ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌: ശമ്പളം കൊടുക്കാനും പണമില്ല

ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വെച്ചുവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു

Update: 2023-12-06 14:11 GMT
Editor : banuisahak | By : Web Desk

Byju's

Advertising

പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്‌. സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് പിരീഡ് 15-60 ദിവസങ്ങളിൽ നിന്ന് 15-30 ദിവസമായാണ് കുറയ്ക്കുന്നത്. ലെവൽ 1 മുതൽ 3 വരെയുള്ള റോളുകൾക്ക് (എക്‌സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ ) 15 ദിവസമാണ് നോട്ടീസ് പിരീഡ്. ലെവൽ 4 മുതൽ മുകളിലേക്കുള്ള ജീവനക്കാരുടെ നോട്ടീസ് പിരീഡ് 30 ദിവസവുമാക്കി. നേരത്തെ ഇത് അറുപത് ദിവസമായിരുന്നു. 

ഇ മെയിലിലൂടെയാണ് വിവരം ജീവനക്കാരെ അറിയിച്ചത്. സെപ്റ്റംബറിൽ സിഇഒ അർജുൻ മോഹൻ നടത്തിയ പുനഃസംഘടനയെത്തുടർന്ന് 4500ലധികം ജോലികൾ കമ്പനിയിൽ വെട്ടിക്കുറച്ചിരുന്നു. ചെലവ് ചുരുക്കൽ ലക്ഷ്യമിട്ടാണ് നടപടി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലൈനിൽ ലേണിൽ 13,000-14,000 വരെ ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

ഇതിൽ ആയിരത്തിലധികം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുടങ്ങിക്കിടക്കുന്ന ശമ്പളം കൊടുത്തുതീർത്തെങ്കിലും ബൈജൂസിൽ സാമ്പത്തിക ഞെരുക്കം തുടരുകയാണ്. 

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബൈജൂസ്‌ . ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് കമ്പനി. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വെച്ചുവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്.

യു.എസ് ആസ്ഥാനമായുള്ള കുട്ടികളുടെ ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്‌ഫോം ഏകദേശം 400 മില്യൺ ഡോളറിന് വിൽക്കാനുള്ള ഒരുക്കവും ബൈജൂസ് നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇതുവരെ നല്‍കിയിട്ടില്ല. കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News