മകൾ ജൂനിയർ ഹോക്കി ലോകകപ്പിലെ മിന്നും താരം; കുടുംബം പോറ്റാൻ മാതാവ് പച്ചക്കറി വണ്ടിയുമായി തെരുവിൽ

ഹോക്കി ജൂനിയർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മികച്ച താരമായി തെരഞ്ഞെടുത്ത മുംതാസ് ഖാന്റെ വിജയനേട്ടമറിയാതെ മാതാവ് ഖൈസർ ജഹാൻ കച്ചവടതിരക്കിലായിരുന്നു

Update: 2022-04-09 04:36 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്നൗ: ഉച്ചവെയിലിനെ വകവെക്കാതെ ലഖ്നൗവിലെ ടോപ്ഖാന ബസാറിലെ ഇടുങ്ങിയ തെരുവിലൂടെ പച്ചക്കറി വണ്ടിയുമായി ഖൈസർ ജഹാൻ നടന്നു നീങ്ങുമ്പോൾ അങ്ങ് ദൂരെ ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രോമിലെ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ, അവളുടെ മകൾ മുംതാസ് ഖാന്റെ ഹോക്കിസ്റ്റിൽ നിന്നും അടിച്ചുനീങ്ങിയ പന്ത് ഗോൾ കീപ്പറെ കബളിപ്പിച്ച് ഗോൾപോസ്റ്റിലേക്ക് കയറികഴിഞ്ഞിരുന്നു.

വെള്ളിയാഴ്ച നടന്ന ഹോക്കി ജൂനിയർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയ്ക്കെതിരായ ഇന്ത്യയുടെ 3-0 വിജയത്തിന് വഴിയൊരുക്കിയ സുപ്രധാനമായ ഗോളായിരുന്നു മുംതാസിന്റെ ഹോക്കി സ്റ്റിക്കിൽ നിന്നും പിറന്നത്.

എന്നാൽ 19 വയസ്സുള്ള മകളുടെ ചരിത്രഗോളോ ആ മത്സരത്തിലെ മിന്നും പ്രകടനത്തിന് ലഭിച്ച പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഏറ്റുവാങ്ങുന്നത് കാണാനോ കൈസർ ജഹാന് കഴിഞ്ഞിരുന്നു.'വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നല്ല തിരക്കുള്ള സമയമാണ്. അവൾ ഗോൾനേടുന്നത് കാണാൻ ഇഷ്ടമായിരുന്നു. പക്ഷേ അതിന് നിന്നാൽ ഞങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാകും'; അവർ ദ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഭാവിയിൽ അവളുടെ കൂടുതൽ മത്സരങ്ങൾ കാണാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

ആ അമ്മയുടെ ആത്മവിശ്വാസം വെറുതെയല്ല. ഇതുവരെയുള്ള മത്സരങ്ങളിൽ തന്നെ വേഗതകൊണ്ടും കളിമികവുകൊണ്ടും ഇന്ത്യൻ ജൂനിയർ ടീമിന്റെ മിന്നും താരമായി കഴിഞ്ഞു മുംതാസ്. ഇതുവരെ ആറ് ഗോളുകൾ നേടിയ മുംതാസ് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ്. വെയ്ൽസിനെതിരായ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിൽ ഗോൾ നേടിയാണ് മുംതാസ് വരവറിയിച്ചത്. തുടർന്ന് പ്രീ-ടൂർണമെന്റിൽ ജർമ്മനിക്കെതിരെയും വിജയഗോൾ നേടി. മലേഷ്യക്കെതിരെ സെൻസേഷണൽ ഹാട്രിക്ക് നേടി മുംതാസ് തന്റെ ഗോൾ നേട്ടം തുടർന്നു.

മുംതാസിന്റെ പിതാവ് ഹാഫിസ് ഖാനും പച്ചക്കറി കച്ചവടക്കാരനാണ്. മകളുടെ മത്സരം നടക്കുമ്പോൾ ഹാഫിസ് ജുമാനമസ്‌കാരത്തിനായി പള്ളിയിലായിരുന്നു. കച്ചവടതിരക്കിലായതിനാൽ ഉമ്മക്ക് മത്സരം കാണാനായില്ലെങ്കിലും മുംതാസിന്റെ അഞ്ച് സഹോദരിമാർ ലഖ്നൗവിലെ വീട്ടിൽ മൊബൈൽ സ്‌ക്രീനിൽ മത്സരം മുഴുവനും കണ്ടിരുന്നു. 'കഴിക്കാൻ പോലും ഒന്നുമില്ലാതിരുന്ന ദിവസങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. പെൺകുട്ടിയെ സ്‌പോർട്‌സ് കളിക്കാൻ വിട്ടതിന് ഞങ്ങളുടെ മാതാപിതാക്കൾ ഒരുപാട് പരിഹാസം നേരിടേണ്ടി വന്നിരുന്നു. ഇന്ന് അതിനെല്ലാം മുംതാസ് മറുപടി കൊടുത്തിരിക്കുന്നു ഈ സന്തോഷം എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്നും' മുംതാസിന്റെ മൂത്ത സഹോദരി ഫറ പറയുന്നു.

മുംതാസിന് ഹോക്കിയിലേക്ക് എത്തിപ്പെടുന്നത് ആകസ്മികമായാണ്. സ്പ്രിന്റിലായിരുന്നു അവളുടെ താൽപര്യം. 2013 ൽ ആഗ്രയിൽ നടന്ന മത്സരത്തിനായി പോയപ്പോഴാണ് ഹോക്കിയൊന്ന് പരീക്ഷിച്ചുനോക്കാൻ അവളുടെ പരിശീലകനാണ് നിർദേശിച്ചത്. 'ഹോക്കി താരത്തിന് വേണ്ട വേഗതയും ഊർജവും അവൾക്കുണ്ടായിരുന്നെന്ന് ബാല്യകാല പരിശീലകരിലൊരാളായ നീലം സിദ്ദിഖി പറയുന്നു. ലഖ്നൗവിലെ പ്രശസ്തമായ കെ ഡി സിംഗ് ബാബു സ്റ്റേഡിയത്തിലെ അക്കാദമിയിലെ പരിശീലകനാണ് സിദ്ദിഖി. അദ്ദേഹത്തിന്റെ അടുത്താണ് അവൾ ആദ്യമായി പരിശീലനത്തിനായി എത്തിപ്പെടുന്നത്. സെലക്ഷൻ ട്രയലുകളിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച മുംതാസ് സ്‌കോളർഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അതിലൂടെ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. അന്ന് മുംതാസിന് വയസ് 13 ആയിരുന്നു.

ഇന്ത്യക്ക് വേണ്ടി കളിക്കുകയെന്ന സ്വപ്നത്തെ മുംതാസ് പിന്തുടരാൻ തുടങ്ങിയപ്പോൾ, അവളുടെ കുടുംബം ഒരേ സമയം ആവേശത്തിലും ഉത്കണ്ഠയിലുമായിരുന്നു. മുംതാസ് ജനിക്കുന്നതിന് മുമ്പ് സൈക്കിൾ റിക്ഷക്കാരനായിരുന്നു അവരുടെ പിതാവ്. പ്രായമായതോടെ അവരുടെ അമ്മാവനാണ് പച്ചക്കറി വണ്ടി വാങ്ങാനുള്ള സഹായം ചെയ്തുകൊടുത്തത്. ആ വണ്ടിയിലാണ് അവളുടെ മാതാവ് ഇപ്പോഴും കച്ചവടം നടത്തുന്നത്. ആ വണ്ടിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം ആറു പെൺകുട്ടികളുടെ ദൈനംദിന ചെലവുകൾക്കും സ്‌കൂൾ ഫീസിനുപോലും തികയില്ലായിരുന്നു. ഒരു ഹോക്കി കിറ്റ് വാങ്ങാൻ പോലും കുടുംബത്തിന് കഴിഞ്ഞിരുന്നില്ല, മുംതാസിന്റെ അനുജത്തി ഷിറിൻ പറയുന്നു. അതിനെല്ലാം അവളുടെ പരിശീനകനാണ് സഹായിച്ചതെന്ന് അവർ നന്ദിയോടെ ഓർക്കുന്നു.

2017ലാണ് മുംതാസ് ജൂനിയർ ദേശീയ ടീമിൽ ഇടംനേടുന്നത്. അടുത്ത വർഷം, യൂത്ത് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഒമ്പതുപേരിൽ ഒരാളായിരുന്നു അവർ. 'അന്നും ഇതുപോലൊരു നോമ്പുകാലമായിരുന്നു. അന്ന് അവൾ മെഡൽ നേടിയപ്പോൾ പെരുന്നാൾ നേരത്തെയെത്തിയെന്ന് തോന്നി. ഇത്തവണയും അതുപോലെയാണ് തോന്നുന്നത്. സഹോദരി ഫറ പറയുന്നു. ഞായറാഴ്ച ഇന്ത്യ സെമിഫൈനലിൽ ശക്തരായ നെതർലൻഡ്സിനെ നേരിടുമ്പോൾ ഒരാളൊഴികെ എല്ലാവരുടെയും കണ്ണുകൾ മുംതാസിലായിരുക്കും. ആ ഒരാൾ അന്നും കച്ചവടത്തിനായി പച്ചക്കറിവണ്ടിയുമായി മാർക്കറ്റിലുണ്ടാകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News