സഞ്ജു വീണ്ടും സംപൂജ്യന്‍‌; നിരാശ...

രവീന്ദ്ര ജഡേജയുടെ പന്തില്‍ സഞ്ജു സാംസണ്‍ ബൌള്‍ഡായി പുറത്താകുകയായിരുന്നു.

Update: 2023-04-12 16:47 GMT

ജഡേജയുടെ പന്തില്‍ പൂജ്യത്തിന് പുറത്താകുന്ന സഞ്ജു സാംസണ്‍

Advertising

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്‍സൊന്നുമടക്കാതെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്ത്. ചെന്നൈ സൂപ്പര്‍‍ കിങ്സിനെതിരായ മത്സരത്തിലാണ് സഞ്ജു വീണ്ടും സംപൂജ്യനായി മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെയും സഞ്ജു ഡക്കായി മടങ്ങിയിരുന്നു. അന്ന് നാല് പന്ത് നേരിട്ടാണ് സഞ്ജു  പൂജ്യനായി പുറത്തായത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.

ഇന്ന് ചെന്നൈക്കെതിരായ മത്സരത്തില്‍ രണ്ട് പന്ത് നേരിട്ടാണ് റണ്‍സൊന്നുമെടുക്കാനാകാതെ സഞ്ജു മടങ്ങിയത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൌള്‍ഡായി പുറത്താകുകയായിരുന്നു. അതേസമയം ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 55 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെയും 42 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

രാജസ്ഥാനെ 175 റണ്‍സിനൊതുക്കി ചെന്നൈ

മിന്നും തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാകാതെ പോയതോടെ ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത 20  ഓവറില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 87 ന് ഒന്നെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് രാജസ്ഥാന്‍ 175 റണ്‍സിലൊതുങ്ങിയത്. ജൈസ്വാളിന്‍റെ(10) വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും(38) ജോസ് ബട്‍ലറും ചേര്‍ന്ന് രാജസ്ഥാനായി 77 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി.

പിന്നീടെത്തിയ സഞ്ജു(0) നിരാശപ്പെടുത്തിയെങ്കിലും അശ്വിനും(30) ഹെറ്റ്മെയറും(30) കിട്ടിയ അവസരത്തില്‍ തിളങ്ങി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറേലിന് പക്ഷേ ഇത്തവണ ആ മികവ് പുറത്തെടുക്കാനായില്ല. നാല് റണ്‍സെടുത്ത് ജുറേല്‍ പുറത്തായി. ചെന്നൈക്കായി ആകാശ് സിങും തുഷാര്‍ പാണ്ഡേയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News