ചെന്നൈയില്‍ സൂപ്പര്‍ ബ്ലാസ്റ്റ് ; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് നോവയോട് ലൂണ കയർത്തത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി

Update: 2025-01-30 16:32 GMT

ചെന്നൈ: ചെന്നൈയെ കൊമ്പമാർക്ക് മുന്നിൽ കിട്ടിയാൽ വലയിൽ മൂന്ന് ഗോളുറപ്പാണ്. സീസണിൽ രണ്ടാം തവണയും ചെന്നൈയിൻ എഫ്.സി.യെ മൂന്നടിയിൽ വീഴ്ത്തി കൊമ്പന്മാർ. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോൾ വലയിലെത്തിച്ച ബ്ലാസ്‌റ്റേഴ്‌സ് തകർപ്പൻ ജയമാണ് കുറിച്ചത്. ജീസസ് ജിമിനസ്, കോറോ സിങ്, ക്വാമി പെപ്ര എന്നിവരാണ് മഞ്ഞപ്പടക്കായി വലകുലുക്കിയത്. വിൻസി ബരേറ്റോയാണ് ചെന്നൈക്കായി ആശ്വാസ ഗോള്‍ കുറിച്ചത്. 

കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ വലകുലുക്കി ജീസസ് ചെന്നൈയെ സ്വന്തം ഹോം ഗ്രൗണ്ടിൽ ഞെട്ടിച്ചു. 37ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിനെ തള്ളിയതിന് ചെന്നൈ താരം വിൽമർ ജോർഡാനെ റഫറി ഡയറക്ട് റെഡ് കാർഡ് നൽകി പുറത്താക്കുന്നു. ഇതോടെ ചെന്നൈ പത്ത് പേരായി ചുരുങ്ങി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യുവതാരം കോറോ സിങ്ങിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയർത്തി. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു കോറോയുടെ ഗോള്‍ പിറന്നത്. മഞ്ഞപ്പടക്കായി വലകുലുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഇതോടെ കോറോയെ തേടിയെത്തി.

Advertising
Advertising

56ാം മിനിറ്റിൽ ക്വാമി പെപ്ര കൂടി വലകുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഏറെക്കുറേ ജയമുറപ്പിച്ചു. പെപ്രയുടെ ഗോളിനും ലൂണ തന്നെയായിരുന്നു വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിൽ വിൻസി ബരേറ്റോ ചെന്നൈക്കായി ആശ്വാസ ഗോൾ കണ്ടെത്തി. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് നോവയോട് ലൂണ കയർത്തത്  നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.

ചെന്നൈയിൽ കളിയിലും കണക്കിലുമൊക്കെ ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിൽ. 52 ശതമാനം നേരവും ബ്ലാസ്റ്റേഴ്‌സാണ് മത്സരത്തിൽ പന്ത് കൈവശം വച്ചത്. കളിയിലുടനീളം കൊമ്പന്മാർ 11 ഷോട്ട് ഉതിർത്തപ്പോൾ അതിൽ അഞ്ചും ഓൺ ടാർജറ്റായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News