തുടക്കം ഗംഭീരം; കൂറ്റൻ ജയവുമായി സഞ്ജുവും സംഘവും

72 റണ്‍സിനാണ് രാജസ്ഥാന്‍ ഹൈദരാബാദിനെ തകര്‍ത്തത്.

Update: 2023-04-02 14:21 GMT

ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം. 72 റണ്‍സിനാണ്  രാജസ്ഥാന്‍ ഹൈദരാബാദിനെ തകര്‍ത്തത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 203 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 131 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി യുസ്‍വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. 

രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല കീഴടക്കാനെത്തിയ ഹൈദരാബാദിന്‍റെ രണ്ട് വിക്കറ്റുകള്‍ ആദ്യ ഓവറില്‍ തന്നെ വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ടാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയുമാണ് ബോള്‍ട്ടിന്‍റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ പൊരുതാന്‍ പോലുമാവാതെ വീണത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണ് കൊണ്ടേയിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.  32 റണ്‍സെടുത്ത  അബ്ദു  സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. 

Advertising
Advertising

നേരത്തേ ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  അര്‍ധ സെഞ്ച്വറികളുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോസ് ബട്‍ലറും യശസ്വി ജയസ്വാളും തകര്‍ത്തടിച്ചപ്പോല്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി.  നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സഞ്ജുവും സംഘവും 203 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സഞ്ജു നാല് സിക്സിന്‍റേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 55 റണ്‍സെടുത്തു.  

കഴിഞ്ഞ സീസണില്‍ നിര്‍ത്തിയേടത്ത് നിന്ന് തുടങ്ങിയ  ജോസ് ‍ബട്‍ലര്‍  വെറും 22 പന്തില്‍ മൂന്ന് സിക്സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്.  ജയസ്വാള്‍ 34 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു.  തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിച്ച ബട്‍ലര്‍ ജയസ്വാള്‍ കൂട്ടുകെട്ട് സ്കോര്‍ ബോര്‍ഡില്‍ 85 റണ്‍സ്  ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 54 റണ്‍സെടുത്ത ബ‍ട്‍ലറിനെ ഫസലുല്‍ ഹഖ് ഫാറൂഖിയാണ് പുറത്താക്കിയത്

 ശേഷം ക്രീസിലെത്തിയ  ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തുടക്കം മുതല്‍ തന്നെ ടോപ് ഗിയറിലായിരുന്നു. ഹൈദരാബാദ് ബോളര്‍മാരൊക്കെ  സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.  ഒടുക്കം നടരാജന് വിക്കറ്റ് നല്‍കിയായിരുന്നു സഞ്ജുവിന്‍റെ മടക്കം. ഹൈദരാബാദിനായി ഫസലുല്‍ ഹഖ് ഫാറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News