ഐഎസ്‌ആർഒയുടെ ഉപഗ്രഹം വിക്ഷേപിക്കുക സ്‌പേസ് എക്‌സിന്റെ റോക്കറ്റിൽ; കരാറായി

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ജിസാറ്റ്‌-20 വിക്ഷേപിക്കുക

Update: 2024-01-04 12:17 GMT
Editor : banuisahak | By : Web Desk
Advertising

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) 4,700 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് -20 വിക്ഷേപിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്. ഉപഗ്രഹ സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പാകും ജിസാറ്റ് -20യിലൂടെ അടയാളപ്പെടുത്തുക. ഇതിനായി ഐഎസ്ആർഒ ഇലോൺ മാസ്കിന്റെ സ്വകാര്യ ബഹിരാകാശ-സംരംഭമായ സ്‌പേസ് എക്സുമായി സഹകരിച്ച് പ്രവർത്തിക്കും. ആദ്യമായാണ് ഐഎസ്ആർഒ സ്‌പേസ് എക്സിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. 

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ജിസാറ്റ്‌-20 വിക്ഷേപിക്കുക. ഇത് സംബന്ധിച്ച് സ്‌പേസ് എക്സുമായി ഐഎസ്ആർഒ കരാർ ഒപ്പിട്ടുകഴിഞ്ഞു. 2024 പകുതിയോടെ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഐഎസ്ആർഒയുടെ നിലവിലെ മുൻനിര റോക്കറ്റായ എൽവിഎം3ക്ക് കുറഞ്ഞത് നാല് ടൺ വഹിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ, ജിസാറ്റ്‌ 20യുടെ ഭാരം എൽവിഎമ്മിന്റെ ശേഷിയേക്കാൾ 700 കിലോഗ്രാം കൂടുതലാണ്. ജിയോ സ്റ്റേഷനറി ഓർബിറ്റിലേക്ക് എത്തിക്കാൻ ശേഷിയുള്ള റോക്കറ്റ് സ്വന്തമായി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഐഎസ്ആർഒ സ്‌പേസ് എക്സിനെ ആശ്രയിക്കുന്നത്.ഫാല്‍ക്കണ്‍-9 റോക്കറ്റിന് ജിയോ സ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 2010 മുതൽ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ച് ഇതുവരെ 296 തവണ വിക്ഷേപണങ്ങള്‍ നടന്നിട്ടുണ്ട്.

യൂറോപ്യന്‍ കമ്പനിയായ ഏരിയന്‍ സ്‌പേസിനെയാണ് നേരത്തെ ഇന്ത്യ വിക്ഷേപണങ്ങള്‍ക്കായി ആശ്രയിക്കാറുണ്ടായിരുന്നത്. എന്നാൽ, ഏരിയന്‍ സ്‌പേസിന്റെ ശക്തിയേറിയ വിക്ഷേപണ വാഹനമായ ഏരിയന്‍-5 2023 ജൂലായില്‍ സേവനം അവസാനിപ്പിച്ചിരുന്നു. സ്‌പേസ് എക്‌സുമായി സഹകരിക്കാൻ ഐഎസ്ആർഒയെ നയിച്ചത് ഈ കാരണം കൂടിയാണ്.

സ്‌പേസ് എക്സിന്റെ ഫാൽക്കാൻ 9 റോക്കറ്റ് ജിസാറ്റ് 20യെ ഭൂമിയിൽ നിന്ന് 37000 കി.മീ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഈ വർഷം ഏപ്രിലിനും ജൂണിനും ഇടയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണമെന്നാണ് എന്‍എസ്‌ഐഎല്‍ റിപ്പോർട്ട്.

ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്‌ 20യുടെ വിക്ഷേപണത്തിലൂടെ സാധ്യമാകും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News