തോൽക്കുമ്പോൾ മാത്രം സാകയുടെ ചിത്രം; ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് കിക് ഇറ്റ് ഔട്ടിന്റെ തുറന്ന കത്ത്

വംശീയതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുക മാത്രമല്ല, സ്വന്തം ന്യൂസ് റൂമുകളിലുള്ള വംശീയതെ ചെറുക്കാനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്ന് കിക്ക് ഇറ്റ് ഔട്ട് കത്തില്‍ ഓർമ്മിപ്പിക്കുന്നു

Update: 2024-06-11 08:44 GMT

2021  ജൂലൈ 12 . യൂറോ കപ്പില്‍ ജിയാന്‍ ലൂയിജി ഡൊണ്ണറുമ്മ എന്ന ഇറ്റാലിയന്‍ വന്‍മതിലിന് മുന്നില്‍ ഇംഗ്ലണ്ട് കവാത്ത് മറന്നു.  വെംബ്ലിയെ നിശബ്ദമാക്കി അന്ന് മൈതാനത്ത് അസൂറികളുടെ പുഞ്ചിരി വിടര്‍ന്നപ്പോള്‍ മൂന്ന് താരങ്ങളുടെ കണ്ണീര് കൂടി ആ മണ്ണില്‍ വീണു. മാര്‍ക്കസ് റഷ്ഫോര്‍ഡ്, ജേഡണ്‍ സാഞ്ചോ, ബുക്കായോ സാക്ക. ഷൂടൌട്ടില്‍ അന്ന് പെനാല്‍ട്ടി പാഴാക്കിയത് മൂന്ന് കുടിയേറ്റക്കാരായിരുന്നു. യൂറോ ഫൈനലിന് ശേഷം ഇംഗ്ലീഷ് ആരാധകര്‍ ഈ മൂന്ന് താരങ്ങളെ മൈതാനത്തിന് പുറത്ത് ക്രൂരമായാണ് വേട്ടിയത്. 

ആ മൂന്നു പേരെ ടീമില്‍ നിന്ന് പുറത്താക്കണം എന്ന മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേട്ടു. പെനാൽറ്റി നഷ്ടമാക്കിയപ്പോഴെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നും ഒരു വംശീയാധിക്ഷേപത്തിനും തന്നെ തകര്‍ക്കാനാവില്ല എന്നും ബുക്കായോ സാക്ക പ്രതികരിച്ചു. ഞാനാരാണ് എന്നതിന്‍റെ പേരില്‍ ഞാനൊരാളോടും മാപ്പ് പറയാന്‍ പോവുന്നില്ലെന്നായിരുന്നു റഷ്ഫോര്‍ഡിന്‍റെ പ്രതികരണം. "ഞാന്‍ മാര്‍ക്കസ് റഷ്ഫോര്‍ഡ്. 23 വയസ്സ്, വിതിങ്ടണിൽ നിന്നുള്ള കറുത്ത വര്‍ഗക്കാരന്‍ എന്ന് തുടങ്ങുന്ന റാഷ്ഫോര്‍ഡിന്‍റെ കുറിപ്പ് ഫുട്ബോള്‍ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. താരങ്ങള്‍ക്ക് പിന്തുണയുമായി ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അന്ന് പരസ്യമായി രംഗത്തു വന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇംഗ്ലീഷ് ഫുട്ബോളില്‍ തുടരുന്ന വംശീയതക്ക് 2024 ലും കുറവൊന്നുമില്ല. 

Advertising
Advertising

കഴിഞ്ഞ ദിവസം  ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഫുട്ബോള്‍ മൈതാനങ്ങളിലെ വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കിക്ക് ഇറ്റ് ഔട്ട് ഒരു തുറന്ന കത്തയച്ചു.  യൂറോ കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഐസ്ലന്‍റിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബുക്കായോ സാക്കയുടെ ചിത്രമാണ് കിക്ക് ഇറ്റ് ഔട്ടിനെ ചൊടിപ്പിച്ചത്.  ഇംഗ്ലണ്ട് തോല്‍ക്കുമ്പോഴൊക്കെ തലവാചകങ്ങള്‍ക്ക് താഴെ ബുകായോ സാകയടക്കമുള്ള കറുത്ത വര്‍ഗക്കാരായ കളിക്കാരുടെ മാത്രം ചിത്രം കൊടുക്കുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തായിരുന്നു ഈ കത്ത്. 

എതിരില്ലാത്ത ഒരു ഗോളിനാണ് ഐസ്സന്‍റിനോട് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. കളിയുടെ 65-ാം മിനിറ്റിലാണ് ആൻ്റണി ഗോർഡന് പകരക്കാരനായി ബുകായോ സാക മൈതാനത്ത് എത്തുന്നത് തന്നെ. 12ാം മിനിറ്റിൽ ഇംഗ്ലണ്ട് ഗോൾ വഴങ്ങിയപ്പോൾ മൈതാനത്ത് ഇല്ലാത്ത സാക്കയുടെ ചിത്രമാണ് ഓൺലൈൻ മാധ്യമങ്ങളും അടുത്ത ദിവസമിറങ്ങിയ പത്രങ്ങളും തോൽവിയെക്കുറിച്ച വാർത്തകൾക്കൊപ്പം ചേർത്തത്. ഇതോടെ 2021 ലെ വിവാദങ്ങള്‍ക്ക് ശേഷം അടുത്ത യൂറോക്ക് മുമ്പേ വംശീയതയെക്കുറിച്ച ചര്‍ച്ചകള്‍ ഫുട്ബോള്‍ ലോകത്ത് നിറഞ്ഞു. വിവേചനത്തെക്കുറിച്ചും വംശീയതയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍  റിപ്പോർട്ട് ചെയ്യുക മാത്രമല്ല, സ്വന്തം  ന്യൂസ് റൂമുകളിലുള്ള  വംശീയതെ ചെറുക്കാനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്ന് കിക്ക് ഇറ്റ് ഔട്ട് തങ്ങളുടെ കത്തില്‍ ഓർമ്മിപ്പിക്കുന്നുണ്ട്. 

 വിനീഷ്യസ് ജൂനിയറിനെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളെ തുടര്‍ന്ന് മൂന്ന് വലൻസിയ ആരാധകർക്ക് കഴിഞ്ഞ ദിവസമാണ് എട്ട് മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. ഒരു ഫുട്ബോൾ മത്സരത്തിലെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് സ്പെയിനില്‍ ആദ്യമായി ലഭിക്കുന്ന തടവു ശിക്ഷയാണിത്. കഴിഞ്ഞ രണ്ട് സീസണുകളിലായി വിനീഷ്യസിനെതിരെ 16 വംശീയ അധിക്ഷേപ സംഭവങ്ങളാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർക്ക് മുന്നില്‍ ലാ ലിഗ റിപ്പോർട്ട് ചെയ്തത്. 

കഴിഞ്ഞ വർഷം മെയിലാണ് വിനീഷ്യസിനെതിരെ  വലൻസിയ ആരാധകർ വംശീയ അധിക്ഷേപം നടത്തിയത്. സ്റ്റേഡിയത്തിലെ വലൻസിയ ആരാധകനെ ചൂണ്ടിക്കാണിച്ച് ആയാളാണ് തന്നെ കുരങ്ങനെന്ന് വിളിച്ചതെന്ന് പറയുന്ന വിനീഷ്യസിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പിന്നീടാ മത്സരം മിനിറ്റുകളോളം നിർത്തിവച്ചു.

മൈതാനത്ത് കണ്ണീരണിഞ്ഞ് നില്‍ക്കുന്ന വിനീഷ്യസിന്‍റെ ചിത്രങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലായി. വംശീയതയെ നേരിടുന്നതിൽ സ്പാനിഷ് ഫുട്‌ബോളിൻ്റെ പരാജയത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നു. ''സ്പെയിനിൽ നിങ്ങൾ എതിരാളികളെ ബഹുമാനിക്കാൻ പഠിക്കണം.. കുരങ്ങിനെ പോലെ നൃത്തം ചവിട്ടരുത്..''   വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ അധിക്ഷേപിച്ച് സ്പാനിഷ് ഫുട്ബോൾ ഏജൻറ്‌സ് അസോസിയേഷൻ മേധാവി പെഡ്രോ ബ്രാവോ അന്ന്  പറഞ്ഞ വംശീയ വർത്തമാനവും ഏറെ വിവാദത്തിനടയാക്കി. 

ജയിക്കുമ്പോൾ ജർമൻകാരനായും തോൽക്കുമ്പോൾ കുടിയേറ്റക്കാരനായും മുദ്രകുത്തുന്നതു സഹിച്ചു തനിക്കു മടുത്തു എന്നു പറഞ്ഞാണ് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാളായ ഓസിൽ രാജ്യാന്തര മൽസരങ്ങളിൽനിന്നു വിടവാങ്ങിയത്. ജർമൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഗ്രിന്‍റലിന്‍റേയും കൂട്ടാളികളുടെയും കണ്ണിൽ ജയിക്കുമ്പോൾ താൻ ജർമൻകാരനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമാണ്..’’– ഓസിൽ തന്‍റെ വിടവാങ്ങല്‍ കുറിപ്പിലെഴുതിയത് ഇങ്ങനെയാണ്. ജർമനിയിൽ നികുതി അടയ്ക്കുന്ന പൗരനായിട്ടും സ്കൂളുകൾക്കു സാമ്പത്തിക സഹായം നൽകിയിട്ടും ടീമിനൊപ്പം ലോകകപ്പ് നേടിയിട്ടും തന്നെ രാജ്യത്തെ  പൗരനായി കാണാൻ പലർക്കും കഴിയുന്നില്ല.  2009ൽ ടീമിനുവേണ്ടി അരങ്ങേറിയതുമുതൽ താൻ കൈവരിച്ച നേട്ടങ്ങൾ എല്ലാവരും മറന്നുവെന്നും ഓസില്‍ തുറന്നടിച്ചിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News