'ഞാനും ഗംഭീറും തമ്മില്‍ കയ്യാങ്കളിയോളമെത്തി കാര്യങ്ങള്‍'; ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം

''എനിക്കൊരു പി.ആർ ടീമുണ്ടായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയേനെ''

Update: 2025-01-24 14:32 GMT

ഒരേ ടീമിലായിരുന്നിട്ടും പലവുരു മൈതാനത്തിനകത്തും പുറത്തും കൊമ്പു കോർത്തവരാണ് മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും മനോജ് തിവാരിയും. ഒന്നിലധികം തവണ ഗംഭീറിനെതിരെ രൂക്ഷവിമർശനങ്ങളും വെളിപ്പെടുത്തലുകളുമായി തിവാരി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് തനിക്കും ഗംഭീറിനുമിടയിലുണ്ടായ ഒരു വാക്കേറ്റത്തെക്കുറിച്ച് മനസ് തുറക്കുകയാണ് തിവാരി.

''പുതിയൊരു താരം വളർന്നു വരുമ്പോൾ അയാൾക്ക് മാധ്യമ ശ്രദ്ധ കിട്ടും എന്നത് ഒരു യാഥാർത്ഥ്യമാണ്. ചിലപ്പോൾ ഗംഭീറിന് എന്നോടുണ്ടായിരുന്ന അമർഷം അത് കാരണത്താലാവാം. എനിക്കൊരു പി.ആർ ടീമുണ്ടായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയേനെ.

Advertising
Advertising

കൊൽക്കത്തയിൽ എന്റെ ബാറ്റിങ് പൊസിഷനെ ചൊല്ലി ഞാനും ഗംഭീറും തമ്മിൽ ഒരിക്കൽ വലിയൊരു വാക്കേറ്റമുണ്ടായി. ഏറെ നിരാശനായ ഞാൻ വാഷ് റൂമിലേക്ക് നടന്നു. എന്റെ പിന്നാലെ ഓടിയെത്തിയ ഗംഭീർ കയർത്ത് കൊണ്ട് ഇങ്ങനെ പറഞ്ഞു.'ഈ സ്വഭാവമാണെങ്കിൽ ഇനിയൊരു കളിയിലും നിനക്ക് കളത്തിലിറങ്ങാനാവില്ല'  എന്തിനാണ് നിങ്ങളിങ്ങനെ സംസാരിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. കയ്യാങ്കളിയോളമെത്തിയ ആ പ്രശ്‌നം കെ.കെ.ആർ ബോളിങ് കോച്ചായ വസീം അക്രം എത്തിയാണ് അന്ന് പരിഹരിച്ചത്''- തിവാരി പറഞ്ഞു.

2015 ൽ ഒരു രഞ്ജി ട്രോഫി മത്സരത്തിനിടെ കേട്ടാലറക്കുന്ന വർത്തമാനങ്ങൾ ഗംഭീർ തന്നോട് പറഞ്ഞതായി തിവാരി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. വൈകുന്നേരം തന്നെ അടിക്കുമെന്ന് പറഞ്ഞ ഗംഭീറിനോട് 'എന്തിന് വൈകീട്ടത്തേക്ക് വക്കണം, ഗ്രൗണ്ടിൽ വച്ച് തന്നെ തല്ലിത്തീർക്കൂ' എന്നായിരുന്നു തിവാരിയുടെ മറുപടി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News