ഇന്ത്യൻ ക്യാമ്പില്‍ 'കേരള മോഡല്‍' ക്യാച്ച് പരിശീലനം നേരത്തേ തുടങ്ങിയിരുന്നു; വീഡിയോ പങ്കുവച്ച് കെ.സി.എ
രണ്ട് റണ്ണിന്‍റെ ആദ്യ ഇന്നിങ്സ് ലീഡിലാണ് കേരളം ഫൈനല്‍ പ്രവേശം നേടിയത്
രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ഫൈനൽ പ്രവേശത്തോടെ ചർച്ചകളിൽ നിറയെ മലയാളി താരം സൽമാൻ നിസാറിന്റെ ഹെൽമറ്റാണ്. ലീഡെടുക്കാൻ വെറും മൂന്ന് റൺ മതി എന്നിരിക്കെ ഗുജറാത്തിന്റെ അവസാന ബാറ്റർ നാഗസ്വാല അടിച്ചൊരു ഷോട്ട് ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ കൊണ്ട് ഉയരുകയായിരുന്നു.
ക്യാപ്റ്റൻ സച്ചിൻ ബേബി പന്തിനെ അനായാസം കൈപ്പിടിയിലൊതുക്കിയതോടെ കേരളത്തിന് നിർണായകമായ രണ്ട് റൺ ലീഡ് ലഭിച്ചു. ആ ലീഡിന്റെ പിൻബലത്തിലാണ് കേരളം ഫൈനൽ പ്രവേശം നേടിയത്.
ഇപ്പോളിതാ കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ച ഹെൽമറ്റ് ക്യാച്ചിന് സമാനമായി ഇന്ത്യൻ താരങ്ങൾ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫീൽഡിൽ പരിശീലനം നടത്തുന്നൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കെ.സി.എ. വിഡിയോയിൽ മുകളിലേക്ക് അടിച്ചുയർത്തിയ പന്ത് ഹെൽമറ്റിൽ കൊള്ളിച്ച് ക്യാച്ച് നേടി ആഘോഷിക്കുന്ന വിരാട് കോഹ്ലിയെ അടക്കം കാണാം.