മോട്ടോ ജിപി; മാർക്ക് മാർക്വസ് ലോക ചാമ്പ്യൻ
മോൻ്റഗി: മോട്ടോ ജിപി 2025 ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കി മാർക്ക് മാർക്വസ്. സീസണിൽ ഇതുവരെ 11 റേസ് വിജയങ്ങളും 14 സ്പ്രിൻ്റ് റേസ് വിജയങ്ങളുമായാണ് മാർക്വസ് വിജയത്തിലേക്ക് കുതിച്ചത്. ഏഴ് മോട്ടോ ജിപി കിരീടങ്ങളുമായി വാലൻ്റിനോ റോസിക്കൊപ്പമെത്തി. 2184 ദിവസങ്ങൾക്ക് ശേഷമാണ് മാർക്വസ് വീണ്ടും ലോക കിരീടം ചൂടുന്നത്. നിലവിലെ സീസൺ തുടക്കത്തിൽ ഡുക്കാട്ടി ടീമിലേക്ക് ചേക്കേറിയ മാർക്വസ് തന്റെ ആദ്യ സീസണിലെ തന്നെ കിരീടം സ്വന്തമാക്കി.
സഹ ഡുക്കാട്ടി താരമായ ബാഗ്നായിയുടെ സീസണിലെ മോശം പ്രകടനവും താരത്തിന് സഹായകമായി. ആദ്യ റേസായ തായ്ലൻഡ് ഗ്രാൻഡ്പ്രീ മുതൽ കാറ്റാലൻ ഗ്രാൻഡ്പ്രീ വരെ 14 തുടർച്ചയായ സ്പ്രിന്റ് റേസ് ജയങ്ങളുടെ റെക്കോർഡും മാർക്വസ് തന്റെ പേരിലാക്കി. അത് കൂടാതെ ഒരു സീസണിലെ കൂടുതൽ ജയങ്ങൾ, കൂടുതൽ സ്പ്രിന്റ് റേസ് ജയങ്ങൾ, കൂടുതൽ പോൾ പൊസിഷനുകൾ തുടങ്ങി 13 വ്യത്യസ്ത റെക്കോർഡുകളാണ് നിലവിലെ സീസണിൽ മാർക്വസിന്റെ പേരിലുള്ളത്. തന്റെ 32 വയസ്സിൽ ചാംപ്യൻഷിപ് നേടുമ്പോൾ മോട്ടോ ജിപി ചരിത്രത്തിലെ പ്രായം കൂടിയ ചാമ്പ്യനുമായി.