ഒന്ന് കുറച്ചു, 2026ൽ എത്തുക മൂന്ന് ഐഫോണുകൾ: പിന്നിൽ...
'ഫോൾഡിൽ' ആപ്പിൾ പണി തുടങ്ങിയിട്ട് നാളുകളേറയായി. ഇതുവരെയും എത്തിയിട്ടില്ല. എതിരാളികളാകട്ടെ ബഹുദൂരം മുന്നിലെത്തുകയും ചെയ്തു
ന്യൂയോർക്ക്: പതിവിൽ നിന്നും വിപരീതമായി 2026ൽ ഐഫോൺ എത്തുക മൂന്ന് മോഡലുകളിൽ. ഒരെണ്ണം ഒഴിവാകും. അത് ഐഫോൺ എയർ 2 ആയിരിക്കും. പുറത്തുവരുന്ന വാർത്തകളെ വിശ്വസിക്കുകയാണെങ്കിൽ ഐഫോൺ ഫോൾഡ്(മടക്കാവുന്ന മോഡൽ) ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് എന്നിവയായിരിക്കും മൂന്ന് മോഡലുകള്‍.
ബേസ് മോഡലിന് പകരം ഐഫോൺ ഫോൾഡ് എന്ന പുതിയവനാകും ഹൈലൈറ്റ്. പ്രതീക്ഷക്കൊത്തുയരാൻ എയർ 1 നായിരുന്നില്ല. അതിനാൽ എയർ 'എയറിലാകുകയും' ചെയ്തു. വാങ്ങാൻ ആളില്ലാത്തത് കൊണ്ട് പൂട്ടാനൊരുങ്ങുന്നു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. അതിനാൽ അടിമുടി മാറ്റി 'കുട്ടപ്പനായി' ഐഫോൺ എയർ 2 ആയി ഇറക്കാനാണ് ആപ്പിളിന്റെ പദ്ധതി. അത് എന്നാകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നില്ല. 2027ലേക്കാണ് കണ്ണ്.
ഫോൾഡ് മോഡലാകും 2026നെ വേറിട്ടതാക്കുക. ഫോൾഡിൽ ആപ്പിൾ പണി തുടങ്ങിയിട്ട് നാളുകളേറയായി. ഇതുവരെയും എത്തിയിട്ടില്ല. എതിരാളികളാകട്ടെ ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആപ്പിളിന്റെ ഫോൾഡ് അത് വേറെ ലെവലാകുമെന്നും ഒരു പടി എല്ലാവരും പിന്നിൽ നിൽക്കുമെന്നുമൊക്കെയാണ് ആപ്പിൾ ഫാൻസുകാർ പാടി നടക്കുന്നത്. 18 പ്രോയും പ്രോ മാക്‌സും മാറ്റങ്ങളോടെയാകും എത്തുക. ഹാർഡ് വെയറിൽ ആപ്പിൾ കൈവെക്കും.
അണ്ടർ ഡിസ്‌പ്ലെ ഫേസ് ഐഡി സംവിധാനമാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം. ഫോൾഡബിൾ മോഡലുകൾക്ക് ഈ സംവിധാനം ആവശ്യമായതിനാൽ ഏറക്കുറെ ഉറപ്പിക്കാം. എ20 ചിപ്പായിരിക്കും കരുത്തേകുക. ബാറ്ററി ശേഷി മെച്ചപ്പെടും. എഐ ഫീച്ചറുകള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും. അതേസമയം നിറത്തെപ്പറ്റിയുള്ള വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു. ഓറഞ്ച് നിറത്തിന് പകരം മറ്റു കളറുകളിലേക്ക് ആപ്പിൾ നീങ്ങുന്നുവെന്നായിരുന്നു അത്. ക്വാല്‍കോമിന്റെ ചിപ്പിന് പകരം സ്വന്തമായി നിര്‍മിച്ച സി2 മോഡം അവതരിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.