''ലോകകപ്പിൽ ഇന്ത്യയുടെ കരുത്ത് ഈ രണ്ട് താരങ്ങൾ''; മനസ്സ് തുറന്ന് ഗാംഗുലി

ഒക്ടോബര്‍ എട്ടിന് ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം

Update: 2023-08-31 16:08 GMT
Advertising

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. സെപ്റ്റംബർ 2 ന് ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ വര്‍ഷം ഇന്ത്യയില്‍ വച്ചരങ്ങേറുന്ന ഏകദിന ലോകകപ്പിനുള്ള മുന്നൊരക്കം കൂടിയാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏഷ്യാ കപ്പിനെ ഉറ്റുനോക്കുന്നത്. 

ഇപ്പോഴിതാ ഏകദിന ലോകപ്പുമായി ബന്ധപ്പെട്ട തന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഏകദിന ലോകകപ്പിൽ ഇന്ത്യൻ പടയോട്ടങ്ങളിൽ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടേയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‍ലിയുടേയും പ്രകടനങ്ങള്‍ ഏറെ നിർണ്ണായകമാവുമെന്ന് ഗാംഗുലി പറഞ്ഞു. 

''കോഹ്ലിയുടേയും രോഹിതിന്റേയും പ്രകടനങ്ങൾ അടുത്ത ലോകകപ്പിൽ ഏറെ നിർണ്ണായകമാവും. കോഹ്ലിയുടെ നിലവിലെ പ്രകടനം ഏറെ മികച്ചതാണ്. അതിലൊരു സംശയവുമില്ല. അവസാന ലോകകപ്പിൽ രോഹിതിന്റെ പ്രകടനം നമ്മൾ കണ്ടതാണ്. അഞ്ച് സെഞ്ച്വറികളാണ് അദ്ദേഹം കുറിച്ചത്. അവിശ്വസനീയ പ്രകടനമായിരുന്നു അത്. ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇത്''- ഗാംഗുലി പറഞ്ഞു. 

നേരത്തെ വിരേന്ദര്‍ സെവാഗും ലോകകപ്പില്‍ രോഹിത് ശര്‍‌മയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ''ഇന്ത്യയിലെ സാഹചര്യങ്ങൾ ബാറ്റിങ്ങിന് അനുകൂലമാണ്. അതിനാൽ തന്നെ ഓപ്പണർമാർക്ക് നന്നായി സ്‌കോർ ചെയ്യാനാവും. ടോപ് സ്‌കോറർ ആരാവുമെന്ന് എന്നോട് ചോദിച്ചാൽ രോഹിത് ശർമയെ ആവും ഞാൻ തെരഞ്ഞെടുക്കുക. മറ്റ് പല പേരുകളും ഉണ്ടായേക്കാം. പക്ഷെ ഞാൻ ഒരു ഇന്ത്യക്കാരനാണ്. ഞാനൊരു ഇന്ത്യൻ താരത്തെയെ തെരഞ്ഞെടുക്കൂ''- സെവാഗ് പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News