ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ 'സബ്സ്ക്രിപ്ഷന്‍' ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

യു.എസിലും ഇന്ത്യയിലും ഇൻസ്റ്റാഗ്രാമിന്റെ ആപ്പിൾ ആപ്പ് സ്റ്റോർ ലിസ്റ്റിങിലാണ് പുതിയ ഫീച്ചര്‍ കാണിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ 'ടെക് ക്രഞ്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2021-11-10 10:45 GMT
Advertising

ഇൻസ്റ്റാഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരുമാന ലഭ്യതയ്ക്കായി പുതിയ ഫീച്ചർ വരുന്നു. ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാനുള്ള പുതിയ സബ്സ്ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. അതായത്, ഫീച്ചർ തെരഞ്ഞെടുക്കുന്ന ക്രിയേറ്റേഴ്സിന്റെ കണ്ടന്റ് കാണാൻ ഉപയോക്താക്കള്‍ പണം നൽകേണ്ടി വരും. യു.എസിലും ഇന്ത്യയിലും ഇൻസ്റ്റാഗ്രാമിന്റെ ആപ്പിൾ ആപ്പ് സ്റ്റോർ ലിസ്റ്റിങിലാണ് പുതിയ ഫീച്ചര്‍ കാണിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ 'ടെക് ക്രഞ്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ആപ്പിന്റെ ഇൻ ആപ്പ് പർച്ചേസ് വിഭാഗത്തിന് കീഴിലാണ് ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ സെക്ഷൻ കാണിക്കുന്നത്. പുതിയ ഫീച്ചറിന്റെ വിപുലമായ ലോഞ്ചിനെക്കുറിച്ചുള്ള സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും യു.എസിലും ഈ ഫീച്ചറിന് നൽകേണ്ട ഫീസും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിൽ 0.99 ഡോളർ (ഏകദേശം 73 രൂപ) മുതൽ 4.99 ഡോളർ (ഏകദേശം 360 രൂപ) വരെയാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിന് നൽകേണ്ടത്. പ്രതിമാസം 89 രൂപയാണ് ഇന്ത്യയിലെ സബ്സ്ക്രിപ്ഷൻ ചാർജ്.

സാധാരണ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഇൻഫ്ലൂവൻസേഴ്സിനും അവരുടെ ഉള്ളടക്കത്തിന് പണമീടാക്കാന്‍ ഇത് അവസരമൊരുക്കും. പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ യു.കെ ആപ്പ് സ്റ്റോറിലും ലിസ്റ്റ് ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പുതിയ ഫീച്ചര്‍ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News