​ഇക്കുറിയെങ്കിലും ആർ.സി.ബി ആരാധകരോട് നീതി കാണിക്കുമോ?

ക്രിക്കറ്റിലെ ഏതാണ്ടെല്ലാ കൊടുമുടികളും നേടിയെടുത്ത വിരാട് കോഹ്‍ലി തന്‍റെ പൂർണതക്കായി ഒരു ഐ.പി.എൽ കിരീടം തികച്ചും ആഗ്രഹിക്കുന്നുണ്ട്

Update: 2024-03-22 05:01 GMT
Advertising

'ഈ സാല കപ്പ് നംദേ'.. ഓരോ ആർസിബി ആരാധകനും അത് ഹൃദയത്തോട് ചേർത്തുവെച്ച പ്രതീക്ഷയുടെ വാക്കുകളാണ്. എതിരാളികൾക്കാകട്ടെ, അതൊരു പരിഹാസ വാചകവും. 16 വർഷങ്ങളായി നിറഞ്ഞ ഗാലറികൾക്കും ആർത്തുവിളിക്കുന്ന കാണികൾക്കും മുമ്പിൽ നിരാശരായി ആർ.സി.ബി ടീം മടങ്ങുന്നു. ചില സീസണുകളിൽ ടീം അമ്പേ പരാജയമായി മടങ്ങിയപ്പോൾ മറ്റുചിലപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം കൈവിട്ടു. തോൽവിയിലും ജയത്തിലും കൂടെ നിന്ന ആരാധകരും ആദ്യ സീസൺ മുതൽ ടീമിനൊപ്പമുള്ള വിരാട്​ കോഹ്‍ലിയും

പ്രസ്റ്റീജിയസ് ട്രോഫിയായ ഐ.പി.എൽ കിരീടം ഇക്കുറിയെങ്കിലും ബെംഗളൂരുവിലേക്കെത്തുമെന്ന് അതിയായി മോഹിക്കുന്നു. ക്രിക്കറ്റിലെ ഏതാണ്ടെല്ലാ കൊടുമുടികളും നേടിയെടുത്ത വിരാട് കോഹ്‍ലി തന്റെ പൂർണതക്കായി ഒരു ഐ.പി.എൽ കിരീടം തികച്ചും ആഗ്രഹിക്കുന്നുണ്ട്. തങ്ങൾക്ക് ഇനിയും സാധിക്കാത്തത് നേടിയെടുത്ത് വനിതാ ടീം പുരുഷൻമാർക്ക് മുന്നിൽ പ്രതീക്ഷയുടെ പുതുദിശ തുറന്നിട്ടുണ്ട്.

വിരാട് കോഹ്‍ലി, ​ഫാഫ് ഡു​പ്ലെസിസ്, ​ഗ്ലെന്‍ മാക്സ്വെൽ, കാമറൂൺ ഗ്രീൻ.. എന്തിനും പോന്ന നാല് സൂപ്പർ താരങ്ങൾ തന്നെയാണ് ടീമിന്റെ കരുത്ത്. ദിനേശ് കാർത്തിക്, അനുജ് റാവുത്ത്, രജത് പട്ടീതാർ, മഹിപാൽ ലോംറർ അടക്കമുള്ളവരാകും ശേഷിക്കുന്ന പൊസിഷനുകളിൽ ബാറ്റിങ്ങിന് ഇറങ്ങുക. ബോളിങ് ഡിപ്പാർട്മെന്റിൽ ആർ.സി.ബിയിൽ ഇരിപ്പുറപ്പിച്ച മുഹമ്മദ് സിറാജിനൊപ്പം പുതുതായി ടീമിലെത്തിയ ലോക്കി ഫെർഗൂസൺ, അൽസാരി ജോസഫ്, റീസെ ടോപ്ലേ എന്നിവരാകും പേസ് ബൗളിങിനെ നയിക്കുക. കൂടെ കാമറൂൺ ഗ്രീനും സ്പിന്നുമായി ​െഗ്ലൻ മാക്സ്വെലും ചേരും. എല്ലാകാലത്തും ആർ.സി.ബിക്ക് തലവേദന സൃഷ്ടിക്കുന്ന ബൗളിങ് ഡിപ്പാർട്മെന്റിന്റെ ഫോം അനുസരിച്ചാകും ടീമിന്റെ മുന്നോട്ടുള്ള പ്രയാണം.

എല്ലാകാലത്തും സൂപ്പർ താരങ്ങളാൽ സമ്പന്നമാണ് ആർ.സി.ബി. കിരീട വരൾച്ചയുണ്ടായിട്ടും ആർ.സി.ബിക്കുള്ള ജനപിന്തുണയുടെ കാരണവും അതുതന്നെ. പക്ഷേ നക്ഷത്രത്തിളക്കത്തിനപ്പുറത്ത് ഒരു ടീമെന്ന നിലയിൽ ഒന്നിച്ചുമുന്നേറാനാകാത്തതാണ് ആർ.സി.ബിയെ പിന്നോട്ട് നടത്തിയത്. സന്തുലിതമായ ടീം ഒരുക്കി നൽകാനാകാത്ത മാനേജ്മെന്റും ഇതിൽ കുറ്റക്കാരാണ്. ക്യാപ്റ്റൻസിയെന്ന മുൾക്കിരീടം വെറ്ററൻ താരം ഫാഫ് ഡുപ്ളെസിയെ ഏൽപ്പിച്ച വിരാട് കോഹ്‍ലി പോയ സീസണിലെ ഫോം ഇക്കുറിയും നിലനിർത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കടലാസിൽ കപ്പടിക്കാനുള്ള ടീമൊക്കെ ആർ.സി.ബിക്കുണ്ട്. കടലാസിലെ കരുത്ത് കളത്തിൽ കാണിക്കുന്നതിനൊപ്പം തന്നെ കളിയുടെ കാവ്യനീതി കൂടി തങ്ങളെ അനുഗ്രഹിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News