'സുരക്ഷയാണ് പ്രധാനം'; ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യ

2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് എട്ട് രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി അരങ്ങേറുന്നത്

Update: 2024-11-29 13:03 GMT

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ തീരുമാനം. ഇക്കാര്യത്തിൽ ബിസിസിഐ നിലപാട് അംഗീകരിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

പാകിസ്താനിലേക്ക് ടീം പോകില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ ആവർത്തിച്ചു.സ പാകിസ്താന് പകരം ദുബൈയിലോ ശ്രീലങ്കയിലോ ആണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയായി പരിഗണിക്കുന്നത്‌. അതിനിടെ വേദി സംബന്ധിച്ച ഇന്ന് ദുബൈയിൽ നടക്കാനിരുന്ന ഐസിസി യോഗം നാളെത്തേക്ക് മാറ്റി

Advertising
Advertising

2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് എട്ട് രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി അരങ്ങേറുന്നത്. പോയ മാസം ഇസ്‍ലാമാബാദിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ ഇന്ത്യൻ ​വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ പ​ങ്കെടുക്കുകയും പാക് അധികൃതരുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടാകുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.

ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് വ്യക്തമായതോടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യു.എ.ഇയിലോ ​ശ്രീലങ്കയിലോ വെച്ച് നടത്താനാണ് ഐ.സി.സിയുടെ ശ്രമം. എന്നാൽ ഇതിനോട് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് യോജിപ്പില്ല. പാക് ടീം ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കാന്‍ വരെ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വരുന്നില്ലെങ്കിൽ തുടർന്നുള്ള ഒരു ഐ.സി.സി ടൂർണമെന്റിലും പ​ങ്കെടുക്കില്ലെന്ന കടുത്ത നിലപാടിലേക്ക് പാകിസ്താൻ നീങ്ങാനും സാധ്യതയുണ്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി നേരത്തേ തന്നെ ബി.സി.സി.ഐ തീരുമാനത്തിൽ നിരാശ അറിയിച്ചിരുന്നു. ‘‘ അടുത്തുവർഷങ്ങളിലായി പാകിസ്താൻ ഒരുപാട് നല്ല ചുവടുകൾ വെച്ചിട്ടുണ്ട്. പക്ഷേ എപ്പോഴും പാകിസ്താൻ ഇങ്ങനെ ചെയ്യുമെന്ന് കരുതരുത്’’ -നഖ്‍വി പ്രതികരിച്ചു. പാകിസ്താൻ മുൻതായകൻ റഷീദ് ലത്തീഫ് അടക്കമുള്ളവര്‍ അന്ന് ഇതിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തി. ഇന്ത്യൻ സർക്കാറിനെപ്പോലെ പാകിസ്താനും തീരുമാനമെടുക്കുകയാണങ്കിൽ ഐ.സി.സിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന മുന്നറിയിപ്പാണ് റഷീദ് ലത്തീഫ് നൽകിയത്.

പോയവർഷം നടന്ന ഏഷ്യകപ്പിന് പാകിസ്താൻ ആതിഥ്യം വഹിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു നടന്നത്.1996ൽ സംയുക്തമായി ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ലോകകപ്പിന് ശേഷം പാകിസ്താൻ ഇതാദ്യമായാണ് ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്. 2008ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദർശിച്ചിട്ടില്ല. ഐ.സി.സി ടൂർണമെന്റുകൾക്കായി പാകിസ്താൻ ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും 2013ന് ശേഷം ഇരുടീമുകളും തമ്മിലുള്ള പരമ്പരകളും അരങ്ങേറിയിട്ടില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News