''നിർഭാഗ്യവശാൽ അവൻ ഫോമിലല്ല''; പരാഗിന്റെ കാര്യത്തിൽ മൗനം വെടിഞ്ഞ് സംഗക്കാര

'നെറ്റ്സില്‍ അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാറുണ്ട്'

Update: 2023-04-20 06:37 GMT

ഐ.പി.എല്ലില്‍ മോശം ഫോം തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന്‍റെ കാര്യത്തില്‍ മൗനം വെടിഞ്ഞ് കോച്ച് സംഗക്കാര. പരാഗ് നെറ്റ്സില്‍ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ടെന്നും നിര്‍ഭാഗ്യവശാല്‍ ഗ്രൌണ്ടില്‍ അത് കാണാറില്ലെന്നും സംഗക്കാര പറഞ്ഞു. 

''കഴിഞ്ഞ ദിവസം അവസാന ഓവറുകളില്‍ കഴിയാവുന്നത്രയും ബൗണ്ടറികൾ നേടാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. ജുറേലും ബാറ്റ് ചെയ്യാനുണ്ടായിരുന്നു.മിഡിൽ ഓവറുകളിൽ രണ്ടോ മൂന്നോ സിക്‌സ് കണ്ടെത്താനായിരുന്നെങ്കില്‍ ഞങ്ങള്‍ ജയിച്ചേനെ. നെറ്റ്‌സിൽ പരാഗ് നന്നായി ബാറ്റ് വീശാറുണ്ട്. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ അവൻ ഇപ്പോൾ ഫോമിലല്ല. ഞങ്ങൾ അത് പരിശോധിക്കും''- സംഗക്കാര പറഞ്ഞു.

Advertising
Advertising

നേരത്തേ പരാഗിനെതിരെ വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗും രംഗത്ത് വന്നിരുന്നു.അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന താരങ്ങളോട് രാജസ്ഥാന്‍  ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് പരാഗിന് ഇപ്പോളും അവസരം നല്‍കുന്നത് എന്ന് സെവാഗ് പറഞ്ഞു.

''ഒരുപാട് കാലമായി രാജസ്ഥാൻ പരാഗിൽ വിശ്വാസമർപ്പിച്ചിട്ട്. എന്നാൽ ടീമിന്റെ വിശ്വാസം കാത്ത് സൂക്ഷിക്കാൻ അവന് ഇത് വരെ കഴിഞ്ഞിട്ടില്ല. ബെഞ്ചിലിരിക്കുന്ന മറ്റ് താരങ്ങൾക്ക് അവസരം നൽകാൻ രാജസ്ഥാൻ തയ്യാറാവണം. ഇനിയും ഇത് തുടർന്നാൽ നിരവധി പേരോട് ചെയ്യുന്ന അനീതിയാവും അത്'' സെവാഗ് പറഞ്ഞു.

ഐ.പി.എല്ലില്‍ കാലങ്ങളായി മോശം ഫോം തുടരുകയാണ്  റിയാന്‍ പരാഗ്. കഴിഞ്ഞ ദിവസം ലക്നൗവിനെതിരായ മത്സരത്തില്‍ വിജയമെത്തിപ്പിടിക്കാം എന്നിരിക്കേ രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത് പരാഗിന്‍റെ മെല്ലെപ്പോക്കാണ്. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ പത്ത് റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്.

ഐ.പി.എല്ലില്‍ അവസാന പത്ത് ഇന്നിങ്സുകളില്‍ ഒരിക്കല്‍ പോലും പരാഗിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 9,19,10,4,15,7,20,7,5,15 എന്നിങ്ങനെയാണ് അവസാന പത്ത് ഇന്നിങ്സുകളില്‍ പരാഗിന്‍റെ സ്കോര്‍. പരാഗിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന മുറവിളികള്‍ വ്യാപകമായി ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പരാഗ് എത്ര ഫോമില്ലായ്മ നേരിട്ടാലും രാജസ്ഥാന്‍ എന്ത് കൊണ്ടാണ് താരത്തിന് സ്ഥിരമായി ടീമില്‍ ഇടം നല്‍കിക്കൊണ്ടിരിക്കുന്നത് എന്നത് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണ്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News