്ങനെ നീളുകയാണ്. ബാലൺദ്യോർ യാത്ര തുടരുകയാണ്. 

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Similar News