'റിയാദ് മെഹ്‌റസ് വാണിയംകുളം ഗ്രൗണ്ടിൽ'; ഫോട്ടോ പങ്ക് വച്ച് മാഞ്ചസ്റ്റർ സിറ്റി

റിയാദ് മെഹ്‌റസിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്

Update: 2023-02-22 08:14 GMT

Riyad Mahrez

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു ചിത്രം കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമാണിപ്പോൾ. കേരളത്തിലെ ഒരു ഫുട്‌ബോൾ മൈതാനം. നിരവധി പ്രാദേശിക താരങ്ങൾ.. അവർക്കിടയിൽ ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കി കിക്കെടുക്കുന്ന സൂപ്പർ താരം റിയാദ് മെഹ്‌റസ്. റിയാദ് മെഹ്‌റസിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പങ്കുവച്ച ഈ എഡിറ്റഡ് ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

പാലക്കാട് ജില്ലയിലെ വാണിയംകുളത്തെ ചോറോട്ടൂർ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് അരങ്ങേറിയ വാണിയംകുളം ഫുട്‌ബോൾ ലീഗെന്ന പ്രാദേശിക ടൂർണമെന്റിലെ ചിത്രത്തിലാണ് റിയാദ് മെഹ്‌റസിന്റെ ഫോട്ടോ ടീം എഡിറ്റ് ചെയ്ത് ചേർത്തത്. 2021 ൽ അരങ്ങേറിയ ടൂർണമെന്റിൽ എസ്.ആർ.വി ഫുട്‌ബോൾ ക്ലബ്ബും ബറ്റാലിയൻ വെള്ളിയാടും തമ്മിൽ നടന്ന മത്സര ചിത്രമാണിത്.

Advertising
Advertising

എന്നാല്‍ ബംഗാളിയിലാണ്  മെഹ്റസിന് മാഞ്ചസ്റ്റര്‍ സിറ്റി ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇതോടെ പോസ്റ്റിന് താഴെ നിരവധി മലയാളികൾ രസകരമായ കമന്റുകളെഴുതുന്നുണ്ട്. ''മാഞ്ചസ്റ്ററേ ഇന്ത്യയിലെ എല്ലാവരും ബംഗാളി അല്ല കേട്ടോ സംസാരിക്കുന്നത്.  ഇത് കേരളമാണ് ഇവിടെ ബംഗാളികൾ വന്ന് പണിയെടുക്കുന്നു എന്നേയുള്ളൂ പക്ഷേ ഇവിടുത്തെ ഭാഷ മലയാളം ആണ്'' എന്നാണ് ഒരാള്‍ കുറിച്ചത്. പോസ്റ്റിന് താഴെ വാണിയംകുളം ഫുട്ബോള്‍ ലീഗ് എന്ന പേജും കമന്‍റ് ചെയ്തിട്ടുണ്ട്. ''റിയാദ് മെഹ്റസിനെ പോലെ ഒരു കളിക്കാരന് ജന്മദിനാശംസ നേരാന്‍ വാണിയംകുളം ഫുട്ബോള്‍ ലീഗിന്‍റെ ചിത്രം പങ്കുവച്ചതിന് നന്ദി. ചിത്രത്തിന്‍റെ ക്രെഡിറ്റ് കൂടെ പങ്കുവക്കൂ. ഞങ്ങളെ ലോകം അറിയട്ടെ'' എന്നാണ് പേജ് കമന്‍റ് ചെയ്തത്.




 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News