ഗ്രേ​ഗ് ചാപ്പൽ ടീമിനെ വിജയിക്കാൻ പഠിപ്പിച്ച പരിശീലകനെന്ന് ​സുരേഷ് റെയ്ന

2011 ലോകകീരീടം നേടുന്നതിന് ടീമിനെ പ്രാപ്തമാക്കിയത് ചാപ്പൽ വിതച്ച വിത്തുകളാണെന്നും റെയ്ന

Update: 2021-06-09 16:41 GMT
Editor : Suhail | By : Web Desk
Advertising

വിവാദങ്ങൾകൊണ്ട് പേരുകേട്ടതാണങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിജയിക്കാൻ പഠിപ്പിച്ച പരിശീലകനായിരുന്നു ​ഗ്രേ​ഗ് ചാപ്പലെന്ന് സുരേഷ് റെയ്ന. മുൻ ഒസീസ് നായകൻ കൂടിയായ ചാപ്പൽ, സ്കോർ പിന്തുടർന്ന് ജയിക്കുന്നതിൽ ടീമിന് തന്ത്രം ചൊല്ലിക്കൊടുത്തതായും റെയ്ന പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ 'Believe, What Life and Cricket Taught Me' എന്ന പുസ്തകത്തിലാണ് റെയ്ന വിവാദ നായകനായ മുൻ പരിശീലകനെ പ്രശംസ കൊണ്ട് മൂടിയത്. 



2005 മുതൽ 2007 വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു ​ഗ്രേ​ഗ് ചാപ്പൽ. ഇക്കാലയളവിൽ ടീം നായകനായ സൗരവ് ​ഗാം​ഗുലിയുമായുള്ള ചാപ്പലിന്റെ അസ്വാരസ്യങ്ങൾ കുപ്രസിദ്ധമായിരുന്നു. തുടർന്ന് ​ഗാം​ഗുലി ടീമിൽ പുറത്ത് പോകുന്നതിനും കാരണമാവുകയുണ്ടായി.

എന്നാൽ അന്നത്തെ തലമുറയിലെ ടീമിനെ വലിയ തരത്തിൽ ​ഗ്രേ​ഗ് ചാപ്പൽ സ്വധീനിച്ചിരുന്നുവെന്നാണ് റെയ്ന പറഞ്ഞത്. 2011 ലോകകീരീടം നേടുന്നതിന് ടീമിനെ പ്രാപ്തമാക്കിയത് ചാപ്പൽ വിതച്ച വിത്തുകളാണെന്നും റെയ്ന പുസ്തകത്തിൽ കുറിച്ചു. അദ്ദേഹ​ത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിയിലും, ടീമിനെ എങ്ങനെ വിജയിക്കാം എന്നും, വിജയത്തിന്റെ പ്രാധാന്യവും ചാപ്പൽ മനസിലാക്കി കൊടുത്തുവെന്ന് റെയ്ന കുറിക്കുന്നു. 



തൊണ്ണൂറുകൾക്കും രണ്ടായിരത്തിനും ഇടയിൽ റൺ പിന്തുടർന്ന് ജയിക്കുന്നതിൽ ഇന്ത്യ പിന്നിലായിരുന്നു. വലിയ സ്കോറുകൾ പിന്തുടരുന്നതിനിടെ സമ്മർദത്തിനടിപ്പെട്ട് ടീം തോൽക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. എന്നാൽ ഇത് പരിഹരിക്കാൻ ചാപ്പലിന് സാധിച്ചു. അന്ന് രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ തുടർച്ചയായ 14 മത്സരങ്ങൾ ഇന്ത്യ പിന്തുടർന്ന് ജയിക്കുകയുണ്ടായി.

​ഗ്രേ​ഗ് ചാപ്പലിന്റെ കീഴിൽ, 2005ലാണ് സുരേഷ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതേ കാലയളവിൽ തന്നെയാണ് ധോണി, യുവരാജ്, ​ഗംഭീർ എന്നീ താരങ്ങളും ടീമിന്റെ മുൻനിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരം കൂടിയായ റെയ്ന കളി അവസാനിപ്പിക്കുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News