ഗൂഗിൾ ക്രോം യൂസറാണോ? ശ്രദ്ധിക്കണം, അല്ലേൽ ഹാക്ക് ചെയ്യപ്പെടും
ബ്രൗസറിലെ സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഉപയോക്താക്കൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കാർ നിര്‍ദേശിക്കുന്നു.
ന്യൂഡൽഹി: ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഗുരുതരമായ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്.
വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ആക്രമണത്തിനിരയാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(CERT-In) മുന്നറിയിപ്പ് നല്‍കുന്നത്.
ബ്രൗസറിലെ സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഉപയോക്താക്കൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കാർ നിര്‍ദേശിക്കുന്നു. CERT-Inന്റെ മുന്നറിയിപ്പ് പ്രകാരം, ഗൂഗിൾ ക്രോമിന്റെ പഴയ പതിപ്പുകളിൽ ഒന്നിലധികം പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പിഴവുകൾ ഹാക്കർമാർക്ക് ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനും സിസ്റ്റം തന്നെ തകർക്കാനും കഴിയുന്നതാണ്.
ഇതിന് മുന്‍പും CERT-ഇൻ, ഗൂഗിള്‍ ക്രോം ഉപഭോക്താക്കൾക്കായി അടിയന്തര ഉപദേശം പുറപ്പെടുവിച്ചിരുന്നു. ഇതിലൊക്കെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ എടുത്തുകാണിച്ചിരുന്നു.
ഗൂഗിൾ ക്രോമിൽ അപ്‌ഡേറ്റുകൾക്കായി പരിശോധിക്കേണ്ടത് ഇങ്ങനെ;
നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിൽ അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ക്രോം തുറന്ന് മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക. പുതിയ ടാബിൽ എത്തിക്കഴിഞ്ഞാൽ, ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ തയ്യാറായ എല്ലാ അപ്‌ഡേറ്റുകളും ബ്രൗസർ ഓട്ടോമാറ്റിക്കലി പ്രദർശിപ്പിക്കും.
ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. ചില സാഹചര്യങ്ങളിൽ, അപ്‌ഡേറ്റ് ലഭിക്കാൻ നിങ്ങൾക്ക് ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം.