'സർഫറാസിന്റെ പിതാവിനൊപ്പം ഞാൻ കളിച്ചിട്ടുണ്ട്, ആ ടെസ്റ്റ് ക്യാപ് അദ്ദേഹത്തിന് കൂടെയുള്ളത്'- രോഹിത് ശര്‍മ

പുതുമുഖങ്ങളുടെ അരങ്ങേറ്റത്തെ കുറിച്ച് വൈകാരികമായ ഓര്‍മകള്‍ പങ്കുവച്ച് ഇന്ത്യന്‍ നായകന്‍

Update: 2024-03-21 04:43 GMT
Advertising

 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്ര വിജയം കുറിക്കുമ്പോൾ ഇന്ത്യൻ കുതിപ്പിന് പിറകിലെ ഏറ്റവും വലി ചാലകശക്തി രോഹിത് ശർമയെന്ന നായകൻ തന്നെയായിരുന്നു. വിരാട് കോഹ്ലിയെ പോലെയുള്ള  വലിയ താരങ്ങളുടെ അഭാവത്തിലും  ഇന്ത്യയെ രോഹിത് മിന്നും  വിജയങ്ങളിലേക്ക് നയിച്ചു. നിരവധി പുതുമുഖങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ടൂർണമെന്‍റ് കൂടെയായിരുന്നു ഇത്. 

രജത് പഠീധാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, ആകാശ് ദീപ്, ദേവ് ദത്ത് പടിക്കൽ തുടങ്ങി അഞ്ച് താരങ്ങളാണ് ആദ്യമായി ടെസ്റ്റ് ക്യാപ് അണിഞ്ഞത്. ഇതിൽ പലരും ഇന്ത്യൻ വിജയങ്ങളിൽ നിർണായക സാന്നിധ്യമാവുകയും ചെയ്തു. നാലാം ടെസ്റ്റില്‍ ധ്രുവ് ജുറേലായിരുന്നു മാൻ ഓഫ് ദ മാച്ച്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയ സർഫറാസ് ഖാന്റെ തകര്‍പ്പന്‍ പ്രകടനങ്ങൾക്കും ടൂർണമെന്റ് സാക്ഷിയായി.

അരങ്ങേറ്റ ടെസ്‌റ്‌റിലെ രണ്ടിന്നിങ്‌സിലും അർധ സെഞ്ച്വറി കുറിച്ച സർഫറാസ് ഇന്ത്യൻ ടീമിലേക്കുള്ള തന്റെ വരവ് അവിസ്മരണീയമാക്കി. ടൂര്‍ണമെന്‍റില്‍ ആകെ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് സര്‍ഫറാസ് തന്‍റെ പേരിലെഴുതിച്ചേര്‍ത്തത്.  ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയിലെ യുവതാരങ്ങളുടെ അരങ്ങേറ്റത്തിലെ വൈകാരിക നിമിഷങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യൻ നായകൻ.

''യുവതാരങ്ങളില്‍ പലരുടേയെും ശേഷിയെ കുറിച്ച് എനിക്ക് ഉത്തമ ബോധ്യമുള്ളതാണ്. അരങ്ങേറ്റത്തിലെ ആശങ്കകള്‍ പരിഹരിക്കാൻ അവരുടെ ചരിത്രം ഓർമിപ്പിക്കലായിരുന്നു എന്റെ മുന്നിലുള്ള വഴി. അവരുടെ മികച്ച പ്രകടനങ്ങൾ ഓർമിപ്പിച്ച് ഞാൻ അവരെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. അവരുടെ രക്ഷിതാക്കളൊക്കെ അവർക്കു ചുറ്റുമുണ്ടായിരുന്നു. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് അന്ന് ഞങ്ങൾ സാക്ഷ്യം വഹിച്ചത്''

സർഫറാസ് ഖാന്‍റെ പേര് രോഹിത് ശര്‍മ എടുത്ത് പറഞ്ഞു. സർഫറാസിന്‍റെ പിതാവിനൊപ്പം താൻ കളിച്ചിട്ടുണ്ടെന്നും ആ ടെസ്റ്റ് ക്യാപ് അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

'സർഫറാസിന്റെ പിതാവ് ഒരു ഇടങ്കയ്യൻ ബാറ്ററായിരുന്നു. ഏറെ ആക്രമണോത്സുകമായാണ് അദ്ദേഹം ബാറ്റ് വീശാറുണ്ടായിരുന്നത്. മുംബൈയിലെ ക്രിക്കറ്റ് സർക്കിളിൽ സുപരിചിതമായ പേരായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും പിന്തുണയുമൊക്കെ സർഫറാസിന്റെ വിജയത്തിന് പിറകിലെ ചാലക ശക്തിയാണ്. അത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഈ ടെസ്റ്റ് ക്യാപ് നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്'- രോഹിത് പറഞ്ഞു. 

ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന്‍റെ അരങ്ങേറ്റത്തിന് ശേഷം നൗഷാദ് ഖാന്‍റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടു മുൻപായി സർഫറാസ് ഖാന് ഇന്ത്യൻ മുൻ താരം അനിൽകുബ്ലെ ടീം തൊപ്പി സമ്മാനിക്കുമ്പോൾ തൊട്ടരികിലായി ആനന്ദാശ്രൂപൊഴിക്കുകയായിരുന്നു നൗഷാദ് ഖാൻ. ദീർഘകാലത്തെ സ്വപ്‌ന സാക്ഷാത്കാരമായി ദേശീയ ടീമിലേക്ക് മകനെ സഹ താരങ്ങൾ കൈയടികളോടെ സ്വാഗതം ചെയ്യുമ്പോൾ പിതാവിന് അത് അഭിമാന നിമിഷമായിരുന്നു. നൗഷാദ് ഖാനാണ് സർഫറാസിന് ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ പകർന്നു നൽകിയത്.

ക്യാപ് സ്വീകരിച്ച ശേഷം പിതാവിന്റെ അടുത്തേക്ക് ഓടിയെത്തി സർഫറാസ് ക്യാപ് കൈമാറി. ക്യാപ് കൈയിലെടുത്ത് നൗഷാദ് ഇന്ത്യൻ ബാഡ്ജിൽ മുത്തമിട്ടു. രാജ്‌കോട്ട് നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിലുള്ളവരെല്ലാം വികാരഭരിതമായാണ് ഈ കാഴ്ചകള്‍ വീക്ഷിച്ചത്. ആദ്യ ടെസ്റ്റിൽ കെ.എൽ രാഹുലിന് പരിക്കേറ്റതോടെയാണ് 26 കാരന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ സെഞ്ചുറികൾ നേടി ഉജ്ജ്വലഫോമിൽ കളിച്ചിട്ടും താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് വിളിയെത്തിയത്. തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫറാസ് മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും അര്‍ധ സെഞ്ച്വറി കുറിച്ച് ഇന്ത്യന്‍ വിജയത്തിന്‍റെ നെടുംതൂണായി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News