ഫുട്ബോൾ ലോകകപ്പ്: ഏതൊക്കെ ടീമുകൾ ഏതൊക്കെ ഗ്രൂപ്പിൽ, എല്ലാം നാളെയറിയാം
ന്യൂയോർക്: ഫുട്ബോൾ ലോകത്തിന്റെ കണ്ണും കാതും ഡിസംബർ അഞ്ചിലേക്കാണ്. അമേരിക്കയിലെ ജോൺ എഫ്.കെന്നടി സെൻറിൽ ഫുട്ബോൾ ലോകകപ്പ് ഡ്രോ നടക്കാൻ പോകുന്നു. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് ഡ്രോ. ഫിഫ ഡോട്ട് കോമിലൂടെയും ഫിഫ യുട്യൂബ് ചാനലിലൂടെയും തത്സമയം കാണാം. എങ്ങനെയാണ് ഡ്രോ ഒരുക്കുന്നത്? അതിൽ എന്തൊക്കെ മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ്? പരിശോധിക്കാം.
അടുത്ത ലോകകപ്പ് മുതൽ 48 ടീമുകൾ ഉണ്ടാകുമെന്ന് നമുക്കറിയാം. ഇതിൽ 42 ടീമുകൾ ഇതിനോടകം യോഗ്യത ഉറപ്പിച്ചു. മാർച്ചിലെ േപ്ല ഓഫ് മത്സരങ്ങൾക്ക് ശേഷം ബാക്കി സ്പോട്ടുകൾ തീരുമാനമാകും.
ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളെയും 12 ഗ്രൂപ്പുകളായിത്തിരിച്ചാണ് മത്സരങ്ങൾ ഒരുക്കുന്നത്. അഥവാ ഒരു ഗ്രൂപ്പിൽ നാല് രാജ്യങ്ങൾ. ഈ 48 രാജ്യങ്ങളെയും നാല് പോട്ടുകളാക്കിത്തിരിച്ചാണ് ഡ്രോ ഒരുക്കുന്നത്. ഫിഫ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ഈ പോട്ടിൽ ആരൊക്കെയുണ്ടാകുമെന്ന് നിർണയിക്കുന്നത്. അഥവാ ഏറ്റവും ഉയർന്ന റാങ്കിങ് ഉള്ളവരെല്ലാ പോട്ട് 1ൽ ആകും. തുടർന്നുള്ള പോട്ടുകളിൽ അതിനേക്കാൾ റാങ്കിങ് കുറഞ്ഞവരാകും ഉണ്ടാകുക. അഥവാ ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലാൻഡ്സ്, ബെൽജിയം,ജർമനി എന്നിവരാണ് പോട്ട് 1ൽ ഉണ്ടാകുക.ഇവരോടൊപ്പം ആതിഥേയ രാജ്യങ്ങളായ യു.എസ്.എ, മെക്സിക്കോ, കാനഡ എന്നിവരും ഇടം പിടിക്കും. േപ്ല ഓഫ് കളിച്ചെത്തുന്ന ടീമുകൾ പോട്ട് 4ലാകും വരിക.
ഓരോ പോട്ടിൽ നിന്നും ഓരോ ടീമുകൾ ഓരോ ഗ്രൂപ്പിലേക്ക് വീതം പോകുന്ന രീതിയിലാണ് ഡ്രോ ഒരുക്കുന്നത്. പക്ഷേ ഒരു വൻകരയിലെ അല്ലെങ്കിൽ കോൺഫെറേഷനിലെ രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ വരില്ല. അതായത് പോട്ട് 1ലുള്ള അർജന്റീനക്കോ ബ്രസീലിനോ പോട്ട് 2വിൽ നിന്നും ഉറുഗ്വായോ കൊളംബിയയോ എതിരാളികളായി വരില്ല. പക്ഷേ യുവേഫക്ക് ഇത് ബാധകമല്ല. അഥവാ യൂറോപ്പിലെ രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ വരും. കാരണം അവിടെ നിന്നും 16 രാജ്യങ്ങളുണ്ട്. എങ്കിലും ഒരു ഗ്രൂപ്പിൽ രണ്ടിലധികം യൂറോപ്യൻ രാജ്യങ്ങൾ വരാത്ത വിധം ക്രമീകരിച്ചിട്ടുണ്ട്. േപ്ല ഓഫ് കടന്നെത്തുന്ന രാജ്യങ്ങൾക്കും ഇതേ മാനദണ്ഡം ബാധകമാകും.
മുൻകൂട്ടി തീരുമാനിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. ഫിഫ റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാമതുള്ളത് സ്പെയിനാണ്. രണ്ടാമതുള്ളത് അർജന്റീന. മൂന്നാമത് ഫ്രാൻസ്, നാലാമത് ഇംഗ്ലണ്ട്. ഗ്രൂപ്പിൽ ചാമ്പ്യൻമാരാകുകയാണെങ്കിൽ അർജന്റീനയും സ്പെയിനും ഫൈനലിന് മുമ്പായി ഒരിക്കൽ ഏറ്റുമുട്ടാത്ത വിധമാണ് ഫിക്സ്ചർ ഉള്ളത്. അതുപോലെ ഇംഗ്ലണ്ടും ഫ്രാൻസും ഫൈനലിന് മുമ്പായി ഏറ്റുമുട്ടില്ല. ഗ്രൂപ്പിൽ രണ്ടാമതായാൽ മറിച്ച് സംഭവിക്കാം.ഫിഫ റാങ്കിങ്ങിൽ ഈ നാല് ടീമുകൾ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനങ്ങൾക്കുള്ള പാരിതോഷികമായാണ് ഈ പുതിയ രീതി എന്നാണ് ഫിഫയുടെ വാദം. മുമ്പ് ഈ രീതി ഉണ്ടായിരുന്നില്ല. ഈ നാല് ടീമുകളെയും വ്യത്യസ്ത പാത്ത് വേകളാക്കിയാണ് ഡ്രോ ഒരുക്കുന്നത്. ടെന്നിസിലെ സീഡിങ് സിസ്റ്റത്തിന് സമാനമാണിത്.
നേരത്തേ ലോകകപ്പിലുണ്ടായിരുന്നത് ഗ്രൂപ്പ്, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയുള്ള റൗണ്ടുകളായിരുന്നു. പക്ഷേ ടീമുകളുടെ എണ്ണം കൂടിയതിനാൽ അടുത്ത വർഷം മുതൽ ഒരു റൗണ്ട് കൂടി അധികരിക്കും. 12 ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും പോയന്റുള്ള രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇവരുടെ കൂടെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകൾ കൂടി വരും. അതായത് 32 ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും.
ഒരേ സമയം മാനുവലും കമ്പ്യൂട്ടർ അലോക്കേഷനും ചേർന്നതാണ് ഡ്രോ. ഫുട്ബോൾ ഇതിഹാസങ്ങൾ പതിവ് പോലെ ടീമുകളുടെ പേര് തെരഞ്ഞെടുക്കും. ആ ടീം ഏത് ഗ്രൂപ്പിൽ പോകണമെന്ന് കമ്പ്യൂട്ടറാണ് തീരുമാനിക്കുക. അക്ഷരമാല ക്രമവും ഒരേ വൻകരയിലെ ടീമുകൾ ഒരേ ഗ്രൂപ്പിൽ വരുന്നത് ഒഴിവാക്കലുമെല്ലാം കമ്പ്യൂട്ടറിന്റെ ജോലിയാണ്.