''അന്ന് എല്ലാവര്‍ക്കും മുന്നിൽ വച്ച് മക്കല്ലത്തോട് മാപ്പ് പറഞ്ഞു''; വെളിപ്പെടുത്തലുമായി ഗംഭീർ

കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്ന ഗംഭീര്‍ അതേ റോളിൽ തന്‍റെ മുന്‍ ടീമായ കൊൽക്കത്തയിലേക്ക് തിരിച്ചെത്തുകയാണ്

Update: 2024-02-08 12:40 GMT

ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായിരുന്നു മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏറെ കാലം ടീമിന്റെ നായക സ്ഥാനത്തുണ്ടായിരുന്ന ഗംഭീർ കൊൽക്കത്തയുടെ രണ്ട് കിരീട നേട്ടങ്ങളിൽ  സുപ്രധാന പങ്കുവഹിച്ചിരുന്നു. 2011 മുതൽ 2017 വരെ ടീമിന്റെ പ്രധാന മുഖമായിരുന്നു ഗംഭീർ. ഇപ്പോഴിതാ തന്റെ മുൻ ടീമിലേക്ക് മറ്റൊരു റോളിൽ തിരിച്ചെത്തുകയാണ് താരം. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്ന ഗംഭീര്‍ അതേ റോളിൽ തന്നെയാണ് കൊൽക്കത്തയിലേക്കുമെത്തുന്നത്. 

 കൊൽക്കത്തയിൽ കളിച്ചിരുന്ന കാലത്തെ ഒരോർമ ആരാധകരോട് പങ്കുവച്ചിരിക്കുകയാണിപ്പോള്‍ ഗംഭീർ. മുൻ കൊൽക്കത്ത താരമായിരുന്ന ബ്രണ്ടൻ മക്കല്ലത്തോട് ടീമംഗങ്ങൾക്ക് മുന്നിൽ വച്ച് മാപ്പ് പറയേണ്ടി വന്നൊരു സന്ദർഭം തനിക്കുണ്ടായെന്നാണ് ഗംഭീറിന്റെ വെളിപ്പെടുത്തൽ.

Advertising
Advertising

2012 ഐ.പി.എൽ സീസണിൽ കൊൽക്കത്തയുടെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു മക്കല്ലം. ആ സീസണിൽ കൊൽക്കത്ത ഫൈനലിന് ടിക്കറ്റെടുത്തു. ഫൈനലിൽ ധോണിയുടെ ചെന്നൈയായിരുന്നു എതിരാളികൾ. മത്സരത്തിന് മുമ്പ് കൊൽക്കത്തയുടെ പ്രധാന ബോളർമാരിൽ ഒരാളായ ലക്ഷ്മിപതി ബാലാജിക്ക് പരിക്കേറ്റു. ഇതോടെ ടീമിന്റെ കോമ്പിനേഷന്‍ മാറ്റേണ്ടി വന്നു. ബാലാജിക്ക് പകരം ബ്രെറ്റ് ലീയെ ടീമിൽ ഉൾപ്പെടുത്തി. വിദേശ താരങ്ങൾക്ക് ക്വാട്ടയുണ്ടായിരുന്നതിനാൽ ബ്രെറ്റ്‌ലിയെ ടീമിലെടുത്തതോടെ ഒരു  താരത്തെ ടീമിൽ നിന്ന് പുറത്താക്കേണ്ടി വന്നു. മക്കല്ലത്തെയാണ് ടീം അന്ന് പുറത്തിരുത്താൻ തീരുമാനിച്ചത്. ഈ സംഭവത്തിലാണ് ടീമംഗങ്ങൾക്ക് മുന്നിൽ വച്ച്  ഗംഭീർ മാപ്പ് പറഞ്ഞത്.

''ചെപ്പോക്കിൽ അരങ്ങേറിയ കലാശപ്പോരിന് പുറപ്പെടും മുമ്പ് മുഴുവൻ ടീമംഗങ്ങൾക്കും മുന്നിൽ വച്ച് മക്കല്ലത്തോട് ഞാന്‍ മാപ്പ് പറഞ്ഞു. നിങ്ങളെ ഒഴിവാക്കേണ്ടി വന്നതിൽ ഖേദമുണ്ട്. ഒരിക്കലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ടീം കോമ്പിനേഷൻ ഒന്ന് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു മാറ്റം കൊണ്ടു വരേണ്ടി വന്നത്. നിങ്ങളെ മാറ്റാൻ ടീമിന് ഉദ്യേശ്യമുണ്ടായിരുന്നില്ല. ഞാൻ അവനോട് പറഞ്ഞു. അന്ന് മുഴുവൻ ടീമിനും മുന്നിൽ വച്ച് അവനോട് മാപ്പ് ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നു''- ഗംഭീര്‍ പറഞ്ഞു. 

കലാശപ്പോരിൽ അന്ന് മക്കല്ലത്തിന് പകരക്കാരനായെത്തിയ ഇന്ത്യൻ താരം മൻവീന്ദർ ബിസ്ലയുടെ തകർപ്പൻ അർധ സെഞ്ച്വറി കൊല്‍ക്കത്തയെ കിരീടം ചൂടിക്കുന്നതിൽ നിർണായ പങ്കുവഹിച്ചു. 48 പന്തിൽ 89 റൺസാണ് ബിസ്ല അന്ന് അടിച്ചെടുത്തത്. 19.4 ഓവറിൽ ചെന്നൈ ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം കൊൽക്കത്ത മറികടന്നു,

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News