ലങ്കയെ മുക്കി ഇന്ത്യ; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ വിജയം

ആവനാഴിയിലെ അസ്ത്രങ്ങൾ എല്ലാം അവസാനിച്ച ശ്രീലങ്ക ഇന്ത്യയോട് ഒന്നു പൊരുതാൻ പോലും നിൽക്കാതെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു

Update: 2021-07-18 16:53 GMT
Editor : Nidhin | By : Web Desk
Advertising

ആവനാഴിയിലെ അസ്ത്രങ്ങൾ എല്ലാം അവസാനിച്ച ശ്രീലങ്ക  ഇന്ത്യയോട് ഒന്നു പൊരുതാൻ പോലും നിൽക്കാതെ തോൽവി ഏറ്റുവാങ്ങി. ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിൽ 263 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ അനായാസ വിജയം. 36.4 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

നായകൻ ശിഖർ ധവാനാണ് ഇന്ത്യയുടെ വിജയതീരത്തേക്കുള്ള യാത്രയിൽ മുന്നിൽ നിന്ന് നയിച്ചത്. 95 പന്തിൽ നിന്ന് 86 റൺസ് നേടി ധവാൻ പുറത്താകാതെ നിന്നു. ധവാനൊപ്പം ഓപ്പണിങ് ഇറങ്ങിയ പൃഥ്വി ഷായുടെ മിന്നല്‍ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 24 പന്തിൽ 9 ഫോറിന്റെ അകമ്പടിയോടെ പൃഥ്വി 43 റൺസ് നേടി. ധനഞ്ജയ ഡിസിൽവയുടെ പന്തിൽ അവിഷ്‌കയ്ക്ക് ക്യാച്ച് നൽകി പൃഥ്യി മടങ്ങി. പൃഥ്വി ഷാ തന്നെയാണ് കളിയിലെ താരവും.

പിന്നാലെയെത്തിയ ഏകദിനത്തിൽ ഇന്ന് അരങ്ങേറിയ ഇഷൻ കിഷൻ 42 പന്തിൽ 59 റൺസ് നേടി. സണ്ടകന്റെ പന്തിൽ ബാനുകയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ഇഷന്റെ മടക്കം. തുടർന്നെത്തിയ മനീഷ് പാണ്ഡെ നിരാശപ്പെടുത്തി 40 ബോളിൽ 26 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ധനഞ്ജ ഡിസിൽവയ്ക്ക് തന്നെയായിരുന്നു ആ വിക്കറ്റും. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നായകനൊപ്പം അവസാനം വരെ ക്രീസിൽ നിന്നു പുറത്താകാതെ 20 ബോളിൽ 31 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ലങ്കൻ പട 262 റൺസ് നേടിയത്. ലങ്കയെ തുടർച്ചയായി വലയ്ക്കുന്ന ടീമിന്റെ മോശം പ്രകടനത്തിൽ നിന്ന് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് ലങ്കൻ ബാറ്റിങ് നിര നടത്തിയത്. ഓപ്പണിങ് ഇറങ്ങിയ അവിഷ്‌ക ഫെർണാണ്ടോ(32) മിനോദ് ബാനുക(27 ) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. ചരിത് അസലങ്ക 38 റൺസും നായകൻ ദാസുൻ ഷനക 39 റൺസും നേടി. ചാമിക കരുണരത്നെയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. അദ്ദേഹം 35 ബോളിൽ 43 റൺസ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രൂണാൽ പാണ്ഡ്യയും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 9 ഓവർ എറിഞ്ഞെങ്കിലും ഭുവനേശ്വർ കുമാറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. മാത്രമല്ല റൺസ് വിട്ടുകൊടുക്കുന്നതിൽ ഭുവനേശ്വർ യാതൊരു പിശുക്കും കാട്ടിയില്ല. 63 റൺസാണ് ഭുവനേശ്വർ വിട്ടുകൊടുത്തത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News