പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

മാറ്റ് വെസ്റ്റാണ് കളിയിലെ താരം

Update: 2025-10-11 16:17 GMT
Editor : നബിൽ ഐ.വി | By : Web Desk

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിൽ ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യ സെറ്റ് നേടിയ ശേഷമാണ് കൊച്ചി തോല്‍വി ഏറ്റുവാങ്ങിയത് (15-13, 15-17, 9-15, 12-15). മാറ്റ് വെസ്റ്റാണ് കളിയിലെ താരം.

നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത്. തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. സി.കെ അഭിഷേകിന്റെ മിന്നുന്ന ആക്രമണ നീക്കങ്ങളാണ് കൊച്ചിക്ക് ഗുണമായത്. എന്നാല്‍ ബംഗളൂരു വിട്ടുകൊടുത്തില്ല. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെ അവര്‍ തിരിച്ചെത്തി. ക്യാപ്റ്റനും സെറ്ററുമായ മാത്യു വെസ്റ്റ് സഹതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ അവസരമൊരുക്കിയതോടെ കളി ബംഗളൂരുവിന് അനുകൂലമായി. നിതിന്‍ മന്‍ഹാസാണ് ബംഗളൂരു ബ്ലോക്കര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത് നിതിനായിരുന്നു.

Advertising
Advertising

എറിന്‍ വര്‍ഗീസായിരുന്നു കൊച്ചിയുടെ ആയുധം. പക്ഷേ ജോയെല്‍ ബെഞ്ചമിനും യാലെന്‍ പെന്റോസും ബംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സമ്മര്‍ദത്തിലായി. ഇതിനിടെ സെറ്റര്‍ ബയ്‌റണ്‍ കെറ്റുറാകിസ് പരിക്കേറ്റ് മടങ്ങിയത് കൊച്ചിയുടെ താളം തെറ്റിച്ചു. പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. കൊച്ചിയുടെ തളര്‍ച്ച മുതലാക്കി ടോര്‍പ്പിഡോസ് ആഞ്ഞടിച്ചു. പെന്റോസായിരുന്നു ആക്രമണകാരി. മറുവശത്ത് കൊച്ചി പിഴവുകള്‍ നിരന്തം വരുത്താനും തുടങ്ങി. ബെംഗളൂരു ആക്രമണനിരയില്‍ സേതു കൂടി ചേര്‍ന്നതോടെ കളി ഏകപക്ഷീയമായി മാറുകയായിരുന്നു. അരവിന്ദിനെ കളത്തിലെത്തിച്ച് കൊച്ചി തിരിച്ചടിക്കാന്‍ ശ്രമിച്ചു. പക്ഷേ ആ ശ്രമങ്ങള്‍ക്കൊന്നും വലിയ ആയുസുണ്ടായില്ല.

നാളെ (ഞായര്‍) രണ്ട് മത്സരങ്ങളാണ്. ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. കഴിഞ്ഞ മൂന്ന് മത്സരത്തിലും കാലിക്കറ്റിന് തോല്‍വിയായിരുന്നു. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും ഏറ്റുമുട്ടും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News