ജറൂസലേമിൽ കളിക്കാൻ പറ്റില്ലെന്ന് ബാഴ്‌സലോണ; സൗഹൃദ മത്സരത്തിൽനിന്ന് പിന്മാറി ഇസ്രയേൽ ക്ലബ്

ബെയ്താറുമായുള്ള സൗഹൃദ മത്സരത്തില്‍ പ്രതിഷേധിച്ച് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷന്‍ ബാഴ്‌സലോണയ്ക്ക് കത്തെഴുതിയിരുന്നു. ഇസ്രായേൽ പാർലമെന്റ് അംഗമായ സാമി അബൂ ഷെഹാദയടക്കമുള്ള പ്രമുഖരും ക്ലബിനോട് മത്സരത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു

Update: 2021-07-15 17:13 GMT
Editor : Shaheer | By : Web Desk
Advertising

ഫലസ്തീനുമായി അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന ജറൂസലേമിൽ കളിക്കാൻ പറ്റില്ലെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയതോടെ സൗഹൃദ മത്സരത്തിൽനിന്ന് പിന്മാറി ഇസ്രായേൽ ക്ലബ്. ഇസ്രായേലിലെ മുന്‍നിര ക്ലബായ ബെയ്താർ ജറൂസലേം ഉടമ മോഷെ ഹോഗെഗ് ആണ് സൗഹൃദ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവിട്ടത്.

ഓഗസ്റ്റ് നാലിനാണ് ലോകത്തെ മുൻനിര ക്ലബുകളിലൊന്നായ ബാഴ്‌സലോണയുമായുള്ള ബെയ്താർ ജറൂസലേമിന്റെ സൗഹൃദ മത്സരം നിശ്ചയിച്ചിരുന്നത്. ജറൂസലേമിലുള്ള ക്ലബിന്റെ ഹോം ഗ്രൗണ്ടിൽ മത്സരം നടത്താനായിരുന്നു പദ്ധതി. എന്നാൽ, തർക്ക പ്രദേശമായതിനാൽ ഇവിടെ കളിക്കാൻ പറ്റില്ലെന്ന് ബാഴ്‌സലോണ അധികൃതർ അറിയിക്കുകയായിരുന്നു.

ജറൂസലേമിനെ ചതിക്കാൻ കഴിയില്ലെന്നാണ് മത്സരത്തിൽനിന്നു പിന്മാറിയ വിവരം അറിയിച്ചുകൊണ്ട് മോഷെ ഹോഗെഗ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. താനൊരു അഭിമാനിയായ ജൂതനും ഇസ്രായേലിയുമാണ്. ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാണ്. നഗരത്തെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം പ്രൊഫഷനലിസത്തിന് നിരക്കുന്നതല്ലെന്നും മോഷെ പ്രതികരിച്ചു.

ബെയ്താറുമായി സൗഹൃദ മത്സരം കളിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധമറിയിച്ച് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷന്‍ ബാഴ്‌സലോണയ്ക്ക് ഔദ്യോഗികമായി കത്തെഴുതുകയും ചെയ്തിരുന്നു. ഇസ്രായേൽ പാർലമെന്റ് അംഗമായ സാമി അബൂ ഷെഹാദയടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ക്ലബിനോട് മത്സരത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാനുള്ള ബെയ്താർ തീരുമാനത്തെ കുറിച്ച് ബാഴ്‌സലോണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അറബ് താരങ്ങളുമായി കരാറിൽ ഒപ്പുവയ്ക്കാത്ത ഇസ്രായേലിലെ ഏക മുൻനിര ക്ലബാണ് ബെയ്താർ ജറൂസലേം. അറബ്, ഫലസ്തീൻ വിരുദ്ധ വംശീയ മുദ്രാവാക്യങ്ങൾക്കും അധിക്ഷേപങ്ങൾക്കും പേരുകേട്ടവരാണ് ക്ലബിന്റെ ആരാധകർ. ഇസ്രായേലികൾക്കിടയിലെ ഏറ്റവും തീവ്ര, ഫാസിസ്റ്റ് സ്വഭാവമുള്ളവരാണ് ക്ലബിന്റെ ആരാധകരെന്നാണ് ബാഴ്‌സലോണയ്ക്ക് അയച്ച കത്തിൽ സാമി അബൂ ഷഹാദ സൂചിപ്പിച്ചത്.

2018ൽ ഇസ്രായേലിനെതിരെ ലോകകപ്പ് മുന്നൊരുക്ക മത്സരം നടത്താന്‍ അർജന്റീന ദേശീയ ടീമും തീരുമാനിച്ചിരുന്നു. വൻ പ്രതിഷേധത്തെ തുടർന്ന് അർജന്റീന മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു. ലയണൽ മെസ്സിയും അർജന്റീന താരങ്ങളും ഭീകരവാദത്തിന് വഴങ്ങുകയാണെന്നാണ് അന്ന് തീരുമാനത്തോട് ഇസ്രായേൽ അധികൃതർ പ്രതികരിച്ചത്.

1967ലെ യുദ്ധത്തിലൂടെ ഇസ്രായേൽ ഫലസ്തീനിൽനിന്ന് പിടിച്ചടക്കിയ പ്രദേശമാണ് കിഴക്കൻ ജറൂസലേം. പിന്നീട് ജറൂസലേം പൂർണമായി തങ്ങളുടെ തലസ്ഥാനമായി ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അമേരിക്ക ഒഴികെയുള്ള മിക്ക ലോകരാഷ്ട്രങ്ങളും ഇത് അംഗീകരിച്ചിട്ടില്ല. തെൽഅവീവിൽനിന്ന് ജറൂസലേമിലേക്ക് എംബസികൾ മാറ്റാനും മിക്ക രാജ്യങ്ങളും തയാറായിട്ടില്ല.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News