'ലോകകപ്പിന് യോഗ്യത പോലും നേടാത്ത സ്വന്തം രാജ്യത്തിന്റെ കാര്യം നോക്ക്'; ഇബ്രാഹിമോവിച്ചിന്‍റെ വായടപ്പിച്ച് അഗ്യൂറോ

'ബാഴ്സയില്‍ നിന്ന് ഗ്വാര്‍ഡിയോള താങ്കളെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്ന് ഓര്‍ത്താല്‍ നല്ലത്'

Update: 2023-01-27 13:15 GMT

ലോകകപ്പ് വിജയാഘോഷത്തിനിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളിൽ അർജന്റൈൻ താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച  സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് മറുപടിയുമായി  സെര്‍ജിയോ അഗ്യൂറോ. ഇബ്രാഹിമോവിച്ച് സ്വന്തം രാജ്യത്തിന്‍റെ കാര്യം നോക്കിയാല്‍ മതിയെന്നും ഞങ്ങള്‍ ലോക ചാമ്പ്യന്മാരാണെന്നും അഗ്യൂറോ പറഞ്ഞു. മോശം പെരുമാറ്റം കാരണം ലയണൽ മെസ്സിയൊഴികെ മറ്റ് താരങ്ങളൊന്നും ലോകകപ്പ് വിജയത്തിന്റെ പേരിൽ ഓർമിക്കപ്പെടില്ലെന്നാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്. 

മാഞ്ചസ്റ്റർ ഡെർബിയിൽ ഇബ്രയുടെ മോശം പെരുമാറ്റം ഓർമിപ്പിച്ചായിരുന്നു അഗ്യൂറോയുടെ മറുപടി.''ഇബ്രാഹിമോവിച്ചിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടില്ലേ. ഞാൻ ബെഞ്ചിലായിരിക്കുമ്പോൾ നിങ്ങൾ എന്നെ പലതവണ പ്രകോപിപ്പിച്ചിട്ടുണ്ട് . ഒട്ടാമെന്‍ഡിയോടും ഗ്വാര്‍ഡിയോളയോടും നിങ്ങള്‍ മോശമായി പെരുമാറിയിട്ടുണ്ട്. ബാഴ്സയില്‍ നിന്ന് ഗ്വാര്‍ഡിയോള താങ്കളെ ഒഴിവാക്കിയത് അത് കൊണ്ടാണ്. അര്‍ജന്‍റീനയെ കുറിച്ച് ആശങ്കപ്പെടുന്നതിന് മുമ്പ് കഴിഞ്ഞ രണ്ട് തവണ ലോകകപ്പിന് യോഗ്യത പോലും നേടാത്ത നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടൂ.''- അഗ്യൂറോ പറഞ്ഞു.

Advertising
Advertising

അര്‍ജന്‍റൈന്‍ താരങ്ങളെ കുറിച്ച് ഇബ്രാഹിമോവിച്ച് പറഞ്ഞത് ഇങ്ങനെ,  ''മെസ്സി ലോകകപ്പ് വിജയത്തിന്റെ പേരിൽ എക്കാലവും ഓർമിക്കപ്പെടും.. എന്നാൽ മറ്റു താരങ്ങൾ അങ്ങനെയല്ലല്ലോ.. അവരോട് എനിക്ക് ഒരു ബഹുമാനവുമില്ല. ലോകകപ്പ് വിജയത്തിന് ശേഷം അവരുടെ സമീപനം ഒട്ടും പ്രൊഫഷണലായിരുന്നില്ല.. അതിനാൽ ജനഹൃദയങ്ങളിലും അവർക്ക് ഇടമുണ്ടാവില്ല''- ഇബ്രാഹിമോവിച്ച് പറഞ്ഞു.

ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്‍റൈന്‍ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്‍റെ അതിരുവിട്ട ആഘോഷപ്രകടനങ്ങൾ വലിയ വിവാദമായിരുന്നു. വിക്ടറി പരേഡിലും ഡ്രസിങ്ങ് റൂമിലുമായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ മറ്റ് അർജന്റീന താരങ്ങളും പരിഹസിച്ചിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News