ലോകകപ്പ് കണ്‍മുന്നില്‍, മെസിക്ക് പരിക്ക്... ആശങ്കയോടെ ഫുട്ബോള്‍ ലോകം

ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരത്തിലാണ് മെസിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് കളിയുടെ 81-ാം മിനുട്ടില്‍ മെസിയെ കോച്ച് ക്രിസ്റ്റഫര്‍ ഗാൾട്ടിയർ തിരിച്ചുവിളിച്ചിരുന്നു.

Update: 2022-10-10 15:00 GMT

മിന്നും ഫോമിലുള്ള സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പരിക്ക് കായികലോകത്ത് ചര്‍ച്ചയാകുന്നു. ഫുട്ബോള്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഫുട്ബോള്‍ ലോകത്തെയാകെ ആശങ്കയിലാക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരത്തിലാണ് മെസിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റതിനെത്തുടര്‍ന്ന് കളിയുടെ 81-ാം മിനുട്ടില്‍ മെസിയെ കോച്ച് ക്രിസ്റ്റഫര്‍ ഗാൾട്ടിയർ തിരിച്ചുവിളിച്ചിരുന്നു. അവസാന മിനുട്ടുകളില്‍ സറാബിയയാണ് മെസിയുടെ പകരക്കാരനായി ഇറങ്ങിയത്. മെസ്സിക്ക് പരിക്കേറ്റതല്ലെന്നും അദ്ദേഹം ക്ഷീണിതനായതുകൊണ്ടാണ് പിൻവലിച്ചത് എന്നുമായിരുന്നു അന്ന് കോച്ച് ഗാൾട്ടിയർ നൽകിയ വിശദീകരണം.

Advertising
Advertising

എന്നാൽ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെ മെസിക്ക് പരിക്കാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടു. അതിനുശേഷം ഫ്രഞ്ച് ലീഗില്‍ നടന്ന റെയിംസിനെതിരായ മത്സരത്തിലും മെസ്സി കളിക്കാനിറങ്ങിയില്ല. താരത്തിന്‍റെ കാലിലെ പേശിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കോച്ച് ക്രിസ്റ്റഫര്‍ ഗാല്‍ട്ടിയറിന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ഞായറാഴ്ച പാരിസില്‍ നടക്കുന്ന പരിശീലനത്തില്‍ താരം പങ്കെടുക്കുമെന്നുമാണ് അന്ന് അദ്ദേഹം അറിയിച്ചത്. 

പക്ഷേ ഞായറാഴ്ച നടന്ന പരിശീലന സെഷനിലും താരം പങ്കെടുത്തില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെന്‍ഫിക്കയുമായി 12-ാം തീയതി നടക്കുന്ന മത്സരത്തില്‍ താരമുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. 

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അകലെയാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും ഫ്രഞ്ച് ലീഗിലുമെല്ലാമായി മെസി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴാണ് പരിക്കിന്‍റെ പിടിയിലാകുന്നത് എന്നതും അര്‍ജന്‍റീനയെയും പി.എസ്.ജിയെയും സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഇതിനോടകം നേടിയ മെസ്സി ഈ സീസണിലെ 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നിരവധി അസിസ്റ്റുകളുമാണ് പി.എസ്.ജിക്കായി നേടിയത്.

മെസ്സിയില്ലാതെ കഴിഞ്ഞ മത്സരത്തിനിറങ്ങിയ പി.എസ്.ജിക്ക് ഗോള്‍രഹിത സമനിലയില്‍ കളിയവസാനിപ്പിക്കേണ്ടി വന്നിരുന്നു. പി.എസ്.ജി അനായാസ ജയം സ്വന്തമാക്കുമെന്ന് ആരാധകര്‍ വിചാരിച്ചെങ്കിലും അത് നടന്നില്ല. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും 14-ാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ പി.എസ്.ജിക്ക് വിചാരിച്ച ആധിപത്യം പുറത്തെടുക്കാന്‍ കഴിയാതെ പോയി. അതിന് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത് മെസി ഫാക്ടറുടെ അഭാവം തന്നെയാണ്. അതിനു മുമ്പ് നടന്ന തുടര്‍ച്ചയായ നാല് മത്സരങ്ങളിലും മെസ്സി ഗോള്‍ സ്കോര്‍ ചെയ്തിരുന്നു. അതില്‍ ഒ.ജി.സി നൈസിനെതിരെ മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്ന മനോഹരമായ ഫ്രീകിക്ക് ഗോളും ഉള്‍പ്പെടുന്നു.

ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന അര്‍ജന്‍റീനക്ക് നവംബര്‍ 22ന് സൌദി അറേബ്യയുമായാണ് ആദ്യ മത്സരം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News