ലാസ്റ്റ് മിനിറ്റ് ത്രില്ലര്‍; അസൂറിപ്പട പ്രീക്വാര്‍ട്ടറില്‍

98ാം മിനിറ്റിലാണ് ഇറ്റലി സമനില പിടിച്ചു വാങ്ങിയത്

Update: 2024-06-25 02:14 GMT

യൂറോ കപ്പിൽ പ്രീക്വാർട്ടറുറപ്പിച്ച് ഇറ്റലി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് സമനില പിടിച്ചു വാങ്ങിയാണ് ഇറ്റലിയുടെ സെമി പ്രവേശം. ഇതോടെ മോഡ്രിച്ചിന്‍റേയും സംഘത്തിന്‍റേയും സെമി സാധ്യകൾക്ക് മങ്ങലേറ്റു. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനാണ് ലെപ്സിഗ്ഗിലെ റെഡ്ബുൾ അരീന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജീവൻമരണ പോരാട്ടത്തിൽ ഇറ്റലിയും ക്രൊയേഷ്യയും കളിക്കളത്തിലിറങ്ങിയപ്പോൾ ആക്രമണ ഫുട്ബോളിന്റെ സർവഭാവങ്ങളും ദൃശ്യമായി.

പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ജയം മാത്രമായിരുന്നു ഇരു ടീമുകൾക്കും മുന്നിലുണ്ടായിരുന്നത്. വിജയത്തിലേക്കെത്താൻ ഗോൾ ദാഹികളായി പാഞ്ഞടുക്കുന്ന സ്ട്രൈക്കര്‍മാരെയാണ് ആദ്യ പകുതിയിൽ കണ്ടത്. ഇരു ഗോൾമുഖത്തും നിരവധി അവസരങ്ങൾ പിറന്നു.

Advertising
Advertising

എന്നാൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇറ്റലി ഗോൾകീപ്പർ ജിയാൻലൂജി ഡൊണറുമ്മയും ക്രൊയേഷ്യൻ ഗോൾകീപ്പർ ലികോവിച്ചുമാണ് ആദ്യ പകുതി ഗോൾരഹിതമാക്കിയത്. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ഇരു കാവൽക്കാരും തട്ടിയകറ്റിയത്. രണ്ടാം പകുതിയിലാണ്  മത്സരം സംഭവബഹുലമായത്. 54-ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കു പെനൽറ്റി. ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിന്റെ കിക്ക് ഇറ്റലി ഗോൾകീപ്പർ ജിയാൻലൂജി ഡൊണരുമ്മ തടുത്തിട്ടു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ മോഡ്രിച്ച് ഗോൾ നേടി. ബുദിമിർ പായിച്ച ഷോട്ട് ഡൊന്നാരുമ്മ തടഞ്ഞെങ്കിലും പന്ത് വന്നു വീണത് മോഡ്രിച്ചിന്റെ കാൽക്കൽ. ഇക്കുറി ഡൊണറുമ്മയ്ക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ മോന്തായത്തിലേക്ക് മോഡ്രിച്ച് പന്തടിച്ചുകയറ്റി.

ഗോൾ വഴങ്ങിയതോടെ ഇറ്റലിയുടെ പോരാട്ടം അവിടെ തുടങ്ങി. ക്രോയേഷ്യൻ ഗോൾ മുഖത്തേക്ക് ഇരമ്പിക്കയറിയ ഇറ്റലിയെ ഭാഗ്യം തുണച്ചത് കളിയുടെ അവസാന മിനിറ്റിൽ. ക്രൊയേഷ്യ പെനൽറ്റി ഏരിയയ്ക്കുള്ളിൽ കിട്ടിയ പന്ത് ക്ലാസിക് ഫിനിഷിലൂടെ മത്തിയോ സക്കാഗ്നി വലയിലെത്തിച്ചപ്പോൾ ഇറ്റലി നേടിയെടുത്തത് വിജയത്തോളം തിളക്കമുള്ള സമനില. ഇതോടെ ഗ്രൂപ്പ് ബി യിൽ നാല് പൊയ്ന്റുമായി ഇറ്റലി പ്രീക്വാർട്ടറിന് യോഗ്യത നേടി. ടൂർണമെന്റിലെ ഭാവി അറിയാൻ ക്രോയേഷ്യക്ക് ഇനിയും കാത്തിരിക്കണം

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News